ഏഴു നിലകൾ
ഒരു രാത്രി നീണ്ട ട്രെയിൻ യാത്രയ്ക്കു ശേഷം മാർച്ചുമാസത്തിലെ ഒരു പ്രഭാതത്തിൽ ജ്യൂസപ്പി കോർത്തെ പ്രശസ്തമായ ആ നഴ്സിംഗ് ഹോം നില്ക്കുന്ന പട്ടണത്തിൽ എത്തിച്ചേർന്നു. നേരിയ ഒരു പനിയുണ്ടായിരുന്നെങ്കിലും സ്റ്റേഷനിൽ നിന്ന് ആശുപത്രിയിലേക്കു നടക്കാം എന്ന് അയാൾ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു; ഒരു ചെറിയ ബാഗു മാത്രമേ കയ്യിലെടുക്കാനുള്ളു.
ജ്യൂസപ്പി കോർത്തെയുടെ രോഗം അങ്ങനെ കാര്യമായി പറയാനും മാത്രം ഒന്നുമുണ്ടായിരുന്നില്ലെങ്കിലും, അതതിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമായിരുന്നെങ്കിലും, പേരു കേട്ട ആ സാനിട്ടോറിയത്തിൽ പോകുന്നതാണു നല്ലതെന്ന് പലരും അയാളെ ഉപദേശിച്ചിരുന്നു; കാരണം, അയാളെ ബാധിച്ച ആ പ്രത്യേകരോഗത്തിനു മാത്രമേ അവിടെ ചികിത്സിച്ചിരുന്നുള്ളു. അതിനർത്ഥം ഡോക്ടർമാർ സവിശേഷവൈദഗ്ധ്യമാർജ്ജിച്ചവരും ഉപകരണങ്ങൾ വിശേഷിച്ചും അനുയോജ്യവും കാര്യക്ഷമവുമായിരിക്കും എന്നാണല്ലോ.
ദൂരെ നിന്നേ ഒരു നോട്ടം കിട്ടിയപ്പോൾത്തന്നെ-ഏതോ ഒരു ബ്രോഷറിൽ അയാൾ മുമ്പതിന്റെ പടം കണ്ടിരുന്നു- അയാൾക്കതു വളരെ ഇഷ്ടപ്പെട്ടു. കെട്ടിടത്തിനു വെളുപ്പുനിറമയിരുന്നു; ഏഴു നിലകൾ; അതിന്റെ പണിയാകട്ടെ, ഒരു ഹോട്ടലിനെ ഓർമ്മപ്പെടുത്തുന്നതുമായിരുന്നു. ചുറ്റും മരങ്ങൾ ഉയർന്നുനിന്നിരുന്നു.
അധികനേരമെടുക്കാത്ത ഒരു പരിശോധനയ്ക്കു ശേഷം – കൂടുതൽ കൃത്യവും പൂർണ്ണവുമായ ഒരു പരിശോധനയ്ക്കു മുമ്പുള്ള പ്രാരംഭനടപടി മാത്രമായിരുന്നു അത്- ജൂസപ്പി കോർത്തെയെ ഏറ്റവും മുകളിലത്തെ ഏഴാം നിലയിൽ, നല്ല വെട്ടവും വെളിച്ചവുമുള്ള ഒരു മുറിയിൽ അഡ് മിറ്റ് ചെയ്തു. ഫർണീച്ചറും കർട്ടനുകളും വാൾപേപ്പർ പോലെതന്നെ തെളിച്ചമുള്ളതായിരുന്നു. കസേരകൾ തടി കൊണ്ടുള്ളതായിരുന്നു; തലയിണയുറകൾ വിവിധ വർണ്ണങ്ങളുള്ളതായിരുന്നു; ജനാലയ്ക്കൽ നിന്നു പുറത്തേക്കു നോക്കിയാൽ നഗരത്തിന്റെ ഏറ്റവും മനോഹരമായ ഒരു ഭാഗത്തിന്റെ കാഴ്ച്ച കിട്ടുകയും ചെയ്തിരുന്നു. പ്രശാന്തത നിറഞ്ഞതും ആത്മവിശ്വാസം നല്കുന്നതുമായിരുന്നു സർവ്വതും. ജ്യൂസപ്പി കോർത്തെ നേരേ കട്ടിലിൽ ചെന്നുകിടന്ന് കൂടെക്കൊണ്ടുപോന്നിരുന്ന ഒരു പുസ്തകമെടുത്തു വായന തുടങ്ങി. അല്പനേരം കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്ന് എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് അന്വേഷിച്ചിട്ടു പോയി.
ജ്യൂസപ്പി കോർത്തെയ്ക്ക് ഒന്നും ആവശ്യമില്ലായിരുന്നു; എന്നാലും അയാൾ ആ ചെറുപ്പക്കാരിയുമായി സംസാരിക്കാൻ നിന്നു. ക്ലിനിക്കിനെക്കുറിച്ച് കൂടുതൽ അറിയാമല്ലോ. അങ്ങനെയാണ് രോഗത്തിന്റെ ഗൗരവം അനുസരിച്ച് രോഗികളെ വിവിധ നിലകളിൽ പാർപ്പിക്കുന്ന പ്രത്യേകരീതിയെക്കുറിച്ച് അയാൾ മനസ്സിലാക്കുന്നത്. ഏറ്റവും മുകളിലത്തെ ഏഴാം നിലയിൽ തീർത്തും നിസ്സാരമായ രോഗലക്ഷണങ്ങളുള്ളവരെ മാത്രമേ ചികിത്സിച്ചിരുന്നുള്ളു. രോഗം അത്ര ഗൗരവമുള്ളതല്ലെങ്കിലും അങ്ങനെയങ്ങവഗണിക്കാൻ പറ്റാത്തതായ രോഗികൾക്ക് ആറാം നിലയാണ് കൊടുത്തിരുന്നത്. അതിലും ഗുരുതരമായ സ്ഥിതിയിലുള്ളവർക്ക് അഞ്ചാം നില… അങ്ങനെയങ്ങനെ. മാരകമായ രോഗം ബാധിച്ചവരെ രണ്ടാം നിലയിലാണ് കിടത്തിയിരുന്നത്; ഒരു പ്രതീക്ഷയും വയ്ക്കേണ്ടാത്തവരെ ഒന്നാം നിലയിലും.
അനുപമമായ ഈ സംവിധാനം പരിചരണം എളുപ്പത്തിലാക്കി എന്നു മാത്രമല്ല, നിസ്സാരരോഗം മാത്രമുള്ള രോഗികൾക്ക് മരണാസന്നരായ രോഗികളുടെ പ്രാണസഞ്ചാരം കണ്ട് മനസ്സു കലങ്ങുന്ന അവസ്ഥ ഒഴിവാക്കാനും പറ്റി. ഓരോ നിലയ്ക്കും ഒരു ഐക്യരൂപം വരുത്താനും അതു സഹായമായി. തന്നെയുമല്ല, ഏറ്റവും സാദ്ധ്യമായ ഫലം കിട്ടുന്നതിനായി ചികിത്സയെ തരം തിരിക്കാനുമായി.
ഓരോ നിലയും സ്വയംപര്യാപ്തമായ ഒരു ലോകമായിരുന്നു; മറ്റു നിലകൾക്കു ബാധകമാകാത്ത നിയമങ്ങളും ആചാരങ്ങളുമായിരുന്നു ഓരോ നിലയ്ക്കും. ഓരോ വാർഡും ഓരോ ഡോക്ടർമാരുടെ ചുമതലയിലായിരുന്നതിനാൽ ചികിത്സാരീതികളിൽ സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ടായിരുന്നു, ചിലതൊക്കെ പേരിനു മാത്രമായിരുന്നെങ്കിലും.
നേഴ്സ് പോയിക്കഴിഞ്ഞപ്പോൾ തന്റെ പനിയും അപ്രത്യക്ഷമായതായി ജ്യൂസപ്പി കോർത്തെയ്ക്കു തോന്നി; അയാൾ ജനാലയ്ക്കടുത്തു ചെന്ന് പുറത്തേക്കു നോക്കി. പരന്നുകിടക്കുന്ന നഗരദൃശ്യത്തിൽ അയാൾക്കൊരു താല്പര്യവും തോന്നിയില്ല; താഴത്തെ നിലകളുടെ ജനാലകൾക്കുള്ളിലൂടെ മറ്റു രോഗികളെ കാണാൻ പറ്റുമോ എന്നാണ് അയാൾ നോക്കിയത്. വലിയ കമാനങ്ങളടങ്ങിയ കെട്ടിടത്തിന്റെ നിർമ്മാണം അങ്ങനെയൊരു നിരീക്ഷണത്തിനു സഹായകവുമായിരുന്നു. ജ്യൂസപ്പി കോർത്തെ തന്റെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിച്ചത് ഒന്നാം നിലയിലെ ജനാലകളിലാണ്; എത്രയോ അകലെയായി തോന്നിച്ച അവയെ ചരിഞ്ഞുനോക്കിയാലേ കാണാൻ പറ്റൂ എന്ന നിലയായിരുന്നു. എന്നാൽ താല്പര്യമുണർത്തുന്നതൊന്നും അവിടെ കണ്ടില്ല; നരച്ച നിറമുള്ള ലോഹഷട്ടറുകൾ മുഴുവനായി താഴ്ത്തി, കാറ്റു കടക്കാത്ത വിധം മുറുക്കിയടച്ചിരിക്കുകയായിരുന്നു മിക്ക ജനാലകളും.
തനിക്കു തൊട്ടടുത്തുള്ള ജനാലയിലൂടെ ഒരാൾ പുറത്തേക്കു നോക്കിനില്ക്കുന്നത് കോർത്തെ ശ്രദ്ധിച്ചു. രണ്ടു രോഗികളും സഹതാപത്തോടെ അന്യോന്യം കണ്ണയച്ചുവെങ്കിലും എങ്ങനെ മൗനം ഭേദിക്കണമെന്ന് അവർക്കു നിശ്ചയമില്ലായിരുന്നു. ഒടുവിൽ ജ്യൂസപ്പി കോർത്തെ ധൈര്യം സംഭരിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചു, “നിങ്ങളും ഇപ്പോൾ വന്നതേയുള്ളു?”
“അയ്യോ, അല്ല. ഞാൻ ഇവിടെ വന്നിട്ടു രണ്ടുമാസം കഴിഞ്ഞു.” അല്പനേരത്തേക്കയാൾ നിശ്ശബ്ദനായി; പിന്നെ, എങ്ങനെ സംഭാഷണം തുടരണമെന്നറിയാത്തപോലെ അയാൾ കൂട്ടിച്ചേർത്തു, “ഞാൻ എന്റെ സഹോദരനെ നോക്കുകയായിരുന്നു.”
“നിങ്ങളുടെ സഹോദരൻ?”
“അതെ,” അയാൾ വിശദീകരിച്ചു, “ഞങ്ങൾ ഒരുമിച്ചാണ് വന്നത്. എന്തു പറ്റിയെന്നറിയില്ല, ദിവസം ചെല്ലുന്തോറും അവന്റെ നില വഷളായിവരുന്നു. ഒന്നാലോചിച്ചുനോക്കിയേ, ഇപ്പോഴവൻ നാലാമത്തതിലായിക്കഴിഞ്ഞു.”
“നാലാമത്തെ എന്തിൽ?”
“നാലാമത്തെ നിലയിൽ,” ആ മനുഷ്യൻ വിശദീകരിച്ചു; അയാൾ ആ വാക്കുകളുച്ചരിച്ചതിലെ പേടിയും സങ്കടവും നിറഞ്ഞ ഭാവം കണ്ടപ്പോൾ ജ്യൂസപ്പി കോർത്തെ പേടിച്ചരണ്ടപോലെയായി.
“നാലാം നിലയിലെ രോഗങ്ങൾ അത്ര ഗുരുതരമാണോ?” കരുതലോടെ അയാൾ ചോദിച്ചു.
“ദൈവമേ,” സാവധാനം തലയാട്ടിക്കൊണ്ട് അയാൾ പറഞ്ഞു, “അവരുടെ കാര്യം വിഷമമാണെന്നല്ല, എന്നാലും വലിയ സന്തോഷത്തിനും അവകാശമില്ല.”
തങ്ങളെ ബാധിക്കാത്ത ദുരന്തങ്ങളെക്കുറിച്ച് മനസ്സിലാവാത്ത മട്ടിൽ തമാശരീതിയിൽ കേട്ടുകൊണ്ടിരിക്കുന്നവരെപ്പോലെ കോർത്തെ ചോദിച്ചു, “ഓഹോ, നാലാം നിലയിലുള്ളവർ അത്ര ഗുരുതരാവസ്ഥയിലാണെങ്കിൽ ഒന്നാം നിലയിൽ കിടത്തിയിരിക്കുന്നവരുടെ സ്ഥിതി എന്താണ്?”
“അതോ,” അയാൾ പറഞ്ഞു, “മരിക്കാൻ പോകുന്നവരാണ് ഒന്നാം നിലയിൽ. ഡോക്ടർമാർക്ക് ഒന്നും ചെയ്യാനില്ല. അവിടെ പണിയുള്ളത് പുരോഹിതനു മാത്രമാണ്. പിന്നെ തീർച്ചയായും…”
“പക്ഷേ ഒന്നാം നിലയിൽ ആരുമുള്ളതായി തോന്നുന്നില്ലല്ലോ. മിക്ക മുറികളും അടഞ്ഞുകിടക്കുകയാണ്,” ഒരു സ്ഥിരീകരണം പ്രതീക്ഷിച്ചിട്ടെന്നപോലെ ജ്യൂസപ്പി കോർത്തെ ഇടയ്ക്കുകയറിപ്പറഞ്ഞു.
“ഇപ്പോൾ ആരും തന്നെ ഇല്ല എന്നു പറയാം. എന്നാൽ ഇന്നു കാലത്ത് കുറേപ്പേരുണ്ടായിരുന്നു,” വിളറിയ ചിരിയോടെ മറ്റേയാൾ പറഞ്ഞു. “ഷട്ടർ താഴ്ത്തിയതായി കാണുന്നെങ്കിൽ ആ മുറിയിൽ ഒരാൾ മരിച്ചിട്ടുണ്ട് എന്നാണർത്ഥം. മറ്റു നിലകളിലെ ജനാലകളെല്ലാം തുറന്നുകിടക്കുന്നതല്ലേ കാണുന്നത്? ക്ഷമിക്കണേ,“ സാവധാനം പിന്നിലേക്കു മാറിക്കൊണ്ട് അയാൾ കൂട്ടിച്ചേർത്തു, ”തണുപ്പു തുടങ്ങിയെന്നു തോന്നുന്നു. ഞാൻ കിടക്കാൻ പോവുകയാണ്. നല്ലതു വരട്ടെ, നല്ലതു വരട്ടെ.“
അയാൾ ഉള്ളിലേക്കു മറഞ്ഞു; ഒന്നു ബലം കൊടുത്താണ് ജനാല അടച്ചത്. മുറിക്കുള്ളിൽ ലൈറ്റിടുന്നത് കോർത്തെ കണ്ടു. ഒന്നാം നിലയിലെ അടഞ്ഞുകിടക്കുന്ന ഷട്ടറുകളിലേക്കു തുറിച്ചുനോക്കിക്കൊണ്ട് അയാൾ നിശ്ചേഷ്ടനായി നിന്നു. മരിക്കുന്നതിനു മുമ്പ് രോഗികളെ അടച്ചിടുന്ന ഭയാനകമായ ആ ഒന്നാം നിലയിലെ നിഗൂഢമായ ശവസംസ്കാരങ്ങൾ മനസ്സിൽ കാണാൻ ശ്രമിക്കുകയായിരുന്നു അയാൾ. അതത്ര അകലെയാണെന്ന അറിവിൽ അയാൾക്കൊരു മനസ്സമാധാനം തോന്നി.
രാത്രിയുടെ നിഴലുകൾ നഗരത്തിനു മേൽ താഴ്ന്നിറങ്ങി. സാനിറ്റേറിയത്തിലെ ഒരായിരം ജനാലകൾ ഒന്നൊന്നായി പ്രകാശമാനമായി. ദൂരെ നിന്നു നോക്കിയാൽ വലിയൊരു കൊട്ടാരത്തിൽ വിരുന്നു നടക്കുകയാണെന്നു തോന്നിയേക്കാം. അങ്ങു താഴ്ച്ചയിലുള്ള ഒന്നാം നിലയിൽ മാത്രം ഡസൻ കണക്കിനു ജനാലകൾ അന്ധമായി, അന്ധകാരമയമായി അടഞ്ഞുകിടന്നു.
ജനറൽ ചെക്കപ്പിന്റെ ഫലം ജ്യൂസപ്പി കോർത്തെയ്ക്ക് ആത്മവിശ്വാസം നല്കുന്നതായിരുന്നു. ഏറ്റവും മോശമായതു പ്രതീക്ഷിക്കുക എന്നതാണയാളുടെ സ്വഭാവമെന്നതിനാൽ തന്നെ താഴത്തെ നിലയിലേക്കു മാറ്റാൻ ഡോക്ടർമാർ ശുപാർശ ചെയ്താൽ അയാൾക്കതിൽ ആശ്ചര്യം തോന്നുമായിരുന്നില്ല. വാസ്തവത്തിൽ അയാളുടെ ആരോഗ്യസ്ഥിതി വലിയ കുഴപ്പമില്ലാത്തതായിരുന്നെങ്കിലും പനി കുറയുന്ന മട്ടു കാണിച്ചിരുന്നുമില്ല. എന്നാൽ ഡോക്ടർ ഒരു പ്രശ്നവുമില്ലെന്നപോലെയാണ് സംസാരിച്ചത്. രോഗം മാറിയിട്ടില്ല, അയാൾ പറഞ്ഞു, എന്നാൽ കാര്യമാക്കാനും വേണ്ടിയൊന്നും ഇല്ലതാനും; രണ്ടോ മൂന്നോ ആഴ്ച്ച കഴിഞ്ഞാൽ ഒക്കെ ശരിയാകും.
“എനിക്കപ്പോൾ ഏഴാമത്തെ നിലയിൽത്തന്നെ കഴിഞ്ഞാൽ മതി?” ജ്യൂസപ്പി കോർത്തെ അപ്പോൾ ഉത്കണ്ഠയോടെ ചോദിച്ചു.
“പിന്നെന്താ!” സ്നേഹത്തോടെ അയാളുടെ തോളത്തു തട്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞു. “പിന്നെങ്ങോട്ടു പോകണമെന്നാണു തോന്നുന്നത്? നാലാം നില?” എത്ര യുക്തിഹീനമാണ് അങ്ങനെയൊരു ചിന്ത എന്നു സൂചിപ്പിക്കാനെന്നോണം ചിരിച്ചുകൊണ്ട് അയാൾ കൂട്ടിച്ചേർത്തു.
“നന്നായി, നന്നായി,” കോർത്തെ പറഞ്ഞു. “എന്തെങ്കിലും രോഗം വന്നാൽ ഏറ്റവും മോശമായതല്ലേ നമ്മൾ പ്രതീക്ഷിക്കൂ.”
എന്തായാലും ആദ്യം കൊടുത്ത മുറിയിൽത്തന്നെയാണ് അയാൾ കഴിഞ്ഞത്. എഴുന്നേറ്റു നടക്കാൻ അനുവാദം കിട്ടിയിരുന്ന ആ അപൂർവ്വാവസരങ്ങളിൽ അയാൾ തന്റെ കൂട്ടുരോഗികളിൽ ചിലരെ പോയി കാണുകയും ചെയ്തു. തന്റെ ചികിത്സാക്രമം അണുവിട തെറ്റാതെ അയാൾ പാലിച്ചു; കഴിയുന്നതും വേഗം രോഗം മാറാൻ തന്നാലാവുന്നതെല്ലാം അയാൾ ചെയ്തു; എന്നിട്ടും രോഗാവസ്ഥയിൽ വലിയ മാറ്റമൊന്നും കണ്ടതുമില്ല.
അങ്ങനെ ഒരു പത്തു ദിവസം കഴിഞ്ഞപ്പോഴാണ് ഹെഡ് നേഴ്സ് ജ്യൂസപ്പി കോർത്തെയെ കാണാൻ വരുന്നത്. തികച്ചും സൗഹാർദ്ദപൂർണ്ണമായ രീതിയിൽ ഒരു സഹായം ചോദിക്കാനാണ് അയാൾ വന്നത്: ഒരു സ്ത്രീ രണ്ടു കുട്ടികളുമായി അടുത്ത ദിവസം ആശുപത്രിയിൽ വരുന്നുണ്ട്; അയാളുടെ മുറിക്കു തൊട്ടടുത്തുള്ള രണ്ടു മുറികൾ അവർക്കായി മാറ്റിവച്ചിട്ടുണ്ട്; എന്നാൽ അവർക്ക് മൂന്നാമതൊന്നു കൂടി ആവശ്യമുണ്ടായിരുന്നു. ഇത്രതന്നെ സുഖപ്രദമായ മറ്റൊരു മുറിയിലേക്കു മാറാൻ മി. കോർത്തെ സമ്മതിക്കുമോ? തീർച്ചയായും ജ്യൂസപ്പി കോർത്തെയ്ക്ക് അതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഏതു മുറിയായാലും അയാൾക്കൊരുപോലെയാണ്. തനിക്കവിടെ കുറേക്കൂടി ദാക്ഷിണ്യമുള്ള ഒരു നേഴ്സിനെ കിട്ടിയെന്നും വരാമല്ലോ.
“ഹൃദയം നിറഞ്ഞ നന്ദി,” തലയൊന്നു കുമ്പിട്ടുകൊണ്ട് ഹെഡ് നേഴ്സ് പറഞ്ഞു. “താങ്കളുടെ ദയവും ഔദാര്യവും എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നു പറഞ്ഞുകൊള്ളട്ടെ. വിരോധമില്ലെങ്കിൽ ഒരു മണിക്കൂറിനുള്ളിൽത്തന്നെ മാറാനുള്ള നടപടികൾ ചെയ്യാം.” എന്നിട്ട്, ആശ്വസിപ്പിക്കുന്ന സ്വരത്തിൽ, തികച്ചും അഗണ്യമായ ഒരു വിശദാംശമാണ് പരാമർശിക്കുന്നതെന്നപോലെ അയാൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഒന്നുകൂടിയുണ്ട്, താഴത്തെ നിലയിലേക്കു പോകേണ്ടിവരും; ഭാഗ്യക്കേടിന് ഈ നിലയിൽ മുറിയൊന്നും ഒഴിവില്ല. ഇതുപക്ഷേ തല്ക്കാലത്തേക്കുള്ള ഒരേർപ്പാടു മാത്രമാണ്,” കോർത്തെ പെട്ടെന്നേഴുന്നേറ്റിരുന്ന് തന്റെ പ്രതിഷേധം അറിയിക്കാനായി വായ തുറക്കാൻ പോവുകയാണെന്നു കണ്ടപ്പോൾ അയാൾ ഉറപ്പു കൊടുത്തു. “ഇതു തല്ക്കാലത്തേക്കു മാത്രമാണ്. ഇവിടെ ഒരു മുറി ഒഴിവായാൽ- രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അതുണ്ടാവും എന്നാണെന്റെ വിശ്വാസം- താങ്കൾക്കിങ്ങോട്ടു പോരാം.”
“ഈ മാറ്റം,” താനൊരു പിഞ്ചുകുഞ്ഞൊന്നുമല്ല എന്നു കാണിക്കാനുദ്ദേശിച്ചുള്ള ഒരു പുഞ്ചിരിയോടെ ജ്യൂസപ്പി കോർത്തെ പറഞ്ഞു, “ഇതെനിക്കൊട്ടും പിടിക്കുന്നില്ല എന്നു സമ്മതിച്ചുകൊള്ളട്ടെ.”
“ഈ മാറ്റത്തിനു പക്ഷേ ചികിത്സാപരമായ കാരണങ്ങൾ ഒന്നുമില്ല. താങ്കൾ എന്താണർത്ഥമാക്കുന്നതെന്ന് എനിക്കു നന്നായി മനസ്സിലാകുന്നുണ്ട്. തന്റെ മക്കൾ അടുത്തു വേണം എന്ന ഒരു സ്ത്രീയുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നു എന്നതേ ഇവിടെ നടക്കുന്നുള്ളു. ദൈവത്തെയോർത്ത്,” മലർക്കെച്ചിരിച്ചുകൊണ്ട് അയാൾ കൂട്ടിച്ചേർത്തു, “മറ്റു കാരണങ്ങളുണ്ടെന്നു വിചാരിക്കരുതേ!”
“ഞാൻ മാറിത്തരാം,” ജ്യൂസപ്പി കോർത്തെ പറഞ്ഞു, “എന്തായാലും എനിക്കിതൊരു ദുശ്ശകുനമായിട്ടാണു തോന്നുന്നത്.”
അങ്ങനെ കോർത്തെ ആറാം നിലയിലേക്കു മാറി. ആ മാറ്റം തന്റെ ആരോഗ്യസ്ഥിതി മോശമായതുകൊണ്ടല്ല എന്ന കാര്യത്തിൽ അയാൾക്കുറപ്പുണ്ടായിരുന്നെങ്കിലും തനിക്കും ആരോഗ്യമുള്ള മനുഷ്യരുടെ സാധാരണലോകത്തിനുമിടയിൽ അനിഷേദ്ധ്യമായ ഒരു കടമ്പ ഉയർന്നുവന്നിരിക്കുന്നു എന്ന ചിന്ത അയാളുടെ സ്വസ്ഥത കെടുത്തി. ഏഴാമത്തെ നിലയിൽ, ആ തുടക്കത്തിൽ, മനുഷ്യസമൂഹവുമായി ഏതെങ്കിലും തരത്തിലുള്ള ഒരു സമ്പർക്കം സാദ്ധ്യമായിരുന്നു; സാമാന്യലോകത്തിന്റെ ഒരു വ്യാപനമാണ് അതെന്നുകൂടി പറയാമായിരുന്നു. എന്നാൽ ആറാമത്തെ നിലയിലെത്തുമ്പോൾ ആശുപത്രിയുടെ ശരിക്കുള്ള കാതലിലേക്കു നിങ്ങൾ കടന്നുകഴിഞ്ഞു; ഇവിടെ ഡോക്ടർമാർക്കും നേഴ്സുമാർക്കും രോഗികൾക്കും വ്യത്യസ്തമായ ഒരു മാനസികാവസ്ഥയാണ്. അത്ര ഗുരുതരമല്ലെങ്കിലും ശരിക്കും രോഗമുള്ളവരെയാണ് അവിടെ പ്രവേശിപ്പിക്കുന്നതെന്ന കാര്യം എല്ലാവർക്കും പറയാതെതന്നെ അറിയാം. മറ്റു രോഗികളോടും സ്റ്റാഫിനോടും ഡോക്ടർമാരോടുമുള്ള പ്രാരംഭസംഭാഷണങ്ങളിൽ നിന്നുതന്നെ ജ്യൂസപ്പി കോർത്തെയ്ക്കു ബോദ്ധ്യമായി, ഏഴാമത്തെ നില വെറുമൊരു തമാശയായിട്ടാണ് ആ വാർഡിലുള്ളവർ എടുത്തിരിക്കുന്നതെന്ന്; തങ്ങൾക്കു രോഗമാണെന്നു ഭാവിക്കുന്ന ഭാവനാരോഗികൾക്കു മാറ്റിവച്ചിരിക്കുന്ന ഒരിടം. ആറാം നിലയിൽ നിന്നേ ശരിക്കുമങ്ങോട്ടു തുടങ്ങുന്നുള്ളു.
എന്നാൽ ക്കൂടി, മുകൾനിലയിലേക്കു മടങ്ങാൻ, രോഗത്തിന്റെ സ്വഭാവം വച്ചുനോക്കിയാൽ അയാൾക്കു നിശ്ചയിക്കപ്പെട്ട ഇടത്തേക്കു മടങ്ങാൻ, തനിക്കു ചില തടസ്സങ്ങൾ നേരിടേണ്ടിവരുമെന്നുതന്നെ ജ്യൂസപ്പി കോർത്തെയ്ക്കു മനസ്സിലായി. ഏഴാം നിലയിലേക്കു മടങ്ങിപ്പോകാൻ സങ്കീർണ്ണമായ ചില കരുനീക്കങ്ങൾ നടത്തേണ്ടിവരും. അയാൾ വായ തുറന്നില്ലെങ്കിൽ ‘കപടരോഗി’കളുടെ ആ ഏഴാം നിലയിലേക്ക് അയാളെ തിരിച്ചയക്കുന്ന കാര്യം ആരും ചിന്തിക്കാൻകൂടി പോകുന്നില്ല.
അക്കാരണത്താൽ അയാൾ തീരുമാനമെടുത്തു, തന്റെ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ താനില്ലെന്ന്; ശീലത്തിന്റെ പ്രലോഭനങ്ങളിൽ വീഴാൻ താനില്ല. ചില ദിവസങ്ങൾ മാത്രമേ താൻ അവരോടൊപ്പം ഉണ്ടായിരിക്കുകയുള്ളു എന്നും ഒരു സ്ത്രീക്ക് ഉപകാരമായിക്കോട്ടെ എന്നു കരുതി താനാണ് കുറച്ചുദിവസത്തേക്ക് താഴത്തേക്കു പൊയ്ക്കൊള്ളാമെന്നു സമ്മതിച്ചതെന്നും മുറി ഒഴിവുണ്ടായാൽ അപ്പോൾത്തന്നെ താൻ മുകളിലത്തെ നിലയിലേക്കു മടങ്ങുമെന്നും തന്റെ കൂട്ടുരോഗികളെ ബോദ്ധ്യപ്പെടുത്താൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു. അവർ തലയാട്ടിയെങ്കിലും അവർക്കതിൽ ഒട്ടും വിശ്വാസം വന്നിട്ടില്ലെന്നു വ്യക്തമായിരുന്നു.
ജ്യൂസപ്പി കോർത്തെ മനസ്സിൽ കണ്ടതിനെ പൂർണ്ണമായി ശരിവയ്ക്കുന്നതായിരുന്നു പുതിയ ഡോക്ടറുടെ അഭിപ്രായം. ജ്യൂസപ്പി കോർത്തെയെ ഏഴാം നിലയിൽ കിടത്താനുള്ളതേയുള്ളു എന്ന് അയാളും സമ്മതിച്ചു. അയാളുടെ രോഗം തീർത്തും നിസാരമാണ്. അതിന്റെ പ്രാധാന്യം ഊന്നിപ്പറയാനായിരുന്നു ആ നീട്ടിയുള്ള ഉച്ചാരണം. എന്നാലും ആറാമത്തെ നിലയിൽ ചികിത്സിക്കുന്നതിലും, ആലോചിച്ചുനോക്കിയാൽ, വലിയ കുഴപ്പമൊന്നുമില്ല.
“ഏഴാം നിലയാണെന്റേതെന്ന് നിങ്ങൾ പറഞ്ഞതാണ്; എനിക്കങ്ങോട്ടു പോയാൽ മതി,” ഈ ഘട്ടത്തിൽ രോഗി ഇടപെട്ടു.
“അങ്ങനെയല്ലെന്നാരും പറഞ്ഞില്ലല്ലോ,” ഡോക്ടർ പറഞ്ഞു, “ഞാൻ ഈ ഉപദേശം തരുന്നത് വെറുമൊരു ഡോക്ടറായിട്ടല്ല, മറിച്ച് വിശ്വസിക്കാവുന്ന ഒരു സുഹൃത്തായിട്ടാണ്. നിങ്ങളുടെ രോഗം, ഞാൻ വീണ്ടും പറയുന്നു, ഒട്ടും കടുത്തതല്ല. നിങ്ങൾക്കൊരു രോഗവുമില്ലെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല! അതേ സമയം, എന്റെ അഭിപ്രായത്തിൽ, അതിന്റെ ഒരു വ്യാപനം കാരണം രോഗത്തിന്റെ സമാനരൂപങ്ങളിൽ നിന്ന് ചെറിയൊരു വ്യത്യാസവും അതിനുണ്ട്. ഞാനതു വിശദീകരിക്കാം: രോഗത്തിന്റെ തീവ്രത നിസ്സാരമാണ്; എന്നാൽ അതിന്റെ വ്യാപ്തി ഗണ്യവുമാണ്. നിങ്ങളുടെ കോശങ്ങളുടെ നശീകരണപ്രക്രിയ തുടങ്ങിയിട്ടേയുള്ളു. അതിനി തുടങ്ങിയിട്ടില്ലെന്നും പറയാം; എന്നാൽ ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ ഒരേസമയം പടരുന്നതിനുള്ള ഒരു പ്രവണത അതു കാണിക്കുന്നുണ്ട്; കാണിക്കുന്നുണ്ട് എന്നേ ഞാൻ പറയുന്നുള്ളു. അക്കാരണം കൊണ്ടു മാത്രം ഇവിടെ ഈ ആറാം നിലയിൽ കഴിയുന്നതാണ് നിങ്ങളുടെ രോഗം സുഖപ്പെടാൻ കൂടുതൽ നല്ലത് എന്നാണ് ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ അഭിപ്രായം; ചികിത്സാരീതി കൂടുതൽ തീവ്രവും കാര്യക്ഷമവുമാണ് ഇവിടെ.“ കോശങ്ങളുടെ നശീകരണപ്രക്രിയ- അശുഭസൂചകമായ ആ പ്രയോഗത്തിലടങ്ങിയ ഭീഷണത ഇതാദ്യമായി ജ്യൂസപ്പി കോർത്തെ ഉള്ളിലറിഞ്ഞു.
(തുടരും)വി. രവികുമാർ, 9446278252