പൊളിച്ചെഴുത്ത്
സിറ്റൗട്ടിലേക്ക് ചാഞ്ഞിറങ്ങിയ മാഞ്ചില്ലകൾ നിലാവിൽ മുങ്ങിക്കുളിച്ചു നിൽക്കയാണ് .
ഇളംകാറ്റിൽ ഈ മാഞ്ചില്ലകൾക്കെന്തേ ഇന്നിത്ര ഇളകിയാട്ടം?
ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? വിശ്വസിക്കാൻ വയ്യ
പാർവ്വതി കട്ടിലിൽ ചരിഞ്ഞുകിടന്നുറങ്ങുന്നു അതെ..ഇതവൾ തന്നെ .സ്വപ്നമല്ല,,,ജീവിതം!
പച്ചയായ ജീവിതം
പെട്ടെന്ന് അയാളുടെ ഉള്ളിൽ വേദനയുടെ ഒരു കൊളുത്ത് വലിഞ്ഞു മുറുകി. പത്തുവർഷം മുൻപേ അഗ്നിസാക്ഷിയായി താലികെട്ടിയ തന്റെ രാധിക. ഇന്നവൾ പരാശ്രയത്തിൽ ഒരു ജീവച്ഛവമായി ജീവിക്കാതെ ജീവിക്കുന്നു.
അയാൾ താഴെ രാധിക ഉറങ്ങുന്ന മുറിയിലേക്കിറങ്ങിച്ചെന്നു. അവൾ ഉറങ്ങുകയാണ് ഫാനിന്റെ ചെറുകാറ്റിൽ അവളുടെ മുടിയിഴകൾ സ്വർണനിറമുള്ള നെറ്റിയിൽ ചിത്രം വരക്കുന്നു. നെറ്റിയിലെ മുടിയിഴകൾ മടിയൊതുക്കിയതറിഞ്ഞു അവൻ കണ്ണ് തുറന്നു. തളർന്ന ശരീരം പതുക്കെ അനക്കാൻ ശ്രമിച്ചു, “എന്താ ഇങ്ങോട്ടുപോന്നത്? അവൾക്കെന്തുതോന്നും?”
“ഞാൻ നിന്നോടു തെറ്റ് ചെയ്തുവോ? എന്റെ മനസാക്ഷി എനിക്കുറക്കം തരുന്നില്ല ..സത്യത്തിൽ നീ വേദനിക്കുകയല്ലേ രാധീ ?” അയാൾ ചോദിച്ചു
“ഇല്ല ജയേട്ടാ..എന്റെ മനസ്സിന് സമാധാനം കിട്ടിയ രാത്രിയാണിന്ന്. എന്റെ ജയേട്ടനും ഞാനും സുരക്ഷിതരാണ്, ഇനിയുള്ള രാത്രികൾ ഞാൻ സമാധാനമായി ഉറങ്ങും. തെറ്റുചെയ്തത് വിധിയാണ്. നമ്മളോട് അസൂയയുള്ള വിധി. ആ വിധിയെ നമ്മൾ തോൽപ്പിച്ചു . ഇനിയാണ് നമ്മൾ ജീവിക്കാൻ പോണത്”
അവൾ അങ്ങിനെ പറഞ്ഞപ്പോൾ അയാൾക്കത്ഭുതം തോന്നി. ഇവളൊരു സ്ത്രീയോ? അതോ ദേവതയോ ?
അയാളുടെ മനസ്സിൽ അവളോട് അന്നോളം തോന്നാത്ത ആരാധനാഭാവമാണിപ്പോൾ അയാൾക്ക് തോന്നിയത്.
നെറ്റിയിലേക്ക് വീണ മുടിയിഴകൾ തഴുകിയപ്പോൾ അറിയാതെ അവൾ വീണ്ടും മയക്കത്തിലേക്ക് വീണു .വർഷങ്ങൾക്ക് മുൻപേ തൻറെ ഓഫീസിൽ പുതിയ നിയമനവുമായി വന്ന ഒരു തെറിച്ച പെണ്ണ്..രാധിക !. ഒരു കറുത്ത കൈനെറ്റിക്ഹോണ്ടയിൽ പറന്നുവന്നു, ഓഫീസിലേക്ക്. ഓഫീസ് വർക്കിന്റെ കൃത്യനിഷ്ഠകളൊന്നും പാലിക്കാതെ ഓഫീസ്‌ടൈമിനുമുൻപേ തന്റെ വണ്ടിയിൽ ചാടിക്കയറി അങ്ങുപോവും,
ആരോടും കൂട്ടില്ല ആരെയും ഗൗനിക്കാറുമില്ല.
ഓഫീസിലെ ആവറേജ് സുന്ദരിമാർക്കൊന്നും അവളെ പിടിച്ചില്ല.
“ആഹാ..!പെണ്ണ് ഇത്ര അഹങ്കാരിയോ ..? അവളെ ഒന്ന് ഒതുക്കണമല്ലോ..’ ആണുങ്ങൾ മുറുമുറുത്തു.
പെട്ടെന്നാണ് വിഷയം വീണുകിട്ടിയത്.. ഓഫീസിൽ ഓഡിറ്റിംഗ് നടക്കുന്നു. രാധികയെ ഏൽപ്പിച്ച ഒരു ഫയൽ കാണുന്നില്ല. തിരയാൻ ഇനി ബാക്കി സ്ഥലങ്ങളൊന്നുമില്ല.
താൻ ആ അവസരം മുതലെടുത്തു. രാധികക്കാണെങ്കിൽ ഒരു കൂസലുമില്ല.
“അറിയാത്ത ജോലികൾ സീനിയേഴ്സിനോട് ചോദിച്ചു ചെയ്യുക. തെറ്റുപറ്റിയാൽ സമ്മതിച്ചുകൊടുക്കുക..മര്യാദക്ക് ഫയൽ തിരഞ്ഞെടുക്ക” പഴയ വല്ല കെട്ടിലും കാണും. അല്ലാതെ എന്റെനേർക്ക് മീശപിരിച്ചുവരികയല്ല,.. ഞാനനുവദിച്ചുതരില്ല..” താൻ വിട്ടില്ല.
പറഞ്ഞുതീരും മുൻപേ ഒരു പൊട്ടിക്കരച്ചിലാണ് കേട്ടത്..അയാൾ അന്തം വിട്ടുപോയി .
എന്ത്? കറുമ്പിപെണ്ണ് ഇത്രവേഗം കൊമ്പുകുത്തിയോ ?..
അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയപ്പോഴാണ് കാണുന്നത് ..ചുവന്നുതുടുത്ത ചുണ്ടുകൾക്ക് മേലെ സാമാന്യം നന്നായിനീലനിറത്തിൽ രോമങ്ങൾ.വളർന്നുനിൽക്കുന്നു .എന്ന സത്യം!
അവളുടെ ഇരട്ടപ്പേര് മീശക്കാരിയാണെന്നായിരുന്നത്രെ!
മറ്റു സ്റ്റാഫ് ഇടപെട്ട് തല്ക്കാലം കാര്യങ്ങൾ രാജിയാക്കി.
ഒരാഴ്ചക്കാലം അവൾ ശാന്തമായിരുന്നു . അഹങ്കാരമൊന്നു ഒതുങ്ങിയപോലെ. അപ്പോൾ അവളോട് സഹതാപം തോന്നി.
അടുത്തദിവസം രാധിക ഓഫീസിനിൽനിന്നിറങ്ങിയപ്പോൾ പിന്നാലെ ഇറങ്ങി. ആളൊഴിഞ്ഞസ്ഥലത്തെത്തിയപ്പോൾ ബൈക്ക് ക്രോസ്സ് ചെയ്തിട്ടു.
“എന്താ ഇനിയും ഗുസ്തിക്ക് വരികയാണോ?’
“ഇല്ല..ഞാൻ തോറ്റുപോയി, മീശപ്രശ്നത്തിന് ഒരു മാപ്പുചോദിക്കണമെന്നു തോന്നി. എല്ലാവരുടെയും മുന്നിൽവെച്ച് ചോദിക്കുന്നത് എനിക്ക് മാനക്കേടല്ലേ ..അതാ ഒറ്റയ്ക്ക് കാണാമെന്ന് കരുതിയത് ..അയാം റിയലി സോറി ..മീശയുള്ളത് ഞാനറിഞ്ഞിരുന്നില്ല .മീശയുണ്ടെങ്കിലും രാധിക സുന്ദരിയാണ്..പ്രത്യേകിച്ചും ചുവന്ന ചുണ്ടകൾക്കുമേലെയുള്ള നീലരോമങ്ങൾ ..!’
ഏതുപെണ്ണുംവീണുപോകുന്ന നിമിഷങ്ങൾ..! ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിലുള്ള ദിവസങ്ങൾ പിന്നങ്ങോട്ട് . കൊമ്പുകോർക്കാൻ നിന്നവർതമ്മിൽ ഇഴപിരിച്ചെടുക്കാൻ കഴിയാത്ത വിധത്തിലുള്ള ഒരു ഹൃദയബന്ധത്തിനു ഊടുംപാവുമിടുകയായിരുന്നു
ഉയർന്ന ഡിഗ്രിയുള്ള ഉദോഗസ്ഥൻ. ജില്ലയിലെ മികച്ച സ്പോട് സ് താരം . അരുംകൊതിക്കുന്ന സൗന്ദര്യം. രാധിക അതിലൊതുങ്ങുകയായിരുന്നു.
‘ഇങ്ങനെ വിട്ടാൽ പോരാ വേഗം രണ്ടിനേം കൂട്ടിക്കെട്ടണം . അല്ലെങ്കിൽ പെണ്ണിനെ വേറെവല്ലോരും കൊണ്ടുപോവും’ ഓഫീസുലുള്ളവർക്ക് പൂർണ്ണസമ്മതം.
അങ്ങിനെ വലിയൊരൊഘോഷമായി വിവാഹം നടന്നു.
ആദ്യത്തെ കുഞ്ഞിന്റെ പിറവിയോടെയായിരുന്നു കഷ്ടകാലത്തിന് തുടക്കം . അമ്മയോ കുഞ്ഞോ എന്നഘട്ടത്തിലെത്തിയപ്പോൾ ചെയ്ത ഒരു ഓപ്പറേഷൻ .!
അത് രാധികയുടെ ശരീരം തളർത്തിക്കളഞ്ഞു.
നട്ടെല്ലിന് കാര്യമായ എന്തോ തകരാർ സംഭവിച്ചു. കുഞ്ഞിനെ കിട്ടിയില്ല..രാധികയുടെ അവസ്ഥ ഇങ്ങിനെയുമായി. അങ്ങിനെ നീണ്ടപത്തുവർഷം .
ഓഫീസ്‌ജോലിയും രാധികയെ ശുശ്രൂഷിക്കലും താൻ തളർന്നുപോയി. എല്ലാദിനചര്യകളും ചെയ്‌തുവെച്ചു ഓഫീസിൽ പോവും. അടുത്ത വീട്ടിലെ ഒരു വല്യമ്മ വീട്ടിൽ കാവലിരിക്കും . ഇതായിരുന്നു പിന്നീടങ്ങോട്ടുള്ള ജീവിതം
മറ്റൊരു വിവാഹത്തിന് രാധിക സമ്മതംകൊടുത്തെങ്കിലും വഴങ്ങിയില്ല.
ഓർക്കാപ്പുറത്താണ് ജീവിതത്തിൽ വീണ്ടും ഇങ്ങനെയൊരു പൊളിച്ചെഴുത്ത് സംഭവിക്കുന്നത്
ഒരു മാർച്ച്മാസം ഓവർടൈം എടുത്താലും തീരാത്ത ജോലിത്തിരക്ക് . ഉച്ചക്ക് എല്ലാവരും ഉണ്ടുകഴിഞ്ഞു.
സീറ്റിൽനിന്നെഴുനേൽക്കാൻ പറ്റിയില്ല. ചെയ്തുവെച്ചതങ്ങു തീർത്ത് ഉണ്ണാമെന്ന് കരുതി.
വിശന്ന് തളർന്ന് മൂന്നുമണിയോടയാണ് ഡൈനിംഗ് ടേബിളിൽ ചെന്നിരുന്നത് . ശക്തിയായി മുറുക്കിയടച്ചപാത്രം ബലംപ്രയോഗിച്ച് തുറന്നതും പാത്രംകയ്യിൽ നിന്നും നിലത്ത്തെറിച്ചുവീണതും ഒരുനിമിഷം കൊണ്ടായിരുന്നു.
നിലത്തുവീണപാത്രത്തിലെ അയാളുടെ ചോറ് ചിതറിത്തെറിച്ചുപോയി അപ്പോളാണ് പാർവ്വതി ഉണ്ണാൻ വരുന്നത് .
“അയ്യോ..ഇനിയെന്തുചെയ്യും…എന്റെ ചോറ് ഷെയർ ചെയ്യാം. ” പാർവതി
“എനിക്ക് പകുതിയായിട്ട് വേണ്ട ..മുഴുവൻ തരികയാണെങ്കിൽ ഉണ്ണാം ..എനിക്ക് വിശന്നിട്ട് കണ്ണുകാണുന്നില്ല .” .
“ശരി..എങ്കിൽ സാർ എൻറെ ചോറുണ്ടോളു ..എനിക്ക് രണ്ടുപഴം വാങ്ങിച്ചുതന്നാൽ മതി.”
വിശപ്പുഭ്രാന്തെടുത്ത താൻ
പാർവ്വതിയുടെ ചോറുണ്ടു . വളരെകാലങ്ങൾക്കുശേഷം കൈപുണ്യത്തോടെ ഉണ്ടാക്കിയ ഭക്ഷണം .
“ഞങ്ങൾ നല്ലനേരത്ത് ഒപ്പം ഉണ്ണാൻ വിളിച്ചപ്പോൾ വന്നില്ല ..ഇപ്പോളെന്തായി..പാർവതിയെ പട്ടിണിക്കിട്ടില്ലെ?’ ഓഫീസിലെ മറ്റ് സ്റ്റാഫുകൾ കളിപ്പിച്ചു.
“ഓ ..അതിനെന്താ ? ഞങ്ങൾ സ്ത്രീകൾക്കിതു പുത്തരിയല്ലെന്നറിയാലോ..?”പാർവതി പറഞ്ഞപ്പോൾ മറ്റു സ്ത്രീകൾ അത് ശരിവെച്ചു .
ഒരു ദിവസം പാർവതി പറഞ്ഞു അവൾ മാത്രം തന്റെ ഭാര്യയെ കണ്ടിട്ടില്ലായെന്ന്
അതിനെന്താ..നാളെ സാറ്റർഡേ..ഉച്ചക്ക് അൽപം നേരത്തെയിറങ്ങിയാൽ വീട്ടിൽ വന്ന് ഭാര്യയെക്കണ്ട് രാത്രിയാവുമ്പോളേക്കും തിരിച്ചു വീട്ടിലെത്താമെന്ന് പറഞ്ഞു
അങ്ങിനെയാണ് പാർവതി ആദ്യമായി വീട്ടിലെത്തുന്നത്..
പിറ്റേന്ന് പാർവതി തന്നോടൊപ്പം വീട്ടിൽ വന്നു.
കട്ടിലിൽ വാടിയതാമരത്തണ്ടുപോലെ തളർന്നുകിടക്കുന്ന രാധികയെക്കണ്ടു പർവ്വതിഅന്തംവിട്ടുനിന്നു .
അവൾ രാധികയെ താങ്ങിയിരുത്തി. രണ്ടുപേരും കൂടി വളരെപ്പെട്ടെന്നു സൗഹൃദം സ്ഥാപിച്ചെടുത്തു
നാലുമണിക്ക് പാർവതിയെ തിരിച്ചുകൊണ്ടുവിടാൻ നിൽക്കുമ്പോഴാണറിയുന്നത് തലേദിവസം വെട്ടേറ്റ രണ്ടുപാർട്ടിപ്രവർത്തകർ മരിച്ചുവെന്നും അതിന്റെ പേരിൽ പൂര്ണമായുംഗതാഗതം സ്‌തംഭിപ്പിച്ചിരിക്കുന്നുവെന്നും. കൂടുതൽ സംഘർഷങ്ങളുണ്ടാവാതിരിക്കാൻ പോലീസ് ജാഗ്രതയോടെ റോന്തുചുറ്റുന്നുണ്ട്.
വിവരങ്ങൾ പാർവതി വീട്ടിലേക്കുവിളിച്ചുപറഞ്ഞു ,
രാധികക്ക് ഏറെ സന്തോഷമായി
പാർവതി രാധികയെ നല്ല ചുടുവെള്ളത്തിൽ മേൽ കഴുകിച്ചു പൗഡർ ഇട്ടു സുന്ദരിയാക്കി . രാധികയുടെ തലമുടി ചീകി വൃത്തിയാക്കി തലയിലെ പേൻ ചീകിയെടുത്തു.
എല്ലാ കണ്ട് നിസ്സഹായനായി നോക്കി നിന്ന്. പാർവതിയുടെ നല്ല മനസ്സിനു മനസാ നന്ദി പറഞ്ഞു
വെയിലാറിയപ്പോൾ രാധികയെ വീൽചെയറിലിരുത്തി മുറ്റത്തും പോവാൻ പറ്റുന്നിടത്തുമെല്ലാം കൊണ്ടുനടന്നു . രാധികക്ക് ജീവിതത്തിൽ ഇത് വേറിട്ട അനുഭവമായിരുന്നു. വീട്ടിലും ഓഫീസിലും ജോലിയെടുത്ത് തളരുമ്പോൾ ഇതിനൊക്കെ എവിടെ നേരംകിട്ടുന്നു?
അപ്പോഴേക്കും കട്ടൻചായയുമായി കുശിനിക്കാരനെപ്പോലെ താൻ ചെന്ന് കൊച്ചമ്മമാർ ചായകുടിച്ചാട്ടെ എന്നുപറഞ്ഞപ്പോൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു…
തികച്ചും ഒരു അടുക്കളപ്പണിക്കാരന്റെ വേഷത്തിലായിരുന്ന തന്റെ രംഗപ്രവേശം .
ആ വീട്ടിൽ നഷ്ടപ്പെട്ട സന്തോഷത്തിൻറെയും ഐശ്വര്യത്തിൻറെയും തിരയിളക്കം ആദ്യമായി തൻ കാണുകയായിരുന്നു .
അന്ന് രാത്രി രാധിക ഉറങ്ങിയില്ല “നല്ല കുട്ടി… മഹാലക്ഷ്മി വന്നുകയറിയപോലെ..നമുക്ക് ഈ വീട്ടിലേക്ക് കിട്ടിയിരുന്നെങ്കിൽ..എനിക്കും ജയേട്ടനും താങ്ങായിരുന്നേനെ..” അവൾ പറഞ്ഞപ്പോൾ സത്യമാണെന്നു തോന്നി പക്ഷെ ആശിക്കാൻ പാടില്ലല്ലോ
പിറ്റേന്ന് പോവാൻ നേരമായപ്പോൾ രാധികയുടെ കണ്ണുനിറഞ്ഞു ‘ ഇനി നീ എന്നുവരും?..ഞാൻ ഈ കട്ടിലിൽ കാത്തുകിടക്കും ഈ സ്നേഹത്തിനുവേണ്ടി..” പാർവ്വതിയുടെ രണ്ടുകൈകളും ചേർത്തുപിടിച്ചപ്പോൾ താനും കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
ഒരു വല്ലാത്ത ചോദ്യമാണ് രാധിക പാർവതിയുടെ മനസിലേക്കെറിഞ്ഞു കൊടുത്തത് .
ആ ചോദ്യം തന്നെയാണ് പാർവതിയുടെ മനസിനെ ഇളക്കി മറിച്ചതും .
പിന്നെ ഈ സന്ദർശനം പതിവായി..
കാര്യങ്ങൾ മണത്തറിഞ്ഞ ഓഫീസിലെ സഹപ്രവർത്തകർ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു ജീവിതത്തിൽ കുടുംബത്തിൽ ഒരു നന്മയുടെ പൊൻ നിലാവ് കാണാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു
പാർവതിയുടെ വീട്ടുകാർ ആദ്യം എതിർത്തെങ്കിലും അവൾ ഇതൊരു തപസ്യയായി കാണുകയായിരുന്നു.
ഒടുവിൽ ഈ ത്യാഗത്തിനു ഒരു താലിച്ചരട് അത്യാവശ്യമാണെങ്കിൽ താനതിന് തയ്യാറാണെന്ന് പാർവതി പറഞ്ഞു .
അവളാണ് ഇന്ന് തന്റെ മുറിയിൽ തന്റെ കട്ടിലിൽ മനസ്സമാധനത്തോടെ ചെരിഞ്ഞുകിടന്നങ്ങുന്നത് ..