ആര്‍ട്ടിഫിഷ്യല്‍

ഈ കുട്ടി എന്താ വരാന്‍ വൈകുന്നത് ?
ഗേറ്റിനപ്പുറത്തെ ഇടവഴിയിലേക്ക് നോട്ടമയച്ച് ജാക്വിലിന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
പൂമഖത്തെ സോഫയിലേക്ക് നോക്കിക്കൊണ്ട് ഒച്ചയെടുത്തു
‘ഇത് അവളുടെ സ്‌കാര്‍ഫ് ആണല്ലോ ?
കണ്ടോ എബിച്ചാ, സോഫയുടെ മുകളിലാ ഇട്ടേക്കണത്. ഈ പെണ്‍കൊച്ചിന് ഒരു അടുക്കും ചിട്ടയും ഇല്ല ‘ .
‘എബിച്ചാ” അവള്‍ ശബ്ദം ഉയര്‍ത്തി”ആ പെണ്‍കൊച്ചിനെ വഷളാക്കുന്നത് ഇച്ചായനാ കേട്ടോ പറഞ്ഞില്ലെന്ന് വേണ്ട ഇങ്ങനെ അനങ്ങാപ്പാറ കണക്ക് ഇരുന്നോ. അവളിങ്ങ് വന്നോട്ടെ ഞാന്‍ കണക്കിന് കൊടുക്കുന്നുണ്ട് ‘ .
ജാക്വിലിന്‍ ഭര്‍ത്താവിനോടായി ശബ്ദമുയര്‍ത്തി പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി. വെട്ടിയൊതുക്കിയ ചെടികളെ കൈകളാല്‍ തലോടി കൊണ്ട് ഗേറ്റിനരികിലേക്ക് നീങ്ങി. ഗേറ്റില്‍ പിടിച്ച് റോഡിലേക്ക് എത്തിനോക്കി നിന്നു. അയഞ്ഞു കിടന്ന അവളുടെ സാരിയും മുടിയിഴകളും അവളുടെ അലസജീവിതം വിളിച്ചുപറഞ്ഞു.

അപ്പോഴേക്കും ഗേറ്റിനു മുകളിലായി ഒരാള്‍ പ്രത്യക്ഷപ്പെട്ടു.കണ്ടപാടെ ജാക്വി ലിന്റെ മുഖം വിടര്‍ന്നു.
‘ആഹാ ! നീയും പുറത്ത് ചാടാന്‍ ഒരുങ്ങുവാണോ അവളെപ്പോലെ … നാടും വീടും ആര്‍ക്കും വേണ്ടാതായിന്നാ നോന്നുന്നത്.
അടിഭാഗം മുഴുവനും വെളുത്ത് മഞ്ഞുപോലെ, വാലു മുതല്‍ തല വരെ മുകളിലുള്ള ഭാഗം മുഴുവനും കറുത്തതും ബ്രൗണ്‍ നിറത്തില്‍ വരച്ചുവച്ച ചിത്രം പോലെ മനോഹരമായവെള്ളയും ബ്രൗണ്‍ നിറത്തിലും ഉള്ള ചെറിയ കമ്പിളിപ്പുതപ്പ് കൂട്ടി വെച്ച പോലെ മിന്റു ചുരുണ്ട് കൂടിയിരുന്നു.
മിന്റുവിന്റെ ബ്രൗണ്‍ നിറമുള്ള വിടര്‍ന്ന കണ്ണുകള്‍ ജാക്വിലിന് നേരെ തുറിച്ചു നിന്നു .

‘ഇവരെന്തിനുള്ള പുറപ്പാടാണ്. കണക്ഷന്‍ പോയ കേസ്സ് ആണ് ‘ അവന്‍ മനസ്സില്‍ പറഞ്ഞു.
അവന് കേള്‍ക്കാന്‍ എന്നോണം ജാക്വലിന്‍ ആവര്‍ത്തിച്ചു
‘ആ ജെസ്സി ഇതുവരെ എത്തിയിട്ടില്ല. നേരം ഇത്രയും ആയില്ലേ .ചായകുടിയുടെ സമയം കഴിയാറായി സന്ധ്യാ പ്രാര്‍ത്ഥന ആയാലും ഇങ്ങ് എത്തുമോ ആവോ ?നീ ഒന്നു പോയി നോക്കിയിട്ട് വാ’ .
അവന്‍ ഒരു നല്ല മജീഷ്യന്‍ കയറിലൂടെ നടക്കുന്ന മാതിരി വാല് അന്തരീക്ഷത്തില്‍ ഉയര്‍ത്തിപ്പിടിച്ച്, നാല് കാലുകളുടെയും ചലനം സൂക്ഷ്മമായി വിന്യസിപ്പിച്ച് അടിവച്ച് അടി വെച്ച് ജാക്കിലിന്റെ അടുത്ത് എത്തി. ഉദരത്താല്‍ മുട്ടിയുരുമ്മി സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് മതിലിന് മുകളില്‍ കാലുകള്‍ പിണച്ചു വച്ച് അവളുടെ കയ്യോട് ചേര്‍ന്നിരുന്നു.
‘നീഅങ്ങോട്ട് മാറിയിരിക്ക്, ഞാന്‍ പറയുന്നത് വല്ലതും നീ കേള്‍ക്കുന്നുണ്ടോ ‘
‘ഉവ്വ് ‘എന്ന ഉത്തരം ശ്രുതി മധുര മ്യാവൂ ശബ്ദത്തിലൂടെ തിരിച്ചു നല്‍കി.
‘വഴിയില്‍ കാണുന്ന കാക്കയോടും പൂച്ചയോടും വരെ പിടിച്ചുനിര്‍ത്തി കാര്യം പറഞ്ഞിട്ടല്ലേ അവള്‍ വരൂ,എന്നല്ലേ നീ ഇപ്പോള്‍ പറഞ്ഞതിന് അര്‍ത്ഥം. ‘ അവന്റെ നീരസ മ്യാവൂ അത് സൂചിപ്പിച്ചു എന്ന് ജാക്വിലില്‍ തിരിച്ചറിഞ്ഞു.
‘നിനക്ക് അവളോട് ഒരു സ്‌നേഹവുമില്ല അല്ലേ ? അകത്ത് ഒരാള്‍ ഇരിക്കുന്നത് നീ കാണുന്നില്ലേ നീയും അതുപോലെ തന്നെ ‘ .
എബി പുറത്തേക്ക് വന്ന് ഒച്ചയെടുത്തു.
‘ജാക്വിലിന്‍,നീ ഇങ്ങു വന്നേ അവള്‍ ഇവിടെയുണ്ട് അവള് നിന്നെ പറ്റിച്ചതാ ‘ .
‘ങേ !എന്ത് അകത്തുണ്ടോ ‘ ?
‘ഉം– നീ അകത്തു പോയി നോക്ക് അവള്‍ അകത്തിരുന്ന് കീബോര്‍ഡ് പ്ലേ ചെയ്ത് രസിക്കുകയാണ് ‘.
എബി സര്‍ ഭാര്യയ വീടിനകത്തേക്ക് എത്തിക്കാന്‍ എടുത്ത അടവാണ് ഇതെന്ന് മീന്റുവിന് തോന്നി.
‘എടീ ജെസ്സി, നിന്നെ ഞാന്‍ വിളിച്ചിട്ട് നിനക്ക് കേട്ട് കൂടായിരുന്നോ ? ഉറക്കെ പറഞ്ഞു കൊണ്ട് വീടിനുള്ളിലേയ്ക്ക് കയറി. ജാക്വിലിന്‍ ജെസ്സിയുടെ റൂമിലേക്ക് ഇടിച്ചു കയറി ചെന്നു. പെട്ടെന്ന് സ്ഥലകാല ബോധം വീണ്ടെടുത്ത പോലെ നിന്നു . മുറിക്കുള്ളില്‍ നിറയെ ഇരുട്ടാണ്
ഓര്‍മ്മയുടെ മൂടല്‍ നീങ്ങി പോയ പോലെ അവള്‍ ചുവരില്‍ തപ്പി .
‘ഈ മുറിയിലെ സ്വിച്ച് എവിടെയാണ് ?
എബിച്ചാ, ഒന്ന് ഇട്ട് താ, എന്തൊരു ഓര്‍മ്മ കേടാ ഇത്
മുറിയിലെ സ്വിച്ച് ബോര്‍ഡ് പോലും താന്‍ മറന്നു പോയിരിക്കുന്നു. ഭ്രമാത്മകമായ തന്റെ ഓര്‍മ്മകളെ അവള്‍ പഴിച്ചു.
എബി വന്ന് സ്വിച്ച് ഇട്ടു.റൂമില്‍ വെളിച്ചം നിറഞ്ഞു .
അര നിമിഷം കൊണ്ട് കണ്ണുകളാല്‍ അവിടമാകെ പരതി. നിരാശ കണ്ണുകളെ മൂടി. കീ ബോര്‍ഡിന്റെ അരികിലെത്തി തെല്ലുനേരം ചലിക്കാനാവാതെ നിന്നു .
വീണ്ടെടുത്ത ഓര്‍മ്മകളില്‍ ചിലത് കാലത്തെയും അതിജീവിച്ച് തങ്ങിനില്‍ക്കുന്നു .ചില ഓര്‍മ്മകളുടെ കടന്നാക്രമണം തന്റെ എഴുപത്തിയെട്ടാം വയസ്സിലും ഉണ്ടാകുന്നതെറിഞ്ഞ് മിഴി കോണില്‍ കണ്ണീര്‍ ഉരുണ്ടുകൂടി .

‘ഇവര്‍ ഇവിടെ എന്തെടുക്കുവാ ?’
മിന്റു കീബോര്‍ഡിന്റെ സ്റ്റാന്‍ഡില്‍ വലിഞ്ഞു കയറി.
‘ കരയുവാണോ? ഇത് പതിവുളളതല്ലേ, ജെസ്സി ഉണ്ടായിരുന്നപ്പം താന്‍ ഇതുപോലെ ഇവിടെ വന്നിരിക്കുംഅവള്‍ കീബോര്‍ഡ് വായിക്കുന്നതിനോടൊപ്പം എന്നെയും പഠിപ്പിക്കാന്‍ ശ്രമിക്കും..
കീബോര്‍ഡിന്റെമുകളില്‍ ജെസിയുടേതു പോലെ നീല ഫ്രോക്കിട്ട് ഗോള്‍ഡന്‍ മുടിയുള്ള കണ്ണുചിമ്മി ചിരിക്കുന്ന പാവയും ജെസ്സിയുടെ അരികില്‍ ഉണ്ടാവും. തന്നോട് എന്നപോലെ അവളോടും ജെസ്സി സംസാരിക്കും. താന്‍ മ്യാവൂ ശബ്ദത്താല്‍ പ്രതികരിക്കുകയെങ്കിലും ചെയ്യും. ആ പാവക്കുട്ടി അവളോട് സംസാരിക്കുകയില്ല എന്നിട്ടും തന്നെക്കാള്‍ സ്‌നേഹം അതിനോട് ആണ് . എപ്പോഴും അത് കയ്യില്‍ ചേര്‍ത്തു പിടിച്ചിരിക്കും. മിന്റുവും ഓര്‍മ്മകളില്‍ അരുമയായവയെ ഓര്‍ത്തെടുത്ത് ജാക്വിലിനെ നോക്കി.
ജെസ്സിയുടെഓര്‍മ്മകളുടെ ശവകുടീരമാണ് ആ ശരീരം എന്ന് ഉള്ളില്‍ പറഞ്ഞു.
‘വിശക്കുന്നു ‘
മിന്റു മുരണ്ടു
ജെസ്സി ഉണ്ടായിരുന്നപ്പോള്‍ അവള്‍ ഇടയ്ക്കിടെ ഇങ്ങനെ ജാക്കിലിനോട് ആവശ്യപ്പെടാറുണ്ട്. എന്തെടുത്താലും ഒരു പങ്ക് തനിക്ക് കിട്ടുമായിരുന്നു. അവള്‍ പോയേ പിന്നെ നിരന്തരം വിശപ്പിനു വേണ്ടി യാചിക്കേണ്ടിവരുന്നു. ജാക്വിലിന്‍ തന്നെ ശ്രദ്ധിക്കുന്നേയില്ല.
ഹെലന്റെ അടുത്തേക്ക് പോകാം അവള്‍ക്കാണെങ്കില്‍ തന്റെ ഭാഷ വശവും ഇല്ല .
റോബോട്ടിക് സര്‍വെന്റ് ആണ് ഹെലന്‍.
അപ്പന്റെയും അമ്മയുടെയും പരിചരണത്തിനായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ജെസ്സി നിര്‍മ്മിച്ചതാണ് ഹെലനെ.
തന്റെ വീടിന്റെ വൈബ് അറിയുന്നവള്‍ എന്നാണ് ജെസ്സി ഹെലനെ കുറിച്ച് പറയുക.
ജെസ്സിയെ കുറിച്ചുള്ള ജാക്കിലിന്റെ അബോധാലാപനം തന്നെ പിന്തുടരുന്നുണ്ട് എന്ന് തോന്നി. തിരിഞ്ഞു നോക്കുമ്പോള്‍ സോഫയിലേക്ക് ചാഞ്ഞുകൊണ്ട് എബി സാറിന്റെ അരികില്‍ ഇരുപ്പുറപ്പിക്കുകയാണ് ജാക്വിലിന്‍.പരിതാപത്തിന്റെ ധ്വനിയല്ല നിസ്സംഗതയുടെ മൗനമാണ് ഇപ്പോള്‍ .
ജെസ്സിയുടെ ഓര്‍മ്മകളുടെ നിധി ശേഖരമാണ് എബിയും അധികം സംസാരിക്കാറില്ല മുഴുവന്‍ നരച്ച തലമുടി ഇടയ്ക്കിടെ ചൊറിഞ്ഞുകൊണ്ട് അലക്ഷ്യമാക്കുമ്പോള്‍ നിരങ്ങിയും ഇഴഞ്ഞും മുന്നോട്ടു പോകാനുള്ള തത്രപ്പാട് ആണെന്ന് തോന്നും എന്‍പതിന്റെ ശാരീരിക ജീര്‍ണ്ണത മനസ്സിനെ തെല്ലും ബാധിച്ചിട്ടില്ല എന്ന് നിരന്തരം വിമ്പ് പറയുന്നത് കേള്‍ക്കാം.
ഒട്ടുമിക്ക മലയാളിയെയും പോലെ ഗൃഹാതുരത എന്ന കെട്ടുപാടിലാണ് രണ്ടുപേരും .ജെസ്സി യോടൊപ്പം ഇവര്‍ക്കും പോയാല്‍ എന്താ സ്‌നേഹവും പരിഗണനയും ലഭിക്കാത്തതോ കൊടുക്കാന്‍ കഴിയാത്തതോ ഇതില്‍ ഏതാണാവോ ഇവരുടെ പ്രശ്‌നം.
ഹെലന്റെഅരികിലെത്തിയപ്പോള്‍ മിന്റു ആ സത്യം മനസ്സിലാക്കി അവള്‍ സ്വിച്ച് ഓഫ് ആണ് .വാലുയര്‍ത്തി ഉദരത്താല്‍ഹെലന്റെ കാലുകളില്‍ ഉരസി സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് മിന്റു അവിടെത്തന്നെ നിന്നു.
ഒരു മാറ്റവും ഇല്ല . യന്ത്രമല്ലേ ? സ്‌നേഹപ്രകടനത്തിന് എന്താ വില.നിരാശയോടെ തിരികെ നടന്നു.
സാറും മാഡവും ജെസ്സിയുടെ കൂടെ അമേരിക്കയ്ക്ക് പോയിരുന്നെങ്കില്‍ എനിക്കും അമേരിക്കയ്ക്ക് പോകാന്‍ ഒരു അവസരം കിട്ടിയേനെ. സേവയില്‍ നിന്നും എത്രയോ പേര്‍ക്ക് അതിന് അവസരം ഉണ്ടായി തനിക്ക് മാത്രം ഇതുവരെയും പോകാന്‍ കഴിഞ്ഞില്ലല്ലോ. ഈ വൃദ്ധ ദമ്പതികള്‍ക്ക് ഏകാന്തത ഒഴിവാക്കാന്‍ എന്നെയും വീട്ടില്‍ തളച്ചിട്ടേയ്ക്കുവാണ് . ഈ വീട്ടില്‍ പെട്ടുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

തന്റെഗേള്‍ഫ്രണ്ട്പീലി അപ്പുറത്തെ വീട്ടിലെ ഉടമസ്ഥയോടൊപ്പം ഇപ്പോള്‍ അമേരിക്കയില്‍ എവിടെയോ ആണ് . അമേരിക്കയില്‍ എത്തിയിരുന്നെങ്കില്‍ അവളെ കാണാന്‍ കഴിഞ്ഞേനെ . ജീവിതം ഒന്നേയുള്ളൂ അവളെ ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞെങ്കില്‍ —
തന്നെയും അവള്‍ ക്ഷണിച്ചതാണ്.
ആ വീട്ടിലെ ക്ലീനിങ് സ്റ്റാഫ് ലീനയും അമേരിക്കയെ കുറിച്ച് ഇടയ്ക്കിടെ പറയാറുണ്ട്. സേവാ സംഘടന വഴിയായി പെറ്റ്‌സിന് വിദേശത്ത് പോകാന്‍ നല്ല ചാന്‍ സാന്നാ അവള്‍ പറയാറ് . ഫ്‌ളൈറ്റില്‍ ഉള്ള യാത്ര ആലോചിച്ചിട്ട് രോമാഞ്ചം വരുന്നു. പാസ്‌പോര്‍ട്ട് എന്നേ റെഡിയാക്കി വച്ചേക്കുകയാ.വിസ കൂടി കിട്ടിയിരുന്നെങ്കില്‍ പോകാമായിരുന്നു.
കിനാവിലെ പുളകം ദേഹമാസകലം വാരിയിട്ടു മിന്റു. പീലിയുടെ രോമാവൃതമായ വെളുത്ത ഉടലും നീല കണ്ണുകളും തന്നെ മൂടുന്നതു സ്വപ്‌നം കണ്ടു. ജനലിലൂടെ പീലിയുടെ വീട്ടിലേക്ക് നോക്കി.
എബിയുടെശബ്ദമാണ് മിന്റുവിനെ കിനാവില്‍ നിന്നും ഉണര്‍ത്തിയത്.
‘അവള്‍ക്ക് അധികമായി നിന്നോട് എന്തു പറയാന്‍ കഴിയും ‘
‘ഞാനും അതാ എബീച്ചാ പറഞ്ഞത് .പരസ്പരം കൈമാറുന്ന വാക്കുകള്‍ കൊണ്ട് മാത്രം ജീവിക്കുന്ന ചിലരുണ്ട് ലോകത്തില്‍ . മിണ്ടാനും പറയാനും ആരും ഇല്ലാതായാല്‍ ജീവിതം മരണമല്ലേ ?’
‘എന്നിട്ട് നീയും ഞാനും മരിച്ചില്ലല്ലോ ‘ എബി ഒച്ചയെടുത്തു.
‘അതേ പരസ്പരം മനസ്സിലാക്കിയാലല്ലേ സ്‌നേഹിക്കാന്‍ കഴിയൂ’
‘ഹെലന് എല്ലാം അറിയാമല്ലോ ?’
‘അത് വെറും യന്ത്രമല്ലേ , ഒന്ന് കെട്ടിപിടിക്കാനും അരികെ കിടക്കാനും തലോടാനും ആവുമോ ? നമ്മുടെ മോള്‍ക്ക് പകരമാവുമോ ഈ റോബോട്ട്. അവളുടെ കൊഞ്ചല്‍ ഇപ്പോഴും ഈ ചെവിയിലുണ്ട്. എന്നിട്ടും …. അവള്‍ നമ്മളെ മനസ്സിലാക്കിയില്ലല്ലോ എബിച്ചായാ ? നമ്മള്‍ അവളെ കൊഞ്ചിച്ചല്ലേ വളര്‍ത്തിയത് അവള്‍ക്ക് ഇടയ്‌ക്കൊക്കെ നമ്മുടെ കൂടെ അല്പസമയം ചെലവഴിച്ചാല്‍ എന്താ ‘
‘കുടുംബം എന്ന ഫെവിക്കോള്‍ എലമെന്റ് തനിക്ക് ലൈഫ് ലോങ്ങ് കൊണ്ടുനടക്കാന്‍ കഴിയില്ല എന്നല്ലേ ജാക്കിലിന്‍, അവള്‍ പറയാറ്. അവള്‍ വര്‍ക്കഹോളിക് ആണ് കുടുംബവും കുട്ടികളും ജോലിയും നമ്മളും എല്ലാം ഒരേപോലെ കൊണ്ടുപോകുന്നത് തന്നെ വലിയ ടാസ്‌കാ നീ അതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ‘ എബി കൂട്ടിച്ചേര്‍ത്തു.
പീലി ഇരുവരുടെയും നടുവിലായി പതുപതുത്ത റെഡ് സോഫയിലേക്ക് കയറി കിടന്നു.
ഇരുവര്‍ക്കും പിന്നില്‍ ബൈബിളിനു മുന്നിലായി ഒരു ചെറു മെഴുകുതിരി എരിയുന്നുണ്ട്. അലസമായി അതും നോക്കി കിടക്കുമ്പോള്‍ കണ്ണില്‍ പീലിയോടുള്ള പ്രണയവും കത്തി അടങ്ങി കൊണ്ടിരുന്നു.
മാഡം പറയാറുള്ളത് ശരിയാണെന്ന് മിന്റുവിന് തോന്നി.പ്രണയം സ്‌നേഹം സൗഹൃദം ഇതൊക്കെ ഇന്ന് ദുഷിക്കപ്പെട്ടിരിക്കുന്നു .ഈ ലോകത്ത് നിന്ന് ആര്‍ദ്രമായതെല്ലാം മിന്നല്‍ വേഗത്തില്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നു.കാലത്തിനും സമൂഹത്തിനും വേണ്ടാത്ത ഒറ്റപ്പെട്ട ചില വൃദ്ധ ജന്മങ്ങള്‍ മാത്രം അവശേഷിക്ക പ്പെടുന്നു..
‘ എനിക്ക് ഫുഡ് സെര്‍വ് ചെയ്യാനായി മനുഷ്യ റോബോട്ട് ‘ ജാക്വിലിന്‍ പരിഹാസ പൂര്‍വം ചിരിച്ചു. സമീപത്തെ എല്ലാ വീട്ടിലും ഇതു തന്നെ സ്ഥിതി മനുഷ്യരില്ല. അവശേഷിക്കുന്ന മനുഷ്യര്‍ക്ക് കൂട്ടിന് ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് .ബുദ്ധി മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയോ ? ഈ പഴകിയ ശരീരത്തിനുള്ളില്‍ മനസ്സ് എന്നൊന്നില്ലേ അതോ അതും ഇല്ലാതായോ മൊബൈലും ടെക്‌നോളജിയും എല്ലാം വന്ന് മനുഷ്യരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും കവര്‍ന്നെടുത്തു. ഏകാന്തതയ്ക്കും കണ്ണുനീരിനും വൃദ്ധരുടെ ജീവിതത്തെ തീറെഴുതി .വീട് അടിച്ചുവാരാനും തറ തുടയ്ക്കാനും റോബോട്ടിക് വാക്വം ഫ്ളോർ ക്ലീനര്‍ ഉണ്ട് . അതും പോരാഞ്ഞ് ഒരു റോബോട്ടിക് സര്‍വെന്റ് കൂടി .’
ഇത്രയുമായപ്പോള്‍ എബി ഇടയ്ക്കു കയറി പറഞ്ഞു.
‘നിനക്ക് ഒരു കുറവും വരുത്താതിരിക്കാന്‍ അല്ലേ അവള്‍ ഇതൊക്കെ ചെയ്തത്. അവളും സുഹൃത്തുക്കളും എന്തോരം കഷ്ടപ്പെട്ടാ ഇത് നാട്ടില്‍ എത്തിച്ചത് .വെള്ളം, ആഹാരം, മരുന്ന് ഇവയെല്ലാം കൃത്യസമയത്ത് നിനക്ക് തരുന്നില്ലേ ?
അതൊന്ന് ഓഫ് ചെയ്തു വയ്ക്കു എബീ ….
അത് ഓഫ് ആയി ഇരിക്കുകയാണ്.
വണ്ടിന്റെ മുരള്‍ച്ച പോലെ ആ മെഷീന്റെ സൗണ്ട് സദാ .. ഉറങ്ങുമ്പോള്‍ പോലും ഞാന്‍ കേള്‍ക്കുന്നു.
‘നീ അതിനെ അംഗീകരിക്കണം ജാക്വിലിന്‍, ഓപ്പറേഷന്‍ ചെയ്യാനും തിരക്കുള്ള റോഡില്‍ ഡ്രൈവ് ചെയ്യാനും കഴിയുമെങ്കില്‍ നിന്നെ സഹായിക്കാനും സ്‌നേഹിക്കാനും അതിനു കഴിയും.ഞാന്‍ പോയാലും നിനക്കൊരു കൂട്ടായി അത് ഉണ്ടാവും. ‘
‘ഞാനോ നീയോ ആര്‍ക്കറിയാം, ഇവിടെനിന്ന് പോയാ മതിയായിരുന്നു ഒന്നും കാണുകയും കേള്‍ക്കുകയും വേണ്ടല്ലോ” ജാക്വിലിന്‍ രോഷാകുലയായി പറഞ്ഞു.
എബി അകത്തേക്ക് പോയി മെഷീന്‍ ഓണ്‍ ചെയ്തു ചായയ്ക്ക് ഓര്‍ഡര്‍ കൊടുത്തു.
എബി അരികില്‍ നിന്ന് മറഞ്ഞതും ജാക്വിലിന്‍ ഒച്ചയെടുത്തു.
‘ജെസ്സി നീയിതെവിടെയാ ?’
ഓര്‍മ്മകളുടെ വളവുകളും തിരിവുകളും ജാക്വിലിന് അപരിചിതമായി തീര്‍ന്നിരിക്കുന്നു. മറ്റുള്ളവര്‍ക്ക് അരോചകമാണോ എന്നൊന്നും അവള്‍ ആലോചിക്കുന്നേയില്ല.
ഹെലന്‍ അടുത്ത് വരുന്ന ഒച്ചകേട്ട് ജാക്വിലിന്‍ തിളക്കമറ്റ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി…
ജെസ്സി തന്നെ കളിയാക്കുന്നതുപോലെ അവള്‍ക്കു തോന്നി തന്റെ കണ്ണീരും സ്വപ്‌നങ്ങളും ഇടകലര്‍ന്ന ആത്മാര്‍ത്ഥമായ സ്‌നേഹത്തിന് ജെസ്സി തിരികെ തന്ന സമ്മാനം.തന്റെ സകലവിധ ആനന്ദനുഭൂതികളെയും ഇല്ലാതാക്കുന്ന യന്ത്ര സ്‌നേഹം .
‘ചായ’ചായ ചായ ‘
നിശബ്ദത തളം കെട്ടിനില്‍ക്കുന്ന വീടിന്റെ അകത്തളത്തില്‍ ഹെലന്റെ മുരളിച്ച മുഴങ്ങി കേട്ടു..
പ്ലീസ് …. എബി ഇതൊന്നു ഓഫ് ചെയ്തു വയ്ക്കൂ. അതിന്റെ മെഷീന്റെ സൗണ്ട് എനിക്ക് തലവേദന ഉണ്ടാക്കുന്നു.വെറുപ്പ് കലര്‍ന്ന ഭാവത്തില്‍ ജാക്വിലിന്‍ ഇരുന്നു.
‘അമ്മ എന്താണ് ഇങ്ങനെ പറയുന്നത്.ചിട്ടയോടെ തന്നെ വീട്ടിലെ ജോലി ഞാന്‍ ചെയ്യുന്നില്ലേ എന്തിനാണ് എപ്പോഴും കുറ്റം പറയുന്നത്. ‘
‘നിന്റെ സെന്റിമെന്റ്‌സ് ഈയിടെ വല്ലാതെ കൂടുന്നുണ്ട് ‘
തിരിഞ്ഞ്,എബിയോടായി പറഞ്ഞു.
‘എബി ….നീ അവളെ ഓഫ് ചെയ്‌തേക്ക് ‘
‘വേണ്ട ഡാഡി, കുടുംബം എനിക്ക് ഇഷ്ടമാണ്. അമ്മ പറയുന്നതുപോലെ ഞാന്‍ ചെയ്യാം. എന്താണ് വേണ്ടത് പറയൂ ‘
നിന്റെ സെന്‍സിറ്റിവിറ്റി സിസ്റ്റം കൂടുതല്‍ വര്‍ക്ക് ചെയ്യിക്കേണ്ട നിന്റെ സെന്റിമെന്‍സ് അതെനിക്ക് ഉള്‍ക്കൊള്ളാന്‍ ആവില്ല .ഞാന്‍ നിന്നെ കുറ്റം പറയുകയല്ല;ശബ്ദം ഇടറിക്കൊണ്ട് ജാക്വിലിൻ പറഞ്ഞു.
കൃത്യം ഏഴു മണി. ക്ലോക്ക് ശബ്ദിച്ചു.

സന്ധ്യാ പ്രാര്‍ത്ഥന, സന്ധ്യാ പ്രാര്‍ത്ഥന, സന്ധ്യാ പ്രാര്‍ത്ഥന.മൂന്നുവട്ടം ഹെലന്‍ ഉരുവിട്ടു.
എബി എണീറ്റ് രൂപ കൂടിന് അടുത്തേക്ക് ചെന്നു. മെഴുകുതിരി കൊളുത്തി പ്രാര്‍ത്ഥന പുസ്തകം കൈയിലെടുത്തു.
ഹെലന്‍ കൊന്ത ചൊല്ലി കൊണ്ട്, ജാക്വിലിന്‍ നിവര്‍ന്നിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊന്ത അവളുടെ കയ്യില്‍ പിടിപ്പിച്ചു. ഭക്തി സാന്ദ്രമായ അവളുടെ ജപമാലാര്‍പ്പണത്തില്‍ എബി മകളുടെ പ്രോഗ്രാമിംഗ് സ്‌കില്ലിനെ ഓര്‍ത്ത് അഭിമാനിച്ചു.
കത്തുന്ന മെഴുകുതിരിയുടെ മങ്ങിയ വെട്ടത്തില്‍ എബി ജാക്വലിനെ നോക്കി. ഓര്‍മ്മയുടെ ചെറിയ അറകളിലേക്ക് അവള്‍ തിരികെ പോയിരിക്കുന്നു. പ്രാര്‍ത്ഥനകള്‍ പലതും ഓര്‍മ്മകളില്‍ മാഞ്ഞു തുടങ്ങിയിരിക്കുന്നു എന്നു തോന്നി. ചുണ്ടില്‍ നേര്‍ത്ത ഒരു ചിരിയുടെ ലാഞ്ചന മാത്രം
ഒരേ താളത്തിലും ഈണത്തിലും ഹെലന്റെ പ്രാര്‍ത്ഥനയുടെ അടരുകള്‍ പൊഴിഞ്ഞു കൊണ്ടിരുന്നു
പകുതി മുറിഞ്ഞ പ്രാര്‍ത്ഥനയില്‍ ജാക്വിലിന്‍ ഉറക്കത്തിലേക്ക് വഴുതിവീണു എന്ന് എബിയ്ക്ക് തോന്നി.
അപ്പോഴാണ് ഇടംകൈയിലെ പാവക്കുട്ടിയെ എബി ശ്രദ്ധിച്ചത്
ഓ! റൂമില്‍ കീബോര്‍ഡിന് മുകളില്‍ ഉണ്ടായിരുന്ന പാവ !
അനിയതമായ ജീവിതത്തില്‍ താന്‍ ഇതെല്ലാം മറന്നു. അവളെ പരിഗണിക്കാതെ പോയ വര്‍ഷങ്ങള്‍ . പരിഭവങ്ങള്‍ ഇല്ലാതെ പ്രാര്‍ത്ഥനയോടെ ഈ വീടിനുള്ളില്‍ ഒതുങ്ങിയ ജീവിതം ജെസ്സിയുടെ ചെറിയ ചെറിയ സന്തോഷങ്ങളില്‍ മതിമറന്നും നേട്ടങ്ങളില്‍ ഊറ്റംകൊണ്ടും ഒടുവില്‍ അവളുടെ വേര്‍പാടില്‍ ദുര്‍ബലമായി പോയ മനസ്സും ആണ് അവളുടേത്.
കുറ്റപ്പെടുത്തിയും ഒച്ചയെടുത്തും താന്‍ പിന്‍ തള്ളിയ നിറം മങ്ങിയ ജീവിതം . നൃത്തത്തില്‍ അതീവ താല്പര്യമുണ്ടായിരുന്ന അവള്‍ക്ക് ജെസ്സിയെ നൃത്തവും പാട്ടും അഭ്യസിപ്പിക്കണം എന്നുണ്ടായിരുന്നു
താനാണ് അത് തടഞ്ഞത് പഠനത്തില്‍ മാത്രം ശ്രദ്ധ മതി കരിയര്‍ ആണ് മെയിന്‍ എന്ന് ശഠിച്ചു.ജെസ്സിയും യാന്ത്രികമായി പഠിച്ചു. ഒടുവില്‍ യന്ത്ര ലോകത്തായി ജീവിതവും.
ജെസ്സി വിദേശത്തേക്ക്‌പോയതോടെ തീര്‍ത്തും ഒറ്റപ്പെട്ട് പിറുപിറുത്തു കൊണ്ട് ഓര്‍മ്മകളുടെ ഉടഞ്ഞുപോയ കുപ്പി വളകള്‍ പെറുക്കി കൂട്ടി ഈ വീടിന്റെ മുക്കിലും മൂലയിലും ജാക്വിലിന്‍ യാന്ത്രികമായി സഞ്ചരിച്ചു തുടങ്ങി.
താനാവുംജാക്വിലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടവും ദൗര്‍ഭാഗ്യവും ! എബിക്ക് കുറ്റബോധം തോന്നി
ജാക്വിലിന്റെ കൈത്തണ്ടയിലെ കൊന്തയിലെ പിടി അയഞ്ഞുവരുന്നത് അപ്പോഴാണ് എബിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കൈകാലുകള്‍ നീണ്ടുനിവരുന്നതുപോലെ തോന്നി.
ഒരു ഇടിമിന്നല്‍ പോലെ ഭയപ്പെടുത്തുന്ന സത്യം എബിയുടെ നെഞ്ചിലാളി കത്തി.ഹൃദയം പൊട്ടിച് ചിതറുന്നതുപോലെ തോന്നി. ഭയചകിതനായി അയാള്‍.
ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശരീരത്തിന് വല്ലാത്ത ഭാരം അനുഭവപ്പെട്ടു. ഏകാന്തതയുടെ ഭയപ്പെടുത്തുന്ന നീണ്ട ദിനരാത്രങ്ങളുടെ കയത്തിലേക്ക് അമരുന്ന അയാള്‍ ഒരു മൃഗത്തെപ്പോലെ മുരണ്ടു. ആര്‍ദ്രമായ ഒരു രോദനം ഉള്ളില്‍ അലയടിച്ചു ഉയര്‍ന്നു. എന്താണ് സംഭവിക്കുന്നത് എന്ന് അയാള്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു. അയാളിലെആര്‍ദ്രതയുടെ , സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ ഉള്‍ത്തുടുപ്പുകള്‍ അണയുന്നത് അയാള്‍ അറിഞ്ഞു. തനിക്ക് ചുറ്റും അപരിചിതമായ ഒരു പുതിയ ലോകം നാമ്പെടുക്കുന്നു എന്ന അറിവ് അയാളെ തളര്‍ത്തി.
ജാക്വിലിനുമായുള്ള വാദപ്രതിവാദങ്ങളിലൂടെ താന്‍ നിരന്തരം രക്ഷപ്പെടാന്‍ ആഗ്രഹിച്ച വാസ്തവികതയ്ക്ക് വിധേയനാകേണ്ട കാലം ഇതാ വന്നുചേര്‍ന്നിരിക്കുന്നു. സ്വയം പൊരുത്തപ്പെടാനോ ഒഴിവാക്കാനോ ആവാത്ത യാന്ത്രിക ജീവിതം ജാക്വിലിന്റെ ഓര്‍മ്മകള്‍ എടുത്ത യന്ത്രകാലം .സ്വയം അതിന് വഴങ്ങുക തന്നെ !
അയാള്‍ ആയാസപ്പെട്ട് സോഫയില്‍ നിന്നും എഴുന്നേറ്റു. ജാക്വിലിന്റെ അടുത്തേക്ക് നീങ്ങി.
അരികിലിരുന്ന് പരിഭ്രമത്തോടെ അവളെ പിടിച്ചു.മറന്നുപോയ ഏതോ ഒരു കാര്യം പറയാന്‍ എന്നോണം അവള്‍ അയാളുടെ മാറിലേക്ക് ചാഞ്ഞു. നനുത്ത ഓര്‍മ്മകളില്‍ നിപതിച്ചു പോയ അവളുടെ ചുണ്ടില്‍ അനുകമ്പാര്‍ദ്രമായ ഒരു ചിരി അപ്പോഴും തങ്ങിനില്‍പ്പുണ്ടായിരുന്നു. യന്ത്രങ്ങള്‍ക്ക് സ്വമേധയാ കീഴടങ്ങിയ നവകാലത്തോടുള്ള സഹതാപം പോലെ ….

Author

Scroll to top
Close
Browse Categories