കേരളത്തിന് ഏഴാം
സന്തോഷ് ട്രോഫി കിരീടം
സ്വന്തം മണ്ണില്‍ 29 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം ഉയര്‍ത്തിയ ആവേശത്തിരമാലകള്‍ അടങ്ങുന്നില്ല. ഇരു ടീമും ഗോളടിക്കാതെ കളി എക്സ്ട്രാ ടൈമിലേക്ക് മാറിയപ്പോള്‍ ബംഗാള്‍ നേടിയ ഗോളിന് മറുപടിയായി പി.എന്‍. നൗഫലിന്റെ ക്രോസില്‍ മുഹമ്മദ് സഫ്നാദ് അടിച്ച ചരിത്രം കുറിച്ച ഗോൾ പകർന്ന ആവേശം. തുടര്‍ന്ന് വന്ന ഷൂട്ടൗട്ടില്‍ കേരളമെടുത്ത പെനാല്‍റ്റികള്‍. ഐ.എം. വിജയന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ”ഇത്രയും സമ്മര്‍ദ്ദമുള്ള ഘട്ടത്തില്‍ എത്ര കൂളായി പെനാല്റ്റിയെടുത്തു”
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനു പെനാല്‍റ്റി ഷൂട്ടൗട്ട് ജയിക്കാന്‍ കഴിയാതെ പോയിടത്തു നിന്നാണ് മലയാളികള്‍ക്ക് ഈ കിരീട സന്തോഷം.
എക്സ്ട്രാ ടൈമില്‍ 1-1 സമനിലക്ക് ശേഷം ഷൂട്ടൗട്ടില്‍ 5-4 വിജയം. തിരൂര്‍ സ്വദേശിയായ ജിജോ ജോസഫ് നയിച്ച ടീം മലയാളികള്‍ക്ക് അഭിമാനമായി.
മിഥുന് വീണ്ടും,
ഒടുവില്‍ ഒരു മാറ്റം
കേരളത്തിന്റെ ഗോള്‍ കീപ്പര്‍ വി. മിഥുന് ഇത് രണ്ടാം സന്തോഷ് ട്രോഫി കിരീടമാണ്. 2018ല്‍ രാഹുല്‍ വി. രാജിന്റെ നേതൃത്വത്തില്‍ ബംഗാളിനെ തകര്‍ത്ത് കേരള കപ്പ് ഉയര്‍ത്തിയപ്പോള്‍ ഗോള്‍ വലയം കാത്തത് മിഥുനായിരുന്നു. അന്ന് പെനാല്‍റ്റി തടുത്തിട്ടാണ് മിഥുന് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്.
എന്നാല്‍ ഇത്തവണ മഞ്ചേരിയില്‍ ഷൂട്ടൗട്ടിനിടെ കേരളം ഗോളിയെ മാറ്റി. അവസാനത്തെ രണ്ട് പെനാല്‍റ്റികള്‍ക്ക് എസ്. അജ്മൽ ആയിരുന്നു ഗോള്‍കീപ്പര്‍. എന്തിനായിരുന്നു ഈ മാറ്റം. കോച്ച് ബിനോ ജോര്‍ജ്ജ് പറയുന്നു. ”2018ലെ ഫൈനലില്‍ കേരളവും ബംഗാളും തമ്മില്‍ പെനാൽറ്റി വന്നപ്പോള്‍ മിഥുനായിരുന്നു ഗോളി. അന്ന് ഭാഗ്യം മിഥുനൊപ്പമായിരുന്നു. മിഥുന് രണ്ട് പെനാല്‍റ്റി തടുത്തു. അന്ന് മിഥുന് കിട്ടിയ ഭാഗ്യം ഇന്ന് നിര്‍ഭാഗ്യമായി മാറേണ്ട എന്ന് തോന്നി”
ഏഴ് വര്‍ഷമായി സന്തോഷ് ട്രോഫി കളിക്കുന്ന മിഥുന് ഈ കളിയില്‍ നിന്നും ഇനി വിടപറയുകയാണ്. ഐ.എസ്.എല്ലില്‍ അവസരം ലഭിച്ചാല്‍ കളിക്കും. എറണാകുളത്ത് എസ്.ബി.ഐയില്‍ ജോലി ചെയ്യുകയാണ് ഈ 28 കാരന്. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശിയാണ്.
സെമിയില്‍ അടിയോടടി
90 മിനിറ്റില്‍ 10 ഗോളുകള്‍
അധിക സമയവും പെനാല്‍റ്റിയും കടന്ന് കേരളം ഫൈനലില്‍ കിരീടം പിടിച്ചടക്കി. എന്നാല്‍ മഞ്ചേരിയിലെ സന്തോഷ് ട്രോഫിയില്‍ മറക്കാനാവാത്ത മത്സരം കേരള-കര്‍ണ്ണാടക സെമി ഫൈനല്‍ തന്നെ. മൂന്നിനെതിരെ ഏഴ് ഗോളിനാണ് കേരളം കര്‍ണ്ണാടകയെ തകര്‍ത്ത് വിട്ടത്. ഒരൊറ്റ കളിയില്‍ കണ്ടത് 10 ഗോളുകള്‍. 25-ാം മിനിറ്റില്‍ കേരളത്തെ ആദ്യം ഞെട്ടിച്ചത് കര്‍ണാടകയുടെ സുധീര്‍ കൊട്ടിക്കേല. എന്നാല്‍ നാല്പതാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയ കേരളത്തിന്റെ ടി.കെ. ജെസിന് ഗോള്‍ വര്‍ഷിക്കുകയായിരുന്നു. പിന്നീട് ജെസിന് നേടിയത് 5 ഗോളുകള്‍. അര്ജുന് ജയരാജും ഷിഗിലുമാണ് കേരളത്തിന് വേണ്ടി സെമിയില്‍ ഗോള്‍ നേടിയ രണ്ടുപേര്‍.