ഔട്ടാകാം, ഇങ്ങനെയും

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ’റിട്ടയേര്‍ഡ് ഔട്ട്’ ക്രിക്കറ്റ് ലോകത്തിന് പുതുമയായി

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജുസാംസണ്‍ പരീക്ഷിച്ച തന്ത്രം ഇനി പതിവായി മാറുമോയെന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകത്തെ കുഴക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ്-ലക്‌നൗ സൂപ്പര്‍ ജയന്റ്സ് മത്സരത്തില്‍ 19-ാം ഓവറിന്റെ രണ്ടാം പന്ത് നേരിട്ട രാജസ്ഥാന്‍ താരം ആര്‍. അശ്വിന്‍ സിംഗിള്‍ എടുക്കാനായി ഓടിയ ഓട്ടം നിറുത്തിയത് ഡ്രസ്സിംഗ് റൂമില്‍ എത്തിയ ശേഷമാണ്. എന്താണ് സംഭവിച്ചതെന്നറിയാതെ മറ്റ് കളിക്കാരും കാണികളും അന്തം വിട്ട് നിന്നു. വിശദീകരണം ഉടന്‍ വന്നു. അശ്വിന്‍ ‘റിട്ടയേഡ് ഔട്ട്’
പിന്നാലെ എത്തിയത് പന്ത് അടിച്ചു പറത്തി റണ്‍വേട്ട നടത്തുന്ന രാജസ്ഥാന്റെ പഞ്ച് ഹിറ്റര്‍ റിയാന്‍പരാഗ്. പരാഗ് നാല് പന്തില്‍ നേടിയത് 8 റണ്‍.ടീമിന് അവസാന പത്ത് പന്തില്‍ മുപ്പത് റണ്‍സ്. അങ്ങനെ വാശിയേറിയ മത്സരത്തില്‍ മൂന്ന് റണ്‍സ് വിജയം രാജസ്ഥാന്‍ പൊരുതി നേടി.


കഥ ഇങ്ങനെ:

അശ്വിൻ

ലക്‌നൗ സൂപ്പര്‍ ജയന്റ്സുമായുള്ള മത്സരത്തില്‍ രാജസ്ഥാന് 18 ഓവര്‍ ആയിട്ടും 135 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. 23 പന്തില്‍ 28 റണ്‍സ് എടുത്ത അശ്വിനെ കൊണ്ട് വമ്പന്‍ അടികള്‍ക്ക് സാധിക്കുന്നുമില്ല. കളി ജയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍ സഞ്ജു പഞ്ച് ഹിറ്റര്‍ റിയാന്‍ പരാഗിനെ കൊണ്ടുവരാന്‍ ആഗ്രഹിച്ചു. തുടര്‍ന്നാണ് ഇന്നേവരെ ആരും കാണിക്കാത്ത വേല പുറത്തെടുത്തത്. അശ്വിന്‍ റിട്ടയേര്‍ഡ് ഔട്ട്. പിന്നിടുള്ള പത്ത് ബോളുകള്‍ തലങ്ങും വിലങ്ങും പ്രഹരിച്ച രാജസ്ഥാന്‍ താരങ്ങള്‍ സ്‌കോര്‍ 165ല്‍ എത്തിച്ചു. മറുപടി ബാറ്റിംഗില്‍ ലക്‌നൗ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്ണില്‍ ഒതുങ്ങി.


”റിട്ടയേഡ് ഔട്ടാകാനുള്ള അശ്വിന്റെ തീരുമാനം അവസരോചിതം. ടീമുമായി കൂടിയാലോചിച്ച ശേഷമായിരുന്നു തീരുമാനം”

സഞ്ജു സാംസണ്‍
ക്യാപ്റ്റന്‍,
രാജസ്ഥാന്‍ റോയല്‍സ്


റിട്ടയേഡ് ഔട്ട്

ബാറ്റ്സ്മാന് സ്വയം ഔട്ടാകാം. പിന്നീട് ആ കളിയില്‍ ബാറ്റിംഗ് ക്രീസിലേക്ക് മടങ്ങി വരാനാകില്ല. മടങ്ങി വരാന്‍ ഒരു വഴിയുണ്ട്. എതിര്‍ ടീമിന്റെ ക്യാപ്റ്റന്റെ അനുമതി വേണം. അതിന് ഒരു സാദ്ധ്യതയുമില്ലാത്തത് കൊണ്ട് ഔട്ട് തന്നെ.

റിട്ടയേഡ് ഹര്‍ട്ട്

കളിക്കാരന് മത്സരത്തിനിടെ പരിക്കേറ്റാല്‍ താല്‍ക്കാലികമായി കളിയില്‍ നിന്ന് വിട്ടുനില്‍ക്കാം. പരിക്ക് ഭേദമായാല്‍ മത്സരത്തിലേക്ക് മടങ്ങി വരികയും ചെയ്യാം

Author

Scroll to top
Close
Browse Categories