ന്യൂനപക്ഷ പദവിയെന്ന
ബാദ്ധ്യത

മതപരമായി ഭൂരിപക്ഷ ജനസമൂഹത്തിനില്ലാത്ത അവകാശാധികാരങ്ങൾ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ലോകത്തെ ഏകരാജ്യമാകും ഇന്ത്യ. സ്വമതവിശ്വാസം നിർഭയം പുലർത്താൻ മാത്രമല്ല, പ്രചരിപ്പിക്കാനും അപാരമായ അവകാശങ്ങളോടെ വിദ്യാലയങ്ങൾ നടത്താനും പൊതുസ്വത്തിൽ നിന്ന് ഭൂരിപക്ഷത്തിന് ഇല്ലാത്ത രീതിയിൽ പങ്കുപറ്റാനും മറ്റുള്ളവരെ സ്വമതത്തിലേക്ക് പരിവർത്തനം ചെയ്യാനുംവരെ വ്യവസ്ഥകളുള്ള ന്യൂനപക്ഷപദവി മറ്റ് ഏതുരാജ്യത്താണുള്ളത്. സ്വാതന്ത്ര്യ സമരകാലത്തും പിന്നീടും ഉണ്ടായ മതസ്പർദ്ധകളെ തുടർന്ന് വൈദേശികമതങ്ങളെ പ്രതിനിധീകരിക്കുന്ന ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായ ആശങ്കകൾക്ക് പരിഹാരമെന്നോണമാകും ഇത്തരം പരിരക്ഷ അവർക്ക് നൽകിയത്. പക്ഷേ മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞ് നോക്കുമ്പോൾ ഭൂരിപക്ഷങ്ങളുടെ ചെലവിൽ ന്യൂനപക്ഷങ്ങൾ കൈവരിച്ച സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നേട്ടങ്ങൾ അനീതിയുടെയും വിവേചനങ്ങളുടെയും നേർക്കാഴ്ചയാകുന്നു.

ലോകത്ത് ഏറ്റവും സഹിഷ്ണുത പുലർത്തുന്നവരിൽപ്പെട്ടതാണ് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഹൈന്ദവ സമൂഹം. ലോകമെമ്പാടും നിന്ന് പല കാരണങ്ങളാൽ അഭയം തേടിവന്ന വിവിധ മതവിഭാഗങ്ങളെ നെഞ്ചോടു ചേർത്തവരാണ് അവർ. പടയോട്ടവുമായെത്തിയ അറബികളും മുഗളന്മാരും ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരുമുൾപ്പടെയുള്ളവർ ക്രൂരമായ വംശഹത്യകളും കൊള്ളകളും മതംമാറ്റങ്ങളും ഭാരതത്തിൽ നടത്തിയിട്ടും ഇവർ അവശേഷിപ്പിച്ച് പോയ സംസ്കാരത്തോടൊന്നും നിത്യശത്രുത പുലർത്തിയിട്ടില്ല തലമുറകളായി ഇന്ത്യൻ ജനത.

രാജ്യത്തെ കുറേ സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ മതഘടന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേൽക്കോയ്മയുള്ള രീതിയിലാണ്. പഴയ ജമ്മു കാശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കേരളം ഉൾപ്പടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലും ക്രൈസ്തവ, മുസ്ളീം ന്യൂനപക്ഷങ്ങൾക്ക് പ്രാമുഖ്യമുണ്ട്. സർക്കാരിലും ഭരണസംവിധാനങ്ങളിലും അവർ പ്രബലരുമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അവകാശങ്ങൾ സത്യത്തിൽ ഇത്തരം സംസ്ഥാനങ്ങളിൽ ഇവർക്കും പഞ്ചാബിൽ സിഖുകാർക്കും ആവശ്യമില്ല. 99 ശതമാനം മുസ്ളീങ്ങളുള്ള ലക്ഷദ്വീപിലും അവർക്ക് മൃഗീയ ഭൂരിപക്ഷമുള്ള ജമ്മുവിലും ക്രിസ്ത്യാനികൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും എന്തിനാണ് ഇവർക്ക് ന്യൂനപക്ഷ പദവി ?

ഈ പദവി ഒരു സംസ്ഥാനത്തെ ഭൂരിപക്ഷ ജനതയെ എങ്ങിനെ നിഷേധാത്മകമായി ബാധിക്കുമെന്നും അവശതയിലാക്കുമെന്നതിന്റെ മകുടോദാഹരണമാണ് കേരളം. വ്യാപാരാർത്ഥം മലയാളമണ്ണിലെത്തിയ ഡച്ചുകാരും ഫ്രഞ്ചുകാരും അറബികളും ടിപ്പുസുൽത്താന്റെ പടയോട്ടവുമാണ് ഇവിടെ ക്രൈസ്തവ, ഇസ്ളാം മതങ്ങൾ പ്രചരിപ്പിച്ചത്. സെമറ്റിക്ക് മതങ്ങളുടെ സംഘടിത സ്വഭാവം കൊണ്ട് ജനാധിപത്യകാലത്ത് ഇവർ വോട്ടുബാങ്കുകളായി, വിലപേശൽ ശക്തികളായി. രാഷ്ട്രീയക്കാർ ഇവരുടെ മുന്നിൽ മുട്ടിലിഴഞ്ഞു. ന്യൂനപക്ഷ പദവിയുടെ ബലത്തിലും സർക്കാർ സഹായത്തോടെയും വിദേശ പണം കൊണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ചെറുതും വലുതുമായ വ്യവസായ ശാലകളും നാടെങ്ങും വലിയ ആരാധനാലയങ്ങളും പടുത്തുയർത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ഏതാണ്ട് പൂർണമായും നിയമത്തിന്റെ ബലത്തിൽ കൈയടക്കി. ഗോതമ്പുപൊടിയും പാൽപ്പൊടിയും കൊടുത്തുവരെ പാവപ്പെട്ട ഹിന്ദുക്കളെ മതംമാറ്റി.

രാഷ്ട്രീയാധികാരവും ഭരണാധികാരവും സമ്പത്തും കൈയൂക്കും കൊണ്ട് മദിക്കുകയാണ് ഇന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങൾ. വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ അവർ ബഹുദൂരം മുന്നിലാണ്. ഭൂസ്വത്തിൽ ഏറിയ പങ്കും അവരുടെ കൈവശമാണ്. അധികാര രാഷ്ട്രീയം അവരുടെ നിയന്ത്രണത്തിലാണ്. സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗങ്ങളിൽ ഏതാണ്ട് മുഴുവനും തന്നെ അവരുടെ നിയന്ത്രണത്തിലാണ്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഏതാണ്ട് 80 ശതമാനവും പിന്നാക്ക സമുദായങ്ങളുടെ ആനുകൂല്യം പറ്റുന്നവരാണെന്ന വസ്തുതയുമുണ്ട്. ഇതിലൂടെ തൊഴിൽ, വിദ്യാഭ്യാസ സംവരണാനുകൂല്യങ്ങളും അവർ അനുഭവിക്കുന്നു. ന്യൂനപക്ഷങ്ങളിൽ ജാതി സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള അധികാരം പോലും അവരിലെ പുരോഹിത നേതൃത്വത്തിന് നൽകിയിട്ടുണ്ട്. ലക്ഷദ്വീപിലെ മുസ്ളീങ്ങൾക്ക് ന്യൂനപക്ഷ പദവിക്കൊപ്പം പട്ടികവർഗ പദവിയുമുണ്ട്. ഒരേസമയം സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളും പിന്നാക്ക സമുദായങ്ങളുടെ ആനുകൂല്യങ്ങളും സ്വന്തമാക്കുക വഴി ഭൂരിപക്ഷ സമൂഹത്തിന്റെ അവസരങ്ങളും അന്യായമായി കവർന്നെടുക്കുകയാണ്.

യഥാർത്ഥത്തിൽ കേരളത്തിലെ ഭൂരിപക്ഷ ജനതയാണ് ഇപ്പോൾ ഇവിടുത്തെ ന്യൂനപക്ഷങ്ങൾ. അധികാരത്തിന്റെ അകത്തളത്തിൽ നിന്നുകൊണ്ട് ന്യൂനപക്ഷങ്ങൾക്ക് എല്ലാ മേഖലയിലും വളരാനും ഉയരാനുമുള്ള ഭൗതിക സാഹചര്യങ്ങൾ ഇന്ന് കേരളത്തിലുണ്ട്. വോട്ടുബാങ്കായി നിന്ന് അർഹതപ്പെട്ടതും അതിൽ അധികവും പിടിച്ചുവാങ്ങാനും അവർക്ക് സാധിക്കും. അഭയാർത്ഥികളെപ്പോലെ അവഗണിക്കപ്പെട്ട് കഴിയുന്നവരായി മാറിക്കഴിഞ്ഞു കേരളത്തിലെ ഹിന്ദുക്കൾ. വിശേഷിച്ച് ഈഴവരുൾപ്പടെയുള്ള പിന്നാക്ക വിഭാഗങ്ങൾ. അവർക്ക് എല്ലാ നീതിയും നിഷേധിക്കപ്പെടുന്നു. അവരിൽ നല്ലൊരു പങ്കും മതിയായ വിദ്യാഭ്യാസവും നല്ല ജോലിയും ലഭിക്കാതെ കൂലിതൊഴിലാളികളും ചെറുകിട കച്ചവടക്കാരും തൊഴിലുറപ്പുകാരും ഗതിയില്ലാത്ത കർഷകരും ഡ്രൈവർമാരുമൊക്കെയായി മാറുന്നു.

ന്യൂനപക്ഷ പദവി കണക്കാക്കുന്നത് ദേശീയാടിസ്ഥാനത്തിലാണ്. അത് ശരിയല്ല. സംസ്ഥാനാടിസ്ഥാനത്തിൽ ഈ പദവി നിർണയിക്കണം. എങ്കിൽ മാത്രമേ ഭൂരിപക്ഷ സമുദായങ്ങൾക്ക് നീതി ലഭിക്കൂ. ന്യൂനപക്ഷമായി പരിഗണിക്കപ്പെടാനുള്ള മാനദണ്ഡം പോലും നമ്മുടെ ഭരണ ഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടില്ല. മുസ്ളീം, ക്രിസ്ത്യൻ, സിഖ്, പാഴ്\സി, ജൈന തുടങ്ങിയ വിഭാഗങ്ങൾ ന്യൂനപക്ഷമാണെന്ന പ്രസ്താവന മാത്രമേയുള്ളൂ.

ഭൂരിപക്ഷ സമൂഹത്തിന്റെ ആശങ്കകൾക്കിടയിലാണ് സംസ്ഥാനാടിസ്ഥാനത്തിൽ ന്യൂനപക്ഷ പദവി നിർണയിക്കണമെന്ന കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ഏതാനും മാസങ്ങളായി കേന്ദ്രസർക്കാരും ഈ കേസിൽ നിലപാടുകളില്ലാതെ തിരിഞ്ഞും മറിഞ്ഞും കളിക്കുകയായിരുന്നു. മാർച്ചിൽ ഹർജി പരിഗണിക്കവേ സംസ്ഥാന സർക്കാരുകൾക്ക് ഇതിന് അധികാരമുണ്ടെന്ന് പറഞ്ഞ കേന്ദ്രസർക്കാർ ഈ മാസം നിലപാട് മാറ്റി. സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷ പദവി നിർണയിച്ചാൽ സങ്കീർണമായ പ്രശ്നങ്ങൾ ഉത്ഭവിക്കുമെന്നും കേന്ദ്രസർക്കാർ തന്നെ നിശ്ചയിക്കുന്നതാണ് നല്ലതെന്നുമായി. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചവേണമെന്നും ആവശ്യപ്പെട്ടു. ചർച്ചകൾ നടത്തി ഉടനെ മറുപടി നൽകാനാണ് സുപ്രീം കോടതി ജഡ്ജി സഞ്ജയ് കിഷൻ കൗൾ നിർദേശിച്ചത്. കേസ് ആഗസ്റ്റ് 30ലേക്ക് അവധിക്കും വച്ചു.

ഭൂരിപക്ഷസമൂഹം നേരിടുന്ന വിവേചനങ്ങളും അനീതിയും അവസാനിപ്പിക്കാനുള്ള അവസരമാണ് കേന്ദ്രസർക്കാരിന് മുന്നിൽ വന്നുഭവിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കാനുള്ള നിയമഭേദഗതികൾ കൊണ്ടുവരികയോ സംസ്ഥാനതലത്തിൽ ജനസംഖ്യ കണക്കിലെടുത്ത് ന്യൂനപക്ഷപദവി നിർണയിക്കുകയോ ചെയ്താലേ ഭൂരിപക്ഷ ജനതയ്ക്ക് നീതി ലഭിക്കൂ. അതിനിയും വൈകിക്കരുത്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളോടും 75 വർഷം തുടർന്ന അന്യായത്തിന് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണിത്. അതിനുള്ള വിവേകം കേന്ദ്രസർക്കാരിനുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Author

Scroll to top
Close
Browse Categories