കവിയും ജീവിതവും

കുമാരനാശാന്‍ (1873-1924)

ജനനം: 1048 മേടം 1 (1873 ഏപ്രില്‍ 12) ചിത്രാപൗര്‍ണമിനാള്‍. തിരുവനന്തപുരം ജില്ല, ചിറയിന്‍കീഴ് താലൂക്ക്, കായിക്കര എന്ന കടലോര ഗ്രാമത്തില്‍. അച്ഛന്‍: കായിക്കര തൊമ്മന്‍ വിളാകത്തു വീട്ടില്‍ നാരായണന്‍. അമ്മ: കാളിയമ്മ, കൊച്ചുപെണ്ണ് എന്നും വിളിക്കുമായിരുന്നു.പിതാവിന്റെ മരണം: 1071
വിദ്യാരംഭം: 1055. ഏഴുവയസ്സ്. വീടിനടുത്തുള്ള ഒരു കുടിപ്പള്ളിക്കൂടത്തില്‍, ഗുരു-നെടുങ്ങണ്ട തുണ്ടത്തില്‍ ആശാന്‍.
സംസ്‌കൃതപഠനം: 1056, ഗുരു-ഉടയാന്‍കുഴി കൊച്ചുരാമന്‍ വൈദ്യര്‍, അമരകോശം, സിദ്ധരൂപം, ബാലപ്രബോധം, ശ്രീരാമോദന്തം എന്നിവ പഠിച്ചു.
ഇംഗ്ലീഷ് പഠനം: 1060, ഗുരു – വെമ്പായം പപ്പുപിള്ള
ഔപചാരിക വിദ്യാഭ്യാസം : 1060-1062, കായിക്കര ഗവണ്‍മെന്റ് സ്‌കൂള്‍
നാലാം ക്ലാസ് ജയിച്ചു: 1062
അദ്ധ്യാപകവൃത്തി : 1062, പതിന്നാലു വയസ്സ്, പഠിച്ച വിദ്യാലയമായ കായിക്കര ഗവണ്‍മെന്റ് സ്‌കൂളില്‍. പ്രായക്കുറവുകാരണം ജോലിയില്‍ തുടരാന്‍ കഴിഞ്ഞില്ല.
കണക്കെഴുത്ത് ജോലി: 1062-1064, പെരുന്തറ കൊച്ചാര്യന്‍ മുതലാളിയുടെ പീടികയില്‍.
സംസ്‌കൃതപഠനം: 1064-1066, ഗുരു-മണമ്പൂര്‍ ഗോവിന്ദനാശാന്‍, മാഘം, നൈഷധം, ഭാരതം ചമ്പു, ശാകുന്തളം, അലങ്കാര ശാസ്ത്രം, മതഗ്രന്ഥങ്ങളും സ്‌തോത്രകൃതികളും പാരായണം വക്കത്ത് വേലായുധന്‍ നടയില്‍ – ഭക്തജനങ്ങളുമായി സംവാദം.
കവിയുടെ രംഗപ്രവേശം: പരവൂര്‍ കേവശവനാശാന്റെ പത്രാധിപത്യത്തിലുള്ള സുജനാനന്ദിനി മാസികയില്‍ കവിതകള്‍ പ്രസിദ്ധപ്പെടുത്തിത്തുടങ്ങി-കായിക്കര കെ.എന്‍. കുമാരു, കെ.എന്‍. കുമാരന്‍ എന്നീ പേരുകളില്‍ സ്വതന്ത്രരചനകളും പരിഭാഷകളും, സരസകവി മൂലൂരിന്റെ കവി രാമായണത്തില്‍ പരാമര്‍ശം.
ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടുന്നു: 1065, വയസ്സ് 17.
അരുവിപ്പുറത്ത്: 1067-1069, ഗുരുവിന്റെ അന്തേവാസി. വേദാന്തപഠനം, യോഗശാസ്ത്ര സംബന്ധമായ അഭ്യാസം, ജ്ഞാനമാര്‍ഗത്തിലേക്ക്.
ബാംഗ്ലൂരില്‍: 1070-1073, ഡോ. പല്പുവിനോടൊപ്പം താമസം. ശ്രീചാമരാജേന്ദ്ര സംസ്‌കൃതകോളേജില്‍ വിദ്യാര്‍ത്ഥി: ന്യായം, വ്യാകരണം, അലങ്കാരം. സൗന്ദര്യലഹരിയും പ്രബോധ ചന്ദ്രോദയം നാടകവും പരിഭാഷപ്പെടുത്തി. കളകണ്ഠകൂജിതം എന്ന കവിത രചിച്ചു.. വിദ്യാഭ്യാസം മുടങ്ങുന്നു.
മദ്രാസില്‍: ഡോ. പല്പുവിന്റെ സ്‌നേഹിതന്‍ നഞ്ചുണ്ടറാവുവിന്റെ കീഴില്‍ സംസ്‌കൃത പഠനം തുടര്‍ന്നു ആറുമാസം.
കല്‍ക്കത്തയില്‍: 1073-1075, കല്‍ക്കത്തയില്‍ തര്‍ക്ക തീര്‍ത്ഥ പരീക്ഷയ്ക്കു പഠിച്ചു. മഹോപാധ്യായ കാമാഖ്യനാഥ തര്‍ക്ക വാഗീശ്വരന്‍ ഗുരുനാഥന്‍. സ്വാമി വിവേകാനന്ദന്‍, രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയ മഹാവ്യക്തിത്വങ്ങളുടെ സ്വാധീനം. ഇംഗ്ലീഷു പഠിച്ചു. പ്ലേഗുബാധ ഉണ്ടായതിനെത്തുടര്‍ന്ന് പരീക്ഷ എഴുതാതെ കേരളത്തിലേക്ക്.
വീണ്ടും അരുവിപ്പുറത്ത്: 1075, അരുവിപ്പുറം ക്ഷേത്രകാര്യങ്ങളുടെ ചുമതല. സൗന്ദര്യലഹരി, ശാങ്കരശതകം, സുബ്രഹ്മണ്യശതകം, ശിവസ്‌തോത്രമാല പ്രസിദ്ധീകരിച്ചു. വിചിത്രവിജയം, മൃത്യുഞ്ജയം എന്നീ നാടകങ്ങള്‍ രചിച്ചു.
എസ്.എന്‍.ഡി.പി യോഗം സ്ഥാപിതമായി : 1078 (1093) കുമാരനാശാന്‍ ജനറല്‍ സെക്രട്ടറി (1903 മെയ് 15-1919 ജൂലൈ 20)
സാഹിത്യ സപര്യ: ശ്രീബുദ്ധചരിതം വിവര്‍ത്തനം ആരംഭിച്ചു, മൈത്രേയി, മനഃശക്തി, ഒരു ദൈവികമായ പ്രതികാരം.
വിവേകോദയം : 1904, ആശാന്‍ പത്രാധിപര്‍. രാജയോഗം പരിഭാഷ വിവേകോദയം മാസികയില്‍.
വീണപൂവ്: 1907ല്‍ പാലക്കാട്ട് വച്ച് രചിച്ചു.
മറ്റ് പ്രശസ്ത കൃതികള്‍ : ഒരു സിംഹപ്രസവം (1909), നളിനി (1911), ലീല (1914), ബാലരാമായണം (1916), ഗ്രാമവൃക്ഷത്തിലെ കുയില്‍ (1918) പ്രരോദനം (1919), ചിന്താവിഷ്ടയായ സീത (1919), പുഷ്പവാടി (1922), ചണ്ഡാലഭിക്ഷുകി (1923), ദുരവസ്ഥ (1924), ശ്രീബുദ്ധചരിതം (1915-1924), കരുണ (1924),
അമ്മയുടെ മരണം: 1911 (1086), ഒരു അനുതാപം എന്ന കവിത രചിച്ചു.
ശ്രീമൂലം പ്രജാസഭയില്‍ അംഗം: 1913.
ശാരദാബുക്ക് ഡിപ്പോ: 1913 ജൂണില്‍ സ്ഥാപിച്ചു.
ശിവഗിരി ശാരദാ പ്രതിഷ്ഠ : 1087 മേടം, പ്രതിഷ്ഠാ സമയത്തു ചൊല്ലുവാന്‍ ശാരദാസ്തവം രചിച്ചു.
വിവാഹം : 1917 ഓഗസ്റ്റ്, വധു- ഭാനുമതി അമ്മ.
യോഗം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു : 1919, വിവേകോദയം പത്രാധിപത്യം വിട്ടു.
ആലുവ അദ്വൈതാശ്രമം മാനേജര്‍ : 1919
നിയമസഭാംഗം : 1920
തോന്നയ്ക്കല്‍ താമസം: 1921, സകുടുംബം.
വെയില്‍സ് രാജകുമാരനില്‍ നിന്ന് അംഗീകാരം: 1922, കേരളീയ കവികളില്‍ അദ്വിതീയന്‍ എന്ന നിലയ്ക്ക് പട്ടും വളയും ബഹുമതിമുദ്രയും സ്വീകരിച്ചു.
യോഗവാര്‍ഷികത്തില്‍ അധ്യക്ഷന്‍ : 1923, സ്ഥലം കൊല്ലം.
അന്ത്യം: 1924 ജനുവരി 16, പല്ലനയാറ്റില്‍ റെഡീമര്‍ ബോട്ടപകടത്തില്‍.
(കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കുമാരനാശാന്‍ സമ്പൂര്‍ണ്ണ കൃതികളില്‍ നിന്ന്)