“ഈ ഭാരം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നില്ല’;

ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകള്‍ വിറ്റും മൂന്ന്മാസം കൊണ്ട് രണ്ട് ലക്ഷത്തിലധികം രൂപ സ്വരൂപിച്ചാണ് നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒരുകൂട്ടം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സഹപാഠിയുടെ കടബാദ്ധ്യത ഒഴിവാക്കിയത്.

നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വാളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികള്‍ സ്വരുക്കൂട്ടിയ തുകകൊണ്ട് തിരിച്ചെടുത്ത സഹപാഠിയുടെ വീടിന്റെ ആധാരം സുരഷ് ഗോപി കൈമാറുന്നു

നിര്‍ദ്ധനരായ ഒരു കുടുംബത്തെക്കൂടി ചേര്‍ത്ത് പിടിക്കുകയാണ് മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വാളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികള്‍ സ്വരുക്കൂട്ടിയ തുകകൊണ്ട് തിരിച്ചെടുത്ത ആധാരം കൈമാറാന്‍ സ്‌കൂളില്‍ എത്തിയതായിരുന്നു സൂപ്പര്‍ സ്റ്റാര്‍ സുരഷ് ഗോപി. ജപ്തി ഒഴിവായെങ്കിലും കെട്ടുറപ്പില്ലാത്ത വീട്ടിലാണ് ഇവര്‍ താമസിക്കുന്നതെന്ന് മനസ്സിലാക്കിയ താരം ഇവര്‍ക്ക് സുരക്ഷിതവും കെട്ടുറപ്പുള്ളതുമായ ഒരു വീട് ഒരുക്കുന്നതിന് നാല് ലക്ഷം രൂപ സഹായമായി നല്‍കുകയായിരുന്നു. ലക്ഷ്മി സുരേഷ് ഗോപി എംപി ഇന്‍ഷിയേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു സഹായം പ്രഖ്യാപിച്ചത്.

സഹപാഠിക്ക് ഒരു വിഷമം വന്നപ്പോള്‍ കൂടെ നിന്ന വിദ്യാര്‍ത്ഥികളെയും, സ്‌കൂളിനെയും, എന്‍എസ്എസിനെയും അഭിനന്ദിച്ചശേഷം, ആ വീടിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരുന്നതിനുള്ള ഭാരം നിങ്ങളുടെ കൈകളിലേക്ക് നല്‍കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായമായി താരം പ്രഖ്യാപിച്ചത്. അതുപോലെ ചടങ്ങില്‍ സ്‌കൂള്‍ അധികൃതരോ, സുരേഷ്ഗോപിയോ കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളാേവെളിപ്പെടുത്താതിരുന്നതും ശ്രദ്ധേയമായി. സ്‌കൂളിന്റെ ഈ തീരുമാനത്തേയും സുരേഷ്ഗോപി അഭിനന്ദിച്ചു. ഭാര്യ രാധികയ്‌ക്കൊപ്പമായിരുന്നു സുരേഷ് ഗോപി ചടങ്ങിലേക്ക് എത്തിയത്.

കണ്ണീരണിഞ്ഞുകൊണ്ടായിരുന്നു തിരിച്ചെടുത്ത വീടിന്റെ ആധാരം സുരേഷ് ഗോപിയില്‍ നിന്ന് കുടുംബം ഏറ്റുവാങ്ങിയത്.

ചടങ്ങില്‍ വച്ച് എന്‍എസ്എസ് മുന്‍ വളണ്ടിയര്‍ വരച്ച സുരേഷ് ഗോപിയുടെ ഛായ ചിത്രം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശലഭ ശങ്കര്‍സുരേഷ് ഗോപിക്ക് കൈമാറി.

സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ പ്രസന്നന്‍ പി കെ, ആര്‍ ഡി സി പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ തഷ് നാത്ത്, പ്രിന്‍സിപ്പല്‍ ജയബിനെ ജി എസ് ബി, ഹെഡ്മിസ്ട്രസ് സുനിത വി, പിടിഎ പ്രസിഡന്റ് പി എസ് പി നസീര്‍, വികസന കമ്മിറ്റി ചെയര്‍മാന്‍ സി എസ് മണികണ്ഠന്‍, വാര്‍ഡ് മെമ്പര്‍ സുരേഷ് ഇയാനി, പ്രിന്‍സിപ്പാള്‍ ശ്രീമതി ജയാബീനി ജി എസ് ബി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു,

സഹപാഠിക്ക് വേണ്ടി ലോട്ടറി വില്പന,
ബിരിയാണി ചലഞ്ച്

സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് ഡിസംബറിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടീസ് വരുന്നത്. ചാവക്കാട് പ്രാഥമിക ഗ്രാമവികസന ബാങ്ക് തൃപ്രയാര്‍ ബ്രാഞ്ചില്‍ നിന്നും എടുത്ത വായ്പയാണ് തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തിയായത്. 2.20 ലക്ഷം രൂപയായിരുന്നു ബാദ്ധ്യത. ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് ശോചനീയാവസ്ഥയിലുള്ള വീടാണ് ഇവരുടേത്. വിദ്യാര്‍ത്ഥിയുടെ വിഷമതകള്‍ മനസിലാക്കിയതോടെ സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശലഭ ശങ്കറും, നൂറോളം എന്‍എസ്എസ് വാളണ്ടിയര്‍മാരും ജപ്തി ഒഴിവാക്കാനുള്ള തുക കണ്ടെത്താനായി രംഗത്തിറങ്ങുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ ലോട്ടറികള്‍ വാങ്ങി നാട്ടില്‍ പരിചയക്കാര്‍ക്ക് വില്‍പന നടത്തി. ബിരിയാണി ചലഞ്ച് നടത്തിയും പണം സ്വരൂപിച്ചു. ഡിഷ് വാഷ്, ഹാന്‍ഡ് വാഷ്, ഫ്‌ളോര്‍ കല്‍നര്‍ തുടങ്ങിയവയും പലയിടങ്ങളായി വിറ്റഴിച്ചു. മൂന്ന് മാസത്തെ ഇവരുടെ കഠിനപ്രയത്‌നത്തിന് കഴിഞ്ഞ ദിവസം സമാപ്തിയായി. ബാങ്കിന്റെ വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പിരിവ് കഴിച്ച് മുഴുവന്‍ തുകയും ബാങ്കില്‍ അടച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശലഭ ശങ്കര്‍ തൃപ്രയാര്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ഇന്‍ ചാര്‍ജ് രജനി ഭായില്‍ നിന്നും ആധാരം തിരികെ വാങ്ങി. ഈ ആധാരമായിരുന്നു ചടങ്ങില്‍ സുരേഷ് ഗോപി കുടുംബത്തിന് കൈമാറിയത്.

Author

Scroll to top
Close
Browse Categories