നൂറുമേനി അഭിമാനം

വിജയത്തിളക്കത്തിൽ ഉദയംപേരൂർ
എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

കൊച്ചി: ജില്ലയിലെ ഏറ്റവും തിളക്കമാര്‍ന്ന എസ്.എസ്.എല്‍.സി. പരീക്ഷാവിജയം പതിവുപോലെ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കൈയടക്കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തിയാണ് വീണ്ടും സമ്പൂര്‍ണ്ണ വിജയം. 579 പേരില്‍ എല്ലാവരും ജയിച്ചു. 127 പേര്‍ ഫുള്‍ എ പ്ലസ് നേടി. മുന്‍വര്‍ഷങ്ങളിലും നൂറു ശതമാനം വിജയമായിരുന്നു.
വര്‍ഷങ്ങളായി ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന സ്‌കൂളാണ് ഇത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളും ഇതുതന്നെ. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ് ലഭിക്കുന്ന സ്‌കൂളുകളില്‍ ഒന്നാണ് ഈ വിദ്യാലയം.
ഏറ്റവും നല്ല പൊതുവിദ്യാലയത്തിനുള്ള
പുരസ്‌കാരം
അഞ്ചാം ക്ലാസ് മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ 3300 ഓളം വിദ്യാര്‍ത്ഥികള്‍ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുണ്ട് . എറണാകുളം ജില്ലക്കാര്‍ കൂടാതെ കോട്ടയം, ആലപ്പുഴ ജില്ലകളിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നതില്‍ കൂടുതലും. 2018 ല്‍ സംസ്ഥാനത്തെ ഏറ്റവും നല്ല പൊതുവിദ്യാലയത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ വിദ്യാലയമാണിത്.
ജില്ലയിലെ ഇന്നോവേറ്റീവ് സ്‌കൂള്‍ പുരസ്‌കാര ജേതാക്കളായ സ്‌കൂള്‍ നാട്ടുകാരെയും കുട്ടികളെയും പങ്കെടുപ്പിച്ച് നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്.
പാഠ്യവും പാഠ്യേതരവുമായ എല്ലാ മേഖലകളിലും വര്‍ഷങ്ങളായി മികവു പുലര്‍ത്തി വരുന്ന ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി സ്‌കൂളിന്റെ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ വിദ്യാലയത്തിലെ മുഴുവന്‍ ജീവനക്കാരുടെയും രക്ഷിതാക്കളുടെയും പി.ടി.എ. യുടെയും മാനേജ്‌മെന്റിന്റെയും കൈമെയ് മറന്നുള്ള പ്രവര്‍ത്തനമാണെന്ന് പ്രിന്‍സിപ്പല്‍ ഒ.വി. സാജുവും ഹെഡ്‌മിസ്‌ട്രസ് ദീപ നാരായണനും പറഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി സ്‌കൂളിനെ ജില്ലയിലെ ഒന്നാംനമ്പറാക്കി വളര്‍ത്തിയത്. എസ്.എന്‍.ഡി.പി യോഗം കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ കൂടിയാണിത്.
ഉദയംപേരൂരിന്റെ വിജയരഹസ്യം
ജൂണ്‍മുതല്‍ ക്ലാസിനൊപ്പം ഓരോ കുട്ടിക്കും നല്‍കുന്ന അധികസമയത്തെ പ്രത്യേക പരിശീലനമാണ് സ്‌കൂളിന്റെ വിജയരഹസ്യങ്ങളില്‍ പ്രധാനം. അവധിദിന, രാത്രികാല ക്ലാസുകളും വര്‍ഷങ്ങളായി ഈ വിദ്യാലയത്തില്‍ നടന്നുവരുന്നു. എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജാ ശിവാനന്ദന്റെ നേതൃത്വത്തില്‍ ഉദയംപേരൂര്‍ ശാഖാ പ്രസിഡന്റ് എല്‍ സന്തോഷ്, സെക്രട്ടറി ഡി. ജിനുരാജ്, പി.ടി.എ. പ്രസിഡന്റ് കെ.എം. അനില്‍കുമാര്‍ തുടങ്ങിയവരാണ് സ്‌കൂളിന് ചുക്കാന്‍ പിടിക്കുന്നത്. അദ്ധ്യാപകരുടെയും ശാഖാ ഭാരവാഹികളുടെയും വീടുകളിലും പ്രത്യേക പരിഗണന വേണ്ട കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കാറുണ്ട്. സ്‌കൂള്‍ വളപ്പില്‍ തന്നെയാണ് എസ്.എന്‍.ഡി.പി യോഗം ശാഖാ ഓഫീസും ശ്രീനാരായണ വിജയസമാജം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും.