ക്വീനി കോഡര്‍ ഹലേഗ്വ ആയിരംതൈയിലെ ഒരായിരം ഓർമ്മകൾ
ചേര്‍ത്തല താലൂക്കിന്റെ കാര്‍ഷിക മേഖലയ്ക്ക് കരുത്തായിരുന്ന ക്വീനി കോഡര്‍ ഹലേഗ്വ കൊച്ചിയുടെ മണ്ണിലലിഞ്ഞു.കൊച്ചിയുടെ ജൂതചരിത്രത്തില്‍ ഇനി ഒരു വനിതയില്ല.
ക്വീനി കോഡര്‍ ഹലേഗ്വ. കടക്കരപ്പള്ളി,പട്ടണക്കാട് തുടങ്ങിയ വില്ലേജ് ഓഫീസുകളിലെ തണ്ടപ്പേർ രജിസ്റ്ററുകളിൽ ഈ ജൂതമുത്തശ്ശിയുടെപേര് പലയിടത്തും കാണാം. ചേര്‍ത്തല താലൂക്കിലെ ഏറ്റവും വലിയ ഭൂവുടമയായിരുന്ന ക്വീനി വിട പറഞ്ഞു.
ഇസ്രയേലില്‍ പോയിട്ടുണ്ടെങ്കിലും കൊച്ചിയുടെ മണ്ണില്‍ തന്നെ അലിയാനായിരുന്നു ക്വീനി ആഗ്രഹിച്ചത്.കൊച്ചിയുടെ കായല്പരപ്പിനെയും കടല്‍ക്കാറ്റിനെയും മണ്ണിനെയുംഹൃദയം കൊണ്ട് സ്നേഹിച്ച ക്വീനി ഒരിക്കലും കൊച്ചി വിട്ടുപോകാന്‍ ആഗ്രഹിച്ചില്ല. മക്കള്‍ വിദേശത്തേക്കു ക്ഷണിച്ചിട്ടും ക്വീനി കൊച്ചി വിട്ടു പോയില്ല.ഏറെക്കാലം ചേർത്തല വെട്ടക്കൽതാമസിച്ചിരുന്നു.
ഭര്‍ത്താവ് സാമുവല്‍ ഹലേഗ്വയും ജൂതമുത്തശ്ശി സാറാകോഹനും മറ്റും അന്തിയുറങ്ങുന്ന മട്ടാഞ്ചേരിയുടെ മണ്ണിലേക്ക് 89കാരിയായ ക്വീനിയും മടങ്ങി.
ചേര്‍ത്തല താലൂക്കിന്റെ കാര്‍ഷിക മേഖലയ്ക്ക് കരുത്തായത് ക്വീനിയുടെ ഭര്തൃകുടുംബമാണ്. ചേര്‍ത്തല അര്‍ത്തുങ്കലിനടുത്ത് ആയിരംതൈ എന്ന കടലോര ഗ്രാമത്തില്‍ ആയിരം തെങ്ങിന്‍തൈകള്‍ ഹലേഗ്വ കുടുംബം നട്ടുപിടിപ്പിച്ച് തെങ്ങിന്‍തോപ്പാക്കി മാറ്റി. യഹൂദവിരോധികളായ പോര്‍ച്ചുഗീസുകാര്‍ തെങ്ങിന്തോപ്പ് പറങ്കി പടത്തലവന് അല്ബുക്കറുടെ നേതൃത്വത്തിൽ ആക്രമിച്ചു നശിപ്പിച്ചു. പക്ഷേ യഹൂദര്‍ വീണ്ടും പഴയപടിയാക്കി.
കടയ്ക്കരപ്പള്ളി, വെട്ടയ്ക്കല്‍, മനക്കോടം തുടങ്ങിയ തീരദേശഗ്രാമങ്ങളെ നെല്ലറകളാക്കി ഇവര്‍ മാറ്റിയെടുത്തു. ഇന്നത്തെ വെട്ടയ്ക്കല്‍ ജംഗ്ഷന്റെ പഴയ പേര് ‘മിറിയം മാര്‍ക്കറ്റ്’ എന്നായിരുന്നു. മിറിയം എന്ന യഹൂദസ്ത്രീയുടെ പേരിലാണിത്. ഒരു കാലത്ത് കൊച്ചി രാജ്യത്തെ ഏറ്റവും വലിയ അരി വിപണി ആയിരുന്നു മിറിയം മാര്‍ക്കറ്റ്. ചേര്‍ത്തല പട്ടണത്തിന്റെ കച്ചവടകേന്ദ്രമായ മുട്ടത്തിന്റെ ആസൂത്രകരില്‍ ഒരു കൂട്ടര് ഹലേഗ്വ കുടുംബക്കാരാണ്.
കൊച്ചിയിലെ ഏറ്റവും സമ്പന്നനും വ്യവസായ പ്രമുഖനും യഹൂദ പ്രമാണിയുമായിരുന്ന എസ്. കോഡറിന്റെ മകളായി സമ്പന്നതയുടെ മടിത്തട്ടില്‍ ഫോര്‍ട്ടുകൊച്ചിയിലെ കോഡര്ഹൗസിലാണ് ക്വീനി പിറന്നത്. കോഡര്‍ കുടുംബത്തിലെ തന്നെ വന്‍ ഭൂവുടമയായ സാമുവല്‍ ഹലേഗ്വയെ വിവാഹം കഴിച്ച് മട്ടാഞ്ചേരി ജ്യൂടൗണിലേക്ക് എത്തിയതുമുതല്‍ ജൂതത്തെരുവിലെ വീടായിരുന്നു ക്വീനിയുടെ ലോകം.
പാശ്ചാത്യലോകത്ത് നിന്ന് വ്യാപാരാര്‍ത്ഥം 15-ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ജൂതരെയാണ് പരദേശി ജൂതരെന്ന് വിളിക്കുന്നത്. അതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പശ്ചിമേഷ്യയില്‍ നിന്നെത്തിയ ജൂതർ കറുത്ത ജൂതന്മാര് എന്നാണ് അറിയപ്പെട്ടത്. ഇരുകൂട്ടരും തമ്മില്‍ മതപരമായി ഇടപഴകാറില്ലായിരുന്നു. സിനഗോഗുകളും വേറെയായിരുന്നു. കറുത്ത ജൂതന്മാരില് ഏതാനും പേര് മലബാറിലും കൊച്ചിയിലും ഇപ്പോഴുമുണ്ട്.
2012 മുതല്‍ 2018 വരെ കൊച്ചിയിലെ സിനഗോഗിന്റെ വാര്‍ഡനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്നു ക്വീനി ഹലേഗ്വ എസ്. കോഡറുടെ മകള്‍ എന്ന നിലയില്‍ ബിസിനസ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. കൊച്ചിയില്‍ ആദ്യമായി വൈദ്യുതി വിതരണം ആരംഭിച്ചതും ബോട്ട് സര്‍വ്വീസ് നടത്തിയതും എസ്. കോഡറിന്റെ നേതൃത്വത്തിലായിരുന്നു. 2011 വരെ എസ്. കോഡര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് പാര്‍ട്ണറായിരുന്നു ക്വീനി ഹലേഗ്വ. ഫോര്‍ട്ടുകൊച്ചി സെന്റ്മേരീസ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം.
ക്വീനി കോഡര്‍ ഹലേഗ്വ യാത്രയായതോടെ കൊച്ചിയുടെ ജൂതചരിത്രത്തില്‍ ഇനി ഒരു വനിതയില്ല. അനന്തരവൻ കീത്ത് ഹലേഗ്വ മാത്രമാണ് ഇനിയുള്ളത്.