യോഗത്തിന് വളര്‍ച്ചയുടെ സുവര്ണകാലഘട്ടം: പി.ടി.മന്മഥൻ

ശ്രീനാരായണമൂവ്മെന്റ് കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച ശ്രീനാരായണ കണ്‍വെന്‍ഷനില്‍ ”ശ്രീനാരായണ ദര്‍ശനവും ഗുരുദേവ പ്രസ്ഥാനങ്ങളും” എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് എസ്.എന്‍.ഡി.പിയോഗം അസി. സെക്രട്ടറി പി. ടി. മന്മഥന്‍ പ്രഭാഷണം നടത്തുന്നു. പ്രൊഫ. ജി. മോഹന്‍ദാസ്, എസ്. സുവര്‍ണ്ണകുമാര്‍, പത്തനാപുരം ഗാന്ധിഭവന്‍ ജനറല്‍ സെക്രട്ടറിയും കേരള സ്റ്റേറ്റ് ഓര്‍ഫണേജ് ബോര്‍ഡ് മെമ്പറുമായ ഡോ. പുനലൂര്‍ സോമരാജന്‍, സ്വാമി സുകൃതാനന്ദ, പ്രൊഫ. കെ. ശശികുമാര്‍, എന്നിവര്‍ വേദിയില്‍

കൊല്ലം :എസ്.എന്‍.ഡി.പി യോഗത്തിന്റെ 1996 മുതല്‍ 2021 വരെയുള്ള വളര്‍ച്ചയും പുരോഗതിയും വര്‍ണ്ണനാതീതമാണെന്നും വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഈ കാല്‍നൂറ്റാണ്ടുകാലം യോഗത്തിന്റെ സുവര്‍ണ്ണകാലഘട്ടമാണെന്നും എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയും യോഗം കൗണ്‍സിലറുമായ പി. ടി. മന്മഥന്‍ അഭിപ്രായപ്പെട്ടു.

ശ്രീനാരായണ മൂവ്മെന്റ് കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം പ്രസ്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച ശ്രീനാരായണ കണ്‍വെന്‍ഷനില്‍ ”ശ്രീനാരായണദര്‍ശനവും ഗുരുദേവപ്രസ്ഥാനങ്ങളും” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു പി.ടി. മന്മഥന്‍. . കുമാരനാശാന്‍ യുഗം, ടി.കെ.മാധവന്‍ യുഗം, സി.കേശവന്‍ യുഗം, ആര്‍.ശങ്കര്‍ യുഗം, വെള്ളാപ്പള്ളിയുഗം എന്നീ അഞ്ചുയുഗങ്ങളാണ് എസ്.എന്‍.ഡി.പി യോഗത്തിനുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ കാലം അഥവാ 25 വര്‍ഷക്കാലം യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളിയുടെ ഭരണകാലം ഒരു പുതുയുഗപ്പിറവിയെയാണ് വ്യക്തമാക്കുന്നത്. അദ്ദേഹം നേതൃപദവിയിലെത്തുമ്പോള്‍ കേവലം 57 എസ്.എന്‍.ഡി.പി യൂണിയനുകളും 3000 ല്‍ പരം എസ്.എന്‍.ഡി.പി ശാഖകളുമുണ്ടായിരുന്ന യോഗത്തിന് ഇന്ന് 139 എസ്.എന്‍.ഡി.പി യൂണിയനുകളും 7000ത്തില്‍പരം ശാഖകളുമുണ്ടായിരിക്കുന്നു. എയിഡഡ് കോളേജുകളും എയിഡഡ് സ്‌കൂളുകളും സ്വാശ്രയ കോളേജുകളുംസ്വാശ്രയ സ്‌കൂളുകളും കൊല്ലത്തെ ലോകോളേജും നഴ്സിംഗ് കോളേജും ഉള്‍പ്പെടെ 64 ല്‍ പരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതുതായി ഈ കാലയളവില്‍ സ്ഥാപിച്ചു. എസ്.എന്‍.ഡി.പി ശാഖകള്‍ക്കും യൂണിയനുകള്‍ക്കും അവരുടെതായ പ്രത്യേകം പ്രത്യേകം സ്‌കൂളുകളും കോളേജുകളും യോഗം പ്രവര്‍ത്തകരെ ചേര്‍ത്തുള്ള വിവിധ പ്രൈവറ്റ് ട്രസ്റ്റുകളുടെ നേതൃത്വത്തില്‍ 14 എന്‍ജിനീയറിംഗ് കോളേജുകളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 80 ശതമാനം ശാഖകള്‍ക്കും 139 എസ്.എന്‍.ഡി.പി യൂണിയനുകള്‍ക്കും സ്വന്തം കെട്ടിടങ്ങളുണ്ടായിരിക്കുന്നു. ഗുരുമന്ദിരങ്ങള്‍ അനേകമിരട്ടി വര്‍ദ്ധിച്ചു. എല്ലാ യൂണിയനുകള്‍ക്കും സ്വന്തമായി വാഹനമുണ്ടായിരിക്കുന്നു. യോഗപ്രവര്‍ത്തകരായ വനിതകള്‍ക്ക് ഇതിനകം തന്നെ 8000 കോടി രൂപയുടെ മൈക്രോഫൈനാന്‍സ് വഴിയുള്ള സാമ്പത്തിക സഹായം നല്‍കികഴിഞ്ഞു. ശ്രീനാരായണ ദര്‍ശനം ഉള്‍ക്കൊണ്ട് ഗുരുദേവന്‍ സ്ഥാപിച്ച എസ്.എന്‍.ഡി.പി യോഗവും ധര്‍മ്മസംഘവും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും ഒന്നിച്ച് മുന്നേറണമെന്ന് പി.ടി. മന്മഥന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ പത്തനാപുരം ഗാന്ധിഭവന്‍ ജനറല്‍ സെക്രട്ടറിയും കേരളാ സ്റ്റേറ്റ് ഓര്‍ഫനേജ് ബോര്‍ഡ് മെമ്പറുമായ ഡോ. പുനലൂര്‍ സോമരാജന്‍ ഉദ്ഘാടനം ചെയ്തു. മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് എസ്.സുവര്‍ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് എന്‍.ഡി.പിയോഗം നേതാവ് പ്രൊഫ. ജി. മോഹന്‍ദാസ് , വിദ്യാഭ്യാസ വിചക്ഷണന്‍ പ്രൊഫ.കെ ശശികുമാര്‍, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി ശിവഗിരി മഠത്തിലെ സ്വാമിസുകൃതാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ചര്‍ച്ചകള്‍ക്ക് പ്രബോധ് എസ് കണ്ടച്ചിറ നേതൃത്വം നല്‍കി. ഭാരവാഹികളായ ക്ലാവറ സോമന്‍ സ്വാഗതവും കീര്‍ത്തിരാമചന്ദ്രന്‍ കൃതജ്ഞതയും പറഞ്ഞു.

Author

Scroll to top
Close
Browse Categories