തീയിൽ കുരുത്ത നഞ്ചിയമ്മ

ഒരു മനുഷ്യായുസ്
മുഴുവൻ കഷ്ടപ്പെട്ട
നഞ്ചിയമ്മയുടേത് തീയിൽ കുരുത്ത ജന്മമാണ്. ദ്രൗപദി മുർമുവിനെപ്പോലെ രാജ്യത്തെ 135 കോടി മനുഷ്യർക്കിടയിൽ നിന്ന് താരപദവിയിലേക്ക് നടന്നുകയറിയ വനിത. ആ പ്രഥമ വനിതയിൽ നിന്ന് ദേശീയ പുരസ്ക്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങുന്ന ചരിത്ര മുഹൂർത്തത്തിനായി രാജ്യം കാതോർക്കുകയാണ്. നഞ്ചിയമ്മയുടെ ആ പാട്ട് സവർണ്ണ മേൽക്കോയ്മയുടെ പുകപടലം ബാധിയ്ക്കാത്ത നല്ല മനസ്സുള്ളവർക്ക് ഒന്നിച്ച് പാടാം…’കലക്കാത്ത സന്ദനമേറം……’

കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ലക്ഷക്കണക്കായ ആളുകളുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന ഈ പാട്ട് രാജ്യമാകെ ഏറ്റെടുത്തിരിക്കുന്നു.

ഇക്കൊല്ലത്തെ ദേശീയ സിനിമ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച ഗായികയ്ക്കുള്ള അവാർഡിന് അർഹയായത് ഈ പാട്ട് പാടിയ വയനാട്ടിലെ ആദിവാസി ഊരിലെ നാടൻ പാട്ടുകാരി നഞ്ചിയമ്മയാണ്. കാലങ്ങളായി സാമ്പ്രദായിക ചട്ടക്കൂടിൽ ചാലിച്ചെടുക്കുന്ന ചലച്ചിത്ര ഗാനത്തിനാണ് ദേശീയ അവാർഡ് നൽകിപ്പോരുന്നത്. അതിനാൽ സംഗീതവുമായി ബന്ധപ്പെട്ടവരെയും സംഗീതാസ്വാദകരെയും തെല്ലൊന്നുമല്ല ഈ തീരുമാനം അമ്പരപ്പിച്ചത്. എന്നാൽ നഞ്ചിയമ്മയെപ്പോലെ സാധാരണക്കാരിൽ സാധാരണക്കാരിയും നിഷ്ക്കളങ്കമായ പെരുമാറ്റത്തിന് ഉടമയും രാഷ്ട്രീയം തൊട്ടുതീണ്ടിയിട്ട് പോലുമില്ലാത്ത ഒരാൾക്ക് അവാർഡ് ലഭിച്ചപ്പോൾ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, സംഗീത മേഖലകളിൽ നിന്നുണ്ടായ കുറ്റകരമായ മൗനമാണ് പൊതുസമൂഹത്തെ അതിലേറെ അമ്പരപ്പിച്ചത്. അതുല്യ പ്രതിഭാശാലി ആയിരുന്ന സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും” എന്ന ചിത്രം ഈ പാട്ട് പാടിയ നഞ്ചിയമ്മയെക്കൂടാതെ മറ്റു മൂന്ന് അവാർഡുകൾ കൂടി കരസ്ഥമാക്കി. ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് നേടിയത് സച്ചിയാണ്. ദേശീയ പുരസ്ക്കാരം ഏറ്റുവാങ്ങാൻ സച്ചി ഇല്ലല്ലോ എന്നതാണ് ഏവരിലും ഒരു വിങ്ങലായി അവശേഷിക്കുന്നത്. അതേസമയം നഞ്ചിയമ്മയ്ക്ക് ലഭിച്ച അവാർഡ് സമ്മിശ്ര പ്രതികരണമാണുളവാക്കിയത്. മലയാളത്തിന്റെ മനസിലേക്ക് പാടിക്കയറിയ നാഞ്ചിയമ്മ ഗോത്രതാളത്തിന്റെ ജൈവികതയും തനിമയും ആ ഒരൊറ്റ പാട്ടിലൂടെ അനുഭവവേദ്യമാക്കുകയായിരുന്നു.ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കും മുമ്പേ തന്നെ ‘അയ്യപ്പനും കോശിയും” ഏതെങ്കിലും പുരസ്കാരം നേടുമെന്ന് കരുതിയിരുന്നെങ്കിലും നഞ്ചിയമ്മയുടെ പുരസ്കാര ലബ്ധി തീർത്തും അപ്രതീക്ഷിതമായിരുന്നു. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ പ്രത്യേക ജൂറി പുരസ്കാരം നഞ്ചിയമ്മ നേടിയിരുന്നുവെന്ന കാര്യം വിസ്മരിക്കുന്നില്ല.

സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ ഹൃദയം കൊണ്ട് നഞ്ചിയമ്മ പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല.

സംഗീതസംവിധായകൻ
അൽഫോൺസ് ജോസഫ്

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഗായികയായി നഞ്ചിയമ്മതിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ പലരുടെയും നെറ്റി ചുളിഞ്ഞെങ്കിലും പുരോഗമനത്തിന്റെയും മതേതര ചിന്തയുടെയുമൊക്കെ കപട മേലങ്കി വാരിയണിഞ്ഞ അവരൊന്നും ഒരു പരസ്യ വിമർശനത്തിന് മുതിർന്നില്ല. നാഴികയ്ക്ക് നാല്പത് വട്ടം ദളിത്, ആദിവാസി പ്രേമം പ്രകടിപ്പിക്കുന്നവർ പോലും ഇന്ത്യയുടെ പരമോന്നത പൗരന്റെ സ്ഥാനത്തേക്ക് ദ്രൗപദി മുർമു എന്ന ആദിവാസി ഗോത്ര വിഭാഗക്കാരിയെ ഒന്നംഗീകരിക്കാൻ തയ്യാറാകാതെ സവർണ്ണ ഫ്യൂഡലിസ്റ്റിക് നാട്യത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ നിൽക്കുമ്പോഴാണ് പിന്നാലെ നഞ്ചിയമ്മയുടെ ദേശീയ പുരസ്ക്കാര ലബ്ധിയും എത്തിയത്. അതോടെ നെഞ്ചകം തകർന്ന കപട വേഷധാരികൾക്ക് ഒന്നുകൂടി പ്രതിഷേധിക്കാനുള്ള ശേഷി നഷ്ടമായിട്ടുണ്ടാകണം. എന്നാൽ നഞ്ചിയമ്മയെ അഭിനന്ദിക്കാനും പുരസ്ക്കാര ലബ്ധിയിൽ ആഹ്ളാദിക്കാനും സംഗീതലോകത്ത് നിന്ന് ഗായികമാരായ സുജാത, സിതാര കൃഷ്ണകുമാർ തുടങ്ങി ചുരുക്കം പേരെങ്കിലും എത്തിയെന്നത് സവർണ്ണ ഫ്യൂഡലിസ്റ്റുകളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയിരിക്കുക. നഞ്ചിയമ്മയുടെ പുരസ്ക്കാരത്തെ വിമർശിച്ച് ആദ്യം എത്തിയത് അത്രയൊന്നും അറിയപ്പെടാത്ത ലിനുലാൽ എന്ന സംഗീതജ്ഞനാണ്. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവർക്ക് നഞ്ചിയമ്മയ്ക്ക് നൽകിയ ഈ അംഗീകാരം അപമാനമായി തോന്നുന്നില്ലേ എന്നായിരുന്നു ആ മഹാന്റെ സംശയം. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ നഞ്ചിയമ്മ പാടിയ പാട്ടാണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ചോദിച്ചുകൊണ്ടായിരുന്നു ലിനുലാലിന്റെ പ്രതികരണം. ചെറുപ്രായത്തിലേ സംഗീതം അഭ്യസിച്ച് ജീവിതം സംഗീതത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവച്ച ഒരുപാട് പേരുണ്ട്. അതിൽ ഒരുപാട് പേർ പ്രശസ്തരാണ്. അങ്ങനെയുള്ളവരുള്ളപ്പോൾ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം നൽകിയത് ശരിയായില്ല. ഒരു പുതിയ ഗാനം ഒരുക്കിയ ശേഷം നഞ്ചിയമ്മയെക്കൊണ്ട് പാടിപ്പിക്കാൻ ശ്രമിച്ചാലും കഴിയില്ല. ഒരു മാസം സമയം കൊടുത്താൽ പോലും നഞ്ചിയമ്മയ്ക്ക് സാധാരണ ഒരു പാട്ട് പാടാൻ പറ്റുമെന്ന് തനിക്കു തോന്നുന്നില്ല. മറ്റു മികച്ച ഗായകർക്ക് ഇതൊരപമാനമായി തോന്നില്ലേ എന്നും ലിനു ചോദിക്കുന്നു.മികച്ച ഗായികയ്ക്കുള്ളത് ഒരു ഗായികയ്ക്ക് തന്നെ നൽകിയിട്ട് നഞ്ചിയമ്മയ്ക്ക് ഒരു സ്‌പെഷ്യൽ ജൂറി പുരസ്‌കാരം നൽകാമായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും പറഞ്ഞ ലിനുലാലിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ ഹൃദയം കൊണ്ട് നഞ്ചിയമ്മ പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ലെന്നാണ് ലിനുലാലിന്റെ വിമർശനത്തിന് മറുപടിയായി സംഗീതജ്ഞനായ അൽഫോൺസ് ജോസഫ് പ്രതികരിച്ചത്. ഈ പുരസ്‌കാരം ഒരു തെളിച്ചമാണ്, പാട്ട് കണ്ഠത്തിൽ നിന്നോ തലച്ചോറിൽ നിന്നോ അല്ല വരേണ്ടത്, നെഞ്ചിൽ തട്ടി തെറിച്ചു വരേണ്ടതാണ്, അത് കൊണ്ട് ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കിൽ തന്നെ വന്നു കൊള്ളും എന്ന് ഗായിക സിതാര കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനും നഞ്ചിയമ്മയ്ക്കും എതിരെ ഇടതുപക്ഷ സവർണ ബുദ്ധിജീവികൾ നടത്തുന്ന ആക്രമണങ്ങൾ കാണാതെ പോകരുതെന്നായിരുന്നു നടൻ ഹരീഷ് പേരടിയുടെ കുറിയ്ക്ക് കൊള്ളുന്ന പ്രതികരണം.

“ഞാൻ കുട്ടിയായിരിക്കുമ്പോൾ ആദിവാസികളല്ലാത്തവരെ കാണുന്നത് തന്നെ പേടിയായിരുന്നു. അത്തരം ആളുകളെ കാണുമ്പോൾ കാട്ടിൽ പോയി ഒളിക്കുമായിരുന്നു. ഞാൻ മാത്രമല്ല, എല്ലാ കുട്ടികളും ആ പേടിയിലാണ് ജീവിച്ചത്…!

കണ്ണീരിന്റെയും ഉപ്പിന്റെയും
താളാത്മകമായ മിശ്രിതം

ആദിവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ. കേരളത്തിലെ ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ താമസിക്കുന്നു. നല്ലൊരു കൃഷിക്കാരിയും കൂടിയായ ഇവർക്ക് ലവലേശം പരിചയമുള്ളതല്ല ആധുനിക ലോകത്തെ കപട സദാചാരവും പൊങ്ങച്ചവുമൊന്നും. അട്ടപ്പാടിയിലെ ഊരുകളിൽ വിശേഷവേളകളിലും ആദിവാസി ഉത്സവങ്ങളിലുമൊക്കെ താളവും മേളവും ഒപ്പിച്ച് തന്റേതായ പിച്ചിലും ഈണത്തിലും പാട്ടുകൾ പാടും. ആ പാട്ടുകൾ ആദിവാസി ഊരുകളിൽ പ്രസിദ്ധമാണ്. പാട്ടിന്റെ ഭാഷ മലയാളമെന്നോ തമിഴെന്നോ പറയാനാകില്ല. രണ്ടും കൂടി ഇഴചേർന്ന ഈരടികളിൽ പക്ഷെ പാവങ്ങളുടെ ജീവിതത്തിന്റെ താളാത്മകമായ കണ്ണീരിന്റെയും ഉപ്പിന്റെയും മിശ്രിതം അടങ്ങിയിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസികളുടെ കഥ പറയുന്ന ‘അയ്യപ്പനും കോശിയും’ അട്ടപ്പാടിയിൽ ചിത്രീകരിക്കുന്നതിനിടെയാണ് സംവിധായകൻ സച്ചി നഞ്ചിയമ്മയെക്കുറിച്ച് കേട്ടറിഞ്ഞത്. കേട്ടറിവിനെക്കാൾ കണ്ടറിഞ്ഞ് ബോധിച്ച സച്ചിക്ക് നഞ്ചിയമ്മയെയും അവരുടെ സംഗീതത്തെയും അതിലേറെ ബോധിച്ചു. അങ്ങനെയാണ് ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന പാട്ട് നഞ്ചിയമ്മയെക്കൊണ്ടു തന്നെ പാടി റെക്കോർഡ് ചെയ്യിച്ചത്. ‘അയ്യപ്പനും കോശിയും’ സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. യുട്യൂബിൽ റിലീസ് ചെയ്ത ഗാനം അന്ന് തന്നെ ദശലക്ഷക്കണക്കിന് ആസ്വാദകരെയാണ് നേടിയത്. ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിലെ അംഗമാണ് നഞ്ചിയമ്മ. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ജീവനാണ്. തലമുറകൾ കൈമാറി വന്ന ഈണങ്ങളാണ് നഞ്ചിയമ്മയിലൂടെ മലയാള സിനിമയിൽ എത്തിയത്. അയ്യപ്പനും കോശിയും എന്ന സിനിമയ്ക്ക് വേണ്ടിയാണോ താൻ പാടിയതെന്നോ, സിനിമയിലെ നായകന്മാരായ പൃഥ്വിരാജ്, ബിജുമേനോൻ എന്നിവരൊക്കെ ആരെന്നോ നഞ്ചിയമ്മയ്ക്ക് അറിയില്ലായിരുന്നു. ആകെ അറിയാമായിരുന്നത് സച്ചിയെ മാത്രം. ആ സച്ചിയുടെ അകാലമരണം നഞ്ചിയമ്മയെ ഏറെ തളർത്തിയിരുന്നു.

ഈ പുരസ്‌കാരം ഒരു തെളിച്ചമാണ്, പാട്ട് കണ്ഠത്തിൽ നിന്നോ തലച്ചോറിൽ നിന്നോ അല്ല വരേണ്ടത്, നെഞ്ചിൽ തട്ടി തെറിച്ചു വരേണ്ടതാണ്, അത് കൊണ്ട് ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കിൽ തന്നെ വന്നു കൊള്ളും

ഗായിക സിതാര കൃഷ്ണകുമാർ ഫേസ്ബുക്കിൽ

വി.എച്ച് ദിരാർ എഴുതിയ ‘നഞ്ചമ്മ എന്ന പാട്ടമ്മ’ പുസ്തകത്തിൽ നഞ്ചിയമ്മയുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള വിവരണമുണ്ട്.അവർ പറയുന്നു..
‘ഞാൻ കുട്ടിയായിരിക്കുമ്പോൾ ആദിവാസികളല്ലാത്തവരെ കാണുന്നത് തന്നെ പേടിയായിരുന്നു. അത്തരം ആളുകളെ കാണുമ്പോൾ കാട്ടിൽ പോയി ഒളിക്കുമായിരുന്നു. ഞാൻ മാത്രമല്ല, എല്ലാ കുട്ടികളും ആ പേടിയിലാണ് ജീവിച്ചത്…!”
ദേശീയ പുരസ്‌കാരം ലഭിച്ചതിനുശേഷം നഞ്ചിയമ്മ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.
”ആടുമേച്ച് നടന്ന എന്നെ ലോകത്തിന് കാട്ടിക്കൊടുത്തത് സച്ചി സാറാണ്”

വിമർശകർ അറിയാൻ…..

നഞ്ചിയമ്മയെ വിമർശിക്കുന്നവർ കഥയറിയാതെ ആട്ടം കാണുന്നവരാണോ എന്ന് തോന്നാം. കാരണം ഒരുവർഷത്തെ അവാർഡ് പരിഗണനയ്ക്കായാണ് പാട്ടുകളും ഗായകരും ജൂറിയുടെ പരിഗണനയ്ക്കെത്തുന്നത്. അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടതായി തോന്നുന്നതിനാകും അവാർഡ് നൽകുക. സമഗ്ര സംഭാവനയ്ക്കല്ല. ജൂറിക്ക് നഞ്ചിയമ്മയുടെ പാട്ടിന്റെ താളവും ലയവും ഈണവും സംഗീതവും റിഥവുമൊക്കെ മറ്റു ഗായകർ പാടിയ പാട്ടിന്റേതിനെക്കാൾ ഇഷ്ടപ്പെട്ടിട്ടാകാം അവാർഡ് നൽകാൻ തീരുമാനിച്ചിട്ടുണ്ടാകുക. അതിന് അവാർഡ് കമ്മിറ്റിയെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം ? നഞ്ചിയമ്മ പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനത്താലാണ് അവാർഡ് തരപ്പെടുത്തിയതെന്ന് വിമർശകർക്ക് പോലും പറയാനാകില്ല. തങ്ങളുടെ പ്രത്യയശാസ്ത്രവുമായി ചേർന്നു നിൽക്കാത്തവർക്ക് പുരസ്ക്കാരങ്ങൾ കിട്ടുമ്പോൾ പറയുന്ന പതിവ് പല്ലവിയും ഇവിടെ ചെലവാകില്ല.

കഴിഞ്ഞ കുറെ വർഷങ്ങളായിപദ് മ പുരസ്ക്കാരങ്ങൾ അടക്കമുള്ള ദേശീയ പുരസ്ക്കാരങ്ങൾക്കായി തിരഞ്ഞെടുക്കുന്നത് വ്യത്യസ്ത മേഖലകളിലെ പുറംലോകം അത്രയ്ക്ക് ശ്രദ്ധിക്കാത്ത, എന്നാൽ അവരുടെ മേഖലകളിൽ കഴിവ് തെളിയിക്കുന്നവരെ കണ്ടെത്തിയാണ്. പുരസ്ക്കാരങ്ങൾ കൈപ്പിടിയിലൊതുക്കാൻ പണവും സ്വാധീനവും വേണ്ടുവോളം ഉപയോഗിച്ച് അവ നേടിയെടുക്കുന്ന പ്രാഞ്ചിയേട്ടന്മാരുടെ കാലം കഴിഞ്ഞുവെന്ന തിരിച്ചറിവാണ് അവാർഡ് കിട്ടുന്നവരെ ആക്ഷേപിക്കുന്നവരുടെ മനോനിലയെ നിയന്ത്രിക്കുന്നത്. ഒരു മനുഷ്യായുസ് മുഴുവൻ കഷ്ടപ്പെട്ട നഞ്ചിയമ്മയുടേത് തീയിൽ കുരുത്ത ജന്മമാണ്. ദ്രൗപദി മുർമുവിനെപ്പോലെ രാജ്യത്തെ 135 കോടി മനുഷ്യർക്കിടയിൽ നിന്ന് താരപദവിയിലേക്ക് നടന്നുകയറിയ വനിത. ആ പ്രഥമ വനിതയിൽ നിന്ന് ദേശീയ പുരസ്ക്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങുന്ന ചരിത്ര മുഹൂർത്തത്തിനായി രാജ്യം കാതോർക്കുകയാണ്. നഞ്ചിയമ്മയുടെ ആ പാട്ട് സവർണ്ണ മേൽക്കോയ്മയുടെ പുകപടലം ബാധിയ്ക്കാത്ത നല്ല മനസ്സുള്ളവർക്ക് ഒന്നിച്ച് പാടാം…’കലക്കാത്ത സന്ദനമേറം……’

Author

Scroll to top
Close
Browse Categories