വാക്കു പാലിച്ച് യോഗം ജനറല്‍ സെക്രട്ടറി;കോയിക്കല്‍ സജീവന്റെ ബാദ്ധ്യത തീര്‍ത്തു
കൊച്ചി: ഭൂമി തരംമാറ്റാന്‍ സാധിക്കാത്തതിന്റെ മനോവിഷമത്താല്‍ ജീവനൊടുക്കിയ പറവൂര്‍ യൂണിയന് മാല്യങ്കര ശാഖയിലെ കോയിക്കല്‍ സജീവന്റെയും ഭാര്യ സതിയുടെയും പേരിലുണ്ടായിരുന്ന കടബാദ്ധ്യതകള്‍ എസ്.എന്‍.ഡി.പി യോഗവും പറവൂര്‍ യൂണിയനും തീര്‍ത്തു.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിര്‍ദ്ദേശപ്രകാരം യൂണിയന് സെക്രട്ടറിയും ഭാരവാഹികളും ഇതുസംബന്ധിച്ചു നടത്തിയ പ്രഖ്യാപനമാണ് യാഥാര്‍ത്ഥ്യ മായത്.
സജീവന്റെ പേരില്‍ ശ്രീനാരായണ ധര്‍മ്മ പ്രകാശിനി സഭയില്‍ പണയം വെച്ചിരുന്ന 5,22,151 രൂപയുടെ സ്വര്‍ണ്ണവും മൂത്തകുന്നം കെ.എസ്.എഫ്.ഇയില്‍ പണയം വച്ചിരുന്ന 1,01,165 രൂപയുടെ സ്വര്‍ണ്ണവും തിരിച്ചെടുത്തു.
ചെട്ടിക്കാട് സര്‍വീസ് സഹകരണ സംഘത്തില്‍ നിന്ന് സജീവ് എടുത്ത 51,151 രൂപയുടെ വായ്പ, സതിയുടെ പേരില്‍ ചെട്ടിക്കാട് സഹകരണ സംഘത്തിലുള്ള 5000 രൂപയുടെ വായ്പ, പറവൂര്‍ മഹിള സഹകരണസംഘത്തില്‍ സതിയുടെ പേരിലുണ്ടായിരുന്ന 54,000 രൂപയുടെ വായ്പ എന്നിവയുള്‍പ്പെടെ 7,33,467 രൂപയുടെ ബാദ്ധ്യതകളാണ് യൂണിയന് തീര്‍ത്തത്.
തിരിച്ചെടുത്ത സ്വര്‍ണവും മറ്റു രേഖകളും സതിസജീവന് യൂണിയന് ഓഫീസില്‍ വച്ച് യൂണിയന് സെക്രട്ടറി ഹരിവിജയനും യൂണിയന് പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണനും ചേര്‍ന്ന് കൈമാറി. യൂണിയന് കീഴിലുള്ള 72 ശാഖകളില്‍ നിന്നുള്ള ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.