യോഗനിലപാട് മാതൃക: മന്ത്രി സജിചെറിയാന്‍

ചേര്‍ത്തല: മതവിദ്വേഷവും വെറുപ്പും സമൂഹത്തില്‍ വളര്‍ത്തുന്നതിനെതിരെ ശ്രീനാരായണദര്‍ശനം ഉയര്‍ത്തിപ്പിടിച്ച് എസ്.എന്‍.ഡി.പി യോഗം കൈക്കൊണ്ട നിലപാടുകള്‍ മാതൃകാപരമാണെന്ന് മന്ത്രി സജിചെറിയാന്‍ പറഞ്ഞു. 32 ഭവനങ്ങളുടെ താക്കോല്‍ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജാതിയുടെയും മതത്തിന്റെയും പേരിലെ വിവേചനവും അടിച്ചമര്‍ത്തലും ഭ്രാന്താലയമാക്കിയ കേരളത്തെ ഇന്നത്തെ ഉന്നതിയിലേക്ക് ഉയര്‍ത്തിയതില്‍ ശ്രീനാരായണഗുരുവിന്റെ ഇടപെടല്‍ പ്രധാനമാണ്. അന്ധവിശ്വാസവും അനാചാരവും അവസാനിപ്പിക്കുക മാത്രമല്ല, മനുഷ്യസ്നേഹം വളര്‍ത്തുകകൂടിയാണ് ഗുരുദേവദര്‍ശനം സാദ്ധ്യമാക്കിയത്. യോഗവും, ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന്റെ തെളിവാണ് മതവിദ്വേഷം വളര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ധീരതയോടെ പ്രതികരിച്ചത്.

ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ച് ഗുരു ചിന്തിച്ച ആശയങ്ങളാണ് ഇന്നും നടപ്പാക്കുന്നത്. അതിന്റെ പൂര്‍ത്തീകരണത്തിന് കഴിഞ്ഞ 25 വര്‍ഷമായി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വം പ്രതിജ്ഞാബദ്ധമായാണ് മുന്നേറുന്നത്. ക്രൈസ്തവ കുടുംബത്തില്‍ പിറന്നെങ്കിലും കര്‍മ്മം കൊണ്ട് ഈഴവനാണെന്ന ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന തനിക്ക് അഭിമാനമാണെന്നും മന്ത്രി പറഞ്ഞു

.മനുഷ്യസ്നേഹം ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനശൈലിയാണ് വെള്ളാപ്പള്ളിയെ വ്യത്യസ്തനാക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. പറഞ്ഞു. ചേര്‍ത്തല ശ്രീനാരായണകോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ സി.പി. സുദര്‍ശനന്‍ സ്വാഗതവും ചേര്‍ത്തല എസ്.എന്‍. ട്രസ്റ്റ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ യു. ജയന്‍ നന്ദിയും പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ കുട്ടികളുമായി സംവദിക്കുകയും, പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.

Author

Scroll to top
Close
Browse Categories