ജനാധിപത്യത്തെ സവര്‍ണാധിപത്യം കീഴ്പ്പെടുത്തി
കൊല്ലം: കേരളത്തില്‍ ജനാധിപത്യത്തെ സവര്‍ണാധിപത്യം കീഴ്പ്പെടുത്തിയിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം പത്തനാപുരം യൂണിയന് പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഈഴവരെയും മറ്റ് അധഃസ്ഥിത വിഭാഗങ്ങളെയും വോട്ട് ബാങ്കായി മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ഗുരു അരുള്‍ ചെയ്തു. പക്ഷെ ഈഴവസമുദായത്തിനും മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ സൗകര്യങ്ങളില്ല ഇത് സംജാതമാകണം. മറ്റ് സമുദായങ്ങള്‍ ജാതി പറയുമ്പോള്‍ ഈഴവ സമുദായത്തിന് ജാതിയുടെ പേര് പറയാന്‍ അവകാശമില്ലാതായി. മറ്റ് സമുദായങ്ങള്‍ ജാതി പറഞ്ഞ് അവകാശങ്ങള്‍ നേടുന്നു. ഈഴവ സമുദായങ്ങള്‍ ജാതി പറഞ്ഞാല്‍ അപമാനവും മറ്റ് സമുദായങ്ങള്‍ പറഞ്ഞാല്‍ അഭിമാനവുമാണ്. മാറി മാറി വരുന്ന സര്‍ക്കാരും ജനാധിപത്യ സംവിധാനങ്ങളും ഈഴവരുടെ ഉന്നമനത്തിനായി ഒന്നും ചെയ്യുന്നില്ല. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടണമെങ്കില്‍ സംഘടിത ശക്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തക സമ്മേളനം ഭദ്രദീപ പ്രകാശനം പ്രീതിനടേശന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍, ഡിഗ്രി തലത്തില്‍ റാങ്ക് നേടിയവര്‍ എന്നിവര്‍ക്ക് മെരിറ്റ് അവാര്‍ഡ് നല്കി. ചികിത്സാ ധനസഹായം, ഓണക്കിറ്റ് വിതരണവും നടന്നു. വനിതാസംഘം കലോത്സവ വിജയികള്‍ക്കുള്ള അവാര്‍ഡ്, ഏകാത്മകം ഗിന്നസ് വേള്‍ഡ് റെക്കോഡ് ജേതാക്കള്‍ക്കുള്ള ഗിന്നസ് സര്‍ട്ടിഫിക്കറ്റ് വിതരണം, യൂണിയന് പരിധിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം വിതരണം എന്നിവയും നടന്നു.
യൂണിയന് പ്രസിഡന്റ് ആദംകോട് കെ. ഷാജി അദ്ധ്യക്ഷനായി. വനിതാസംഘം കലോത്സവ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരന് നിര്‍വഹിച്ചു പുനലൂര്‍ യൂണിയന് പ്രസിഡന്റ് ടി.കെ. സുന്ദരേശന്, സെക്രട്ടറി ഹരിദാസ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പിറവന്തൂര്‍ ഗോപാലകൃഷ്ണന്, എം.എം. രാജേന്ദ്രന്, യൂണിയന് കൗണ്‍സിലര്‍മാരായ വി.ജെ. ഹരിലാല്‍, പി. ലെജു, ജി. ആനന്ദന്, ബി. കരുണാകരന്, യൂണിയന് കൗണ്‍സിലറും യൂത്ത്മൂവ്മെന്റ് യൂണിയന് പ്രസിഡന്റുമായ റിജു വി ആമ്പാടി, യൂണിയന് കൗണ്‍സിലറും വനിതാസംഘം യൂണിയന് സെക്രട്ടറിയുമായ എസ്. ശശിപ്രഭ, യൂണിയന് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എന്‍.പി. ഗണേഷ്കുമാര്, എന്‍.ഡി. മധു, എസ്. ചിത്രാംഗദന്‍, യൂണിയന് വനിതാസംഘം പ്രസിഡന്റ് സുലതപ്രകാശ്, യൂണിയന് യൂത്ത്മൂവ്മെന്റ് സെക്രട്ടറിയും സൈബര്‍ സേന കേന്ദ്രസമിതി ജോയിന്റ് കണ്‍വീനറുമായ ബിനുസുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന് സെക്രട്ടറി ബി. ബിജു സ്വാഗതവും വൈസ്പ്രസിഡന്റ് കെ.കെ. ശശീന്ദ്രന് നന്ദിയും പറഞ്ഞു.