ക്ഷേത്ര ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും കാലോചിത മാറ്റം അനിവാര്യം
മൂവാറ്റുപുഴ:ക്ഷേത്ര ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പുരുഷന്‍മാര്‍ ക്ഷേത്രത്തില്‍ കയറുമ്പോള്‍ ഷര്‍ട്ട് ഊരുന്നതുള്‍പ്പെടെ മാറ്റം വരണം.
എസ് എന്‍ ഡി പി യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലുള്ള ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തില്‍ അലങ്കാര ഗോപുര സമര്‍പ്പണവും, മഹാസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതപ്പെട്ടത് നേടിയെടുക്കുന്നതിനായി സമുദായ അംഗങ്ങള്‍ സംഘടിച്ച് ശക്തരാവുക എന്ന ഗുരുദേവ വചനം ഉള്‍ക്കൊണ്ട് ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കണം അദ്ധ്യാപക – വിദ്യാര്‍ത്ഥി – രക്ഷകര്‍ത്താക്കളുടേയും മനേജ്‌മെന്റിന്റെയും സംയുക്ത സംരംഭമായി വിവിധോദ്യേശങ്ങളോടെ ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിര്‍മ്മിച്ചിരിക്കുന്ന നടപ്പന്തലിന്റെ സമര്‍പ്പണം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും, ക്ഷേത്രസന്നിധിയിലേക്ക് കയറുന്നതിനായി മുപ്പത്തിമുക്കോടി ദേവതാ സങ്കല്പത്തില്‍ 33 പടവുകളോടുകൂടി നിര്‍മ്മിച്ചിട്ടുള്ള തിരുനടയുടെ സമര്‍പ്പണം കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലും നിര്‍വഹിച്ചു.
മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മൂവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടന്‍ മുഖ്യപ്രഭാഷണം നടത്തി. മുവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി പി എല്‍ദോസ്, യൂണിയന്‍ വൈസ് പ്രസിഡന്റ് പി എന്‍ പ്രഭ, യോഗം ഡയറക്‌ടര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ.എന്‍ രമേശ്, വാര്‍ഡ് കൗണ്‍സിലര്‍ ജിനു ആന്റണി, യൂണിയന്‍ കൗണ്‍സിലര്‍മാരായ പി ആര്‍ രാജു, എം ആര്‍ നാരായണന്‍, കെ പി അനില്‍, ടി വി മോഹനന്‍, ക്ഷേത്ര കമ്മറ്റി കണ്‍വീനര്‍ പി വി അശോകന്‍, ക്ഷേത്ര സ്ഥപതി കെ കെ ശിവന്‍ ആചാരി, ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിനി എം എസ്, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി എസ് ധന്യ, പി ടി എ പ്രസിഡന്റ് സജീവന്‍, യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ എം എസ് വില്‍സന്‍, എന്‍ കെ ശ്രീനിവാസന്‍, യൂണിയന്‍ വനിത സംഘം പ്രസിഡന്റ് നിര്‍മ്മല ചന്ദ്രന്‍, സെക്രട്ടറി ഭാനുമതി ഗോപിനാഥ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എം ആര്‍ സിനോജ്, സെക്രട്ടറി പി എസ് ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ക്ഷേത്രഗോപുര ശില്പി സുമേഷ് കുമാറിനെയും, തിരുനടയുടെ ഡിസൈനര്‍ സിന്‍ഷാദിനേയും യോഗത്തില്‍ ആദരിച്ചു. യൂണിയന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അഡ്വ. എ കെ അനില്‍കുമാര്‍ സ്വാഗതവും, ഡയറക്‌ടര്‍ ബോര്‍ഡ് മെമ്പര്‍ പ്രമോദ് കെ തമ്പാന്‍ നന്ദിയും പറഞ്ഞു.