കുട്ടനാട്ടുകാരുടെ ഗുരുഭക്തി അനിര്‍വചനീയം

എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്‍ കാവാലം വടക്ക് 945-ാം നമ്പര്‍ ശാഖയില്‍ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം നടന്ന ക്ഷേത്രസമര്‍പ്പണ സമ്മളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

കുട്ടനാട്: എസ്.എന്‍.ഡി.പി യോഗത്തോടും ഗുരുവിനോടും കുട്ടനാട്ടുകാര്‍ക്കുള്ള കൂറും ഭക്തിയും അനിര്‍വചനീയമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കുട്ടനാട് യൂണിയനിലെ കാവാലം വടക്ക് 945-ാം നമ്പര്‍ ശാഖയില്‍ പഞ്ചലോഹവിഗ്രഹപ്രതിഷ്ഠയ്ക്ക് ശേഷം നടന്ന ക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്നും വെള്ളത്തില്‍ കിടക്കാനും മറ്റുള്ളവര്‍ക്ക് വേണ്ടി ജോലിയെടുക്കാനും വിധിക്കപ്പെട്ടവരായി കുട്ടനാട്ടുകാര്‍ മാറി. കുടിവെള്ളം പോലും കാശുകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്. എന്‍ഡോസള്‍ഫാന്‍ പോലെയുള്ള വിഷം പേരുമാറ്റി വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ കാന്‍സര്‍ രോഗം ഏറ്റവും കൂടുതലുള്ള സ്ഥലമായി കുട്ടനാട് മാറി. തിരഞ്ഞെടുപ്പില്‍ ചിഹ്നം നോക്കി കുത്തുന്നവരാണ് ഇവിടുള്ളവരില്‍ ഏറെപ്പേരും. അതുകൊണ്ടാണ് ഇന്നും വെള്ളത്തില്‍ കിടക്കുന്നത്. അതേ സമയം പേര് നോക്കി കുത്തുന്നവരൊക്കെ രക്ഷപ്പെട്ടു. ജാതി വ്യവസ്ഥ നിയമപ്രകാരം നിലനില്‍ക്കുമ്പോള്‍ ജാതി പറയേണ്ടി വരും. ജനാധിപത്യം മതാധിപത്യത്തിന് കീഴടങ്ങുകയാണ്.

എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. സ്വാമി അസംഗാനന്ദഗിരി അനുഗ്രഹപ്രഭാഷണം നടത്തി. നടപ്പന്തല്‍, കൊടിമര സമര്‍പ്പണം കുട്ടനാട് യൂണിയന്‍ ചെയര്‍മാന്‍ പി.വി. ബിനേഷ് പ്ലാത്താനത്തും യൂണിയന്‍ കണ്‍വീനര്‍ സന്തോഷ് ശാന്തിയും നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് എം.കെ. മോഹന്‍ദാസ് അദ്ധ്യക്ഷനായി. യോഗം കൗണ്‍സിലര്‍ പി.എസ്.എന്‍ ബാബു , കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ജോഷി, ചെറുകര രണ്ടാംനമ്പര്‍ ശാഖാ പ്രസിഡന്റ് ആതിര, കുന്നുമ്മ പടിഞ്ഞാറ് ശാഖാ പ്രസിഡന്റ് കെ.പി. കണ്ണന്‍, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ലേഖ ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.വി. അശോകന്‍ സ്വാഗതവും വൈസ്പ്രസിഡന്റ് പി.ബി. ദിലീപ് നന്ദിയും പറഞ്ഞു.

ശാഖയിലെ 400ഓളം കുടുംബങ്ങള്‍ക്ക് 750 രൂപ വീതം ഓണസമ്മാനമായി ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചു. ഈ തുക വിതരണം ചെയ്യാന്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Author

Scroll to top
Close
Browse Categories