കള്ളക്കേസുകളിലൂടെ യോഗത്തെ തകർക്കാനാകില്ല
പറവൂർ: സ്വന്തം താത്പര്യം സംരക്ഷിക്കാൻ കള്ളക്കേസുകൾ നൽകി എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനുള്ള ചിലരുടെ ശ്രമങ്ങളൊന്നും വിജയിക്കില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനിൽ പെരുമ്പടന്ന ശാഖ നിർമ്മിച്ച വെള്ളാപ്പള്ളി നടേശൻ രജത ജൂബിലി ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നീക്കത്തെ എല്ലാ കാലഘട്ടത്തിലും സമുദായം ഒറ്റക്കെട്ടായി നേരിട്ട് തോൽപ്പിച്ചിട്ടുണ്ട്. സമുദായാംഗങ്ങളിൽ ഭിന്നത ഉണ്ടാക്കാനുള്ള നീക്കങ്ങൾക്കാണ് ഇവർ ശ്രമിക്കുന്നത്. ഇതൊന്നും വിജയിക്കുകയില്ല.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പറവൂർ യൂണിയൻ ശാഖകൾക്ക് നൽകിവരുന്ന നാല് ലക്ഷം രൂപ ധനസഹായം കൊണ്ട് നിർമ്മാണം പൂർത്തീകരിച്ച പുതിയ ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിനിർവ്വഹിച്ചത്.
പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനക്കപ്പടി വിശിഷ്ട വ്യക്തികളെ ആദരിച്ചു. മേഖലാ കൺവീനർ ഡി.പ്രസന്നകുമാർ, യൂണിയൻ കൗൺസിലർമാരായ കണ്ണൻ കൂട്ടുകാട്, കെ.ബി. സുഭാഷ്, വി.എൻ. നാഗേഷ്,ടി.എം.ദിലീപ്,ടി.പി.കൃഷ്ണൻ, ശാഖ പ്രസിഡന്റ് ശാന്ത മനോഹരൻ, ശാഖ വൈസ് പ്രസിഡന്റ് വി.ഡി. ഹരിഹരൻ, ശാഖാ സെക്രട്ടറി പി വി ജോഷി, യൂണിയൻ കമ്മിറ്റിയംഗം ജോഷി പല്ലേക്കാട്ട് എന്നിവർ സംസാരിച്ചു