ഐക്യമില്ലായ്മ സമുദായത്തിന്റെ ശാപം
കൊച്ചി: വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കാലത്ത് ഐക്യമില്ലായ്മ ഈഴവ സമുദായത്തിന്റെ ശാപമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. യോഗം ഉദയംപേരൂര്‍ ശാഖയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനസംഖ്യയില്‍ മുന്നിലുണ്ടായിട്ടും ഈഴവ സമുദായത്തിന്റെ കണ്മുന്നിലൂടെ സംഘടിത ന്യൂനപക്ഷങ്ങള്‍ സഹസ്രകോടികളുടെ പൊതുസ്വത്ത് കൈക്കലാക്കുകയാണ്. അവരുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് മുന്നില്‍ എല്ലാ സര്‍ക്കാരുകളും മുട്ടുമടക്കുകയും ചെയ്യുന്നുണ്ട്.
ഈഴവരുടെ ശത്രുക്കള്‍ ഈഴവര്‍ തന്നെയാണ്. സംഘടനയ്ക്കും തനിക്കുമെതിരെ 174 കേസുകളാണ് നിലവിലുള്ളത്. യോഗത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കാത്തത് ഇക്കൂട്ടരാണ്. ഈ ഇരുട്ടിന്റെ ശക്തികള്‍ക്ക് ജനത്തെയും തിരഞ്ഞെടുപ്പിനെയും ഭയമാണ്.
ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കള്ളക്കേസുകള്‍ കൊടുത്ത് തിരഞ്ഞെടുപ്പുകളെയും തടസപ്പെടുത്തി സമുദായത്തെ പൊതുസമൂഹത്തിന് മുന്നില്‍ അപഹസിക്കുകയാണ്.
മതേതരത്വം കള്ളനാണയമാണ്. ജാതി പറയുമ്പോള്‍ തന്നെ വര്‍ഗീയവാദി എന്ന് ആക്ഷേപിക്കുന്നവര്‍ മുസ്ലീംലീഗിനും കേരളാകോണ്‍ഗ്രസിനും മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കും. വോട്ട്ബാങ്കിന് വേണ്ടി ഇടതുപാര്‍ട്ടികള്‍ പോലും ഇപ്പോള്‍ ഏതറ്റം വരെയും താഴും. കേരളത്തിലെ യഥാര്‍ത്ഥ ന്യൂനപക്ഷം ഹിന്ദുക്കളാണ്. ഈഴവരാദി പിന്നാക്ക സമുദായങ്ങള്‍ക്ക് ഒരു ഗതിയുമില്ലാത്ത അവസ്ഥയായി.
പരമ്പരാഗത വ്യവസായങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ വഴിയാധാരമായത് ഇക്കൂട്ടരാണ്. ഈ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ഒരു സര്‍ക്കാരും കക്ഷികളും ശ്രമിക്കാത്തത് പിന്നാക്കക്കാര്‍ക്ക് സംഘടിതശക്തിയല്ലാത്തതു കൊണ്ടാണെന്നും വെള്ളാപ്പള്ളിനടേശന് പറഞ്ഞു.
എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ദീപപ്രകാശനം ചെയ്തു. യോഗം കണയന്നൂര്‍ യൂണിയന് ചെയര്മാന് മഹാരാജാ ശിവാനന്ദന് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. കണയന്നൂര്‍ യൂണിയന് കണ്‍വീനര്‍ എം.ഡി. അഭിലാഷ് ജൂബിലിസന്ദേശം നല്കി. ഗുരുദേവസന്ദേശം എന്ന മ്യൂറല്‍ ചിത്രപ്രദര്‍ശനവും ഹൈസ്കൂള്‍ ഹാളില്‍ വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്തു.
മുന്‍കാല ശാഖായോഗം ഭാരവാഹികളെ വേദിയില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവര്‍ക്കും വിവിധ കോഴ്സുകളില്‍ റാങ്ക് നേടിയവര്‍ക്കുമുള്ള അവാര്‍ഡ് വിതരണവും നടന്നു.
ഉദയംപേരൂര്‍ ശാഖാ പ്രസിഡന്റ് എല്‍. സന്തോഷ്, കണയന്നൂര്‍ യൂണിയന് വൈസ്ചെയര്‍മാന്‍ സി.വി. വിജയന്, പൂത്തോട്ട ശാഖാ പ്രസിഡന്റ് ഇ.എന്‍. മണിയപ്പന്, തെക്കന്‍ പറവൂര്‍ ശാഖാ പ്രസിഡന്റ് കെ.കെ. വിജയന്, കണ്ടനാട് ശാഖാ പ്രസിഡന്റ് എ.കെ. മോഹനന്, തൃപ്പൂണിത്തുറ തെക്കുഭാഗം ശാഖാപ്രസിഡന്റ്സനല് പൈങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു. ഉദയംപേരൂര്‍ ശാഖാ സെക്രട്ടറി ഡി.ജിനുരാജ് നന്ദി പറഞ്ഞു.
കുടുംബയൂണിറ്റുകളില്‍ നിന്നുള്ള ഘോഷയാത്രകളോടെയാണ് ജൂബിലി ആഘോഷത്തിന് തുടക്കമായത്. നടക്കാവിലും പത്താംമൈലിലും നിന്നുള്ള ഘോഷയാത്രകള്‍ ശാഖാ അങ്കണത്തിലെത്തി. തുടര്‍ന്ന് മണ്മറഞ്ഞ നേതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗുരുസമക്ഷം പഠനക്ലാസിലെ 75 കുട്ടികള്‍ ചേര്‍ന്ന ഗുരുവന്ദനം ആലപിച്ചു.