ആദ്ധ്യാത്മിക ദർശനം മാനവ സമൂഹം ഏറ്റെടുക്കണം
ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെയും ശ്രീശങ്കരാചാര്യ സ്വാമികളുടെയും ആദ്ധ്യാത്മിക ദര്‍ശനങ്ങള്‍ മാനവസമൂഹം ഏറ്റെടുത്താല്‍ ലോകത്തെ അശാന്തി ഇല്ലാതാക്കി സമാധാനവും ശാന്തിയും നിലനിറുത്താനാവുമെന്ന് എസ്.എന്‍.ട്രസ്റ്റ്ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു. കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുദേവന്റെയും ശ്രീശങ്കരാചാര്യ സ്വാമികളുടെയും നിലവിലെ പ്രതിഷ്ഠകള്‍ മാറ്റി സ്ഥാപിച്ച പഞ്ചലോഹ പ്രതിഷ്ഠകളുടെ സമര്‍പ്പണത്തിന് ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതിനടേശന്‍.
ഗുരുവിന്റെയും ശങ്കരാചാര്യരുടെയും ദര്‍ശനങ്ങള്‍ രണ്ടല്ല. അദ്വൈതമാണ് ഇരുവരും നമ്മെ പഠിപ്പിക്കുന്നത്. യുവതലമുറയെ ആത്മീയദര്‍ശനങ്ങളും വേദങ്ങളും മന്ത്രങ്ങളും പഠിപ്പിക്കാന്‍ ക്ഷേത്രങ്ങളോട് ചേര്‍ന്ന് സങ്കേതങ്ങള്‍ ഉണ്ടാവണം. വേദങ്ങളും ഉപനിഷത്തുകളും ശരിയായ അര്‍ത്ഥം മനസ്സിലാക്കി പഠിക്കണമെങ്കില്‍ സംസ്കൃതം പഠിക്കണം. ഭാരതത്തിന്റെ സംസ്കാരം ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ വേദങ്ങളും ഉപനിഷത്തുകളും പഠിക്കേണ്ടതുണ്ട്. ഹിന്ദുക്കള്‍ ഇക്കാര്യത്തില്‍ പിന്നിലാണ്. മറ്റ് സമുദായങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം അവരുടെ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അമേരിക്കയിലുള്‍പ്പെടെ ഗീതയും രാമായണവും കുട്ടികളെ പഠിപ്പിക്കുന്നു. ശ്രീനാരായണഗുരുദേവന്റെയും ശ്രീശങ്കരാചാര്യസ്വാമികളുടെയും പാദസ്പര്‍ശമേറ്റതിനാല്‍ ആദ്ധ്യാത്മികത തൊട്ടറിഞ്ഞ മണ്ണാണ് കിടങ്ങാംപറമ്പ്- പ്രീതിനടേശന്‍ പറഞ്ഞു.
പ്രതിഷ്ഠാ കര്മ്മത്തിന് ക്ഷേത്രം തന്ത്രി പുതുമന എസ്. ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രീതിനടേശന്‍ ക്ഷേത്ര യോഗം പ്രസിഡന്റ് ഷാജി കളരിക്കല്‍ ഉപഹാരം നല്കി. ബോര്‍ഡ് അംഗം സവിത സജീവി ഷാള്‍ അണിയിച്ചു. ഷാജി കളരിക്കലിനെ എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന് സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന് ഷാള്‍ അണിയിച്ചു. പ്രസിഡന്റ് പി. ഹരിദാസ് ഉപഹാരം നല്കി. സമര്‍പ്പണ സമ്മേളനത്തില്‍ കെ.എസ്. ഷാജി കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പി. ഹരിദാസ്, കെ.എന്‍. പ്രേമാനന്ദന്, സതീഷ് ആലപ്പുഴ, ബോര്‍ഡ് അംഗം സവിത സജീവ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ പി.ബി. രാജീവ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം എം.കെ. വിനോദ് ശ്രീപാര്‍വതി നന്ദിയും പറഞ്ഞു.