അനാവശ്യ കേസുകൾ നൽകി
സമുദായത്തിന്റെ മുന്നേറ്റം
തകർക്കാൻ ശ്രമം
കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിനും എസ്.എൻ ട്രസ്റ്റിനുമെതിരെ അനാവശ്യ കേസുകൾ നൽകി സമുദായത്തിന്റെയാകെ മുന്നേറ്റത്തെ തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
യോഗം കൊല്ലം, കുണ്ടറ, ചാത്തന്നൂർ യൂണിയനുകളിലെ ശാഖഭാരവാഹികളുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസുകൾ നൽകി കോളേജുകളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും നിയമനം തടസപ്പെടുത്തുകയാണ്. വികസന പ്രവർത്തനങ്ങൾക്കും തടസം സൃഷ്ടിക്കുന്നു. ഒരു പ്രവർത്തനവും നടക്കരുതെന്നാണ് ചിലരുടെ ലക്ഷ്യം. നവമാദ്ധ്യമങ്ങളിലൂടെ പെരുംനുണകളാണ് പ്രചരിപ്പിക്കുന്നത്. എസ്.എൻ.ഡി.പി യോഗം പിരിച്ചുവിട്ടുവെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. യോഗം വാർഷിക പൊതുയോഗത്തിലെ പ്രാതിനിദ്ധ്യ വോട്ടവകാശ സംവിധാനത്തിന് പുതിയ നിയമ പ്രകാരമുള്ള അനുമതി സംസ്ഥാന സർക്കാരിൽ നിന്ന് വാങ്ങണമെന്നാണ് കോടതി നിർദ്ദേശം. അതിനുള്ള അപേക്ഷ സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. ഇതിന്റെ പേരിലാണ് യോഗം പിരിച്ചുവിട്ടെന്ന് പ്രചരിപ്പിക്കുന്നത്. താൻ നേതൃത്വത്തിൽ വരുന്നതിന് മുമ്പാണ് പ്രാതിനിദ്ധ്യ സംവിധാനം കൊണ്ടുവന്നത്.
നമ്മൾ തമ്മിൽ തല്ലി നശിക്കുമ്പോൾ മറ്റ് സമുദായങ്ങൾ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി മുന്നേറുകയാണ്. അധികാരത്തിലെ നമ്മുടെ പങ്കാളിത്തം കുറയുന്നു. ഓരോ സമുദായത്തിന്റെയും കോളേജുകളുടെയും സ്കൂളുകളുടെയും എണ്ണം പരിശോധിക്കണം. ജനസംഖ്യയിൽ നമ്മുടെ മൂന്നിലൊന്ന് പോലും ഇല്ലാത്ത ചില സമുദായങ്ങൾക്ക് നമുക്കുള്ളതിനേക്കാൾ ഇരട്ടിസ്ഥാപനങ്ങളുണ്ട്. സവർണ, ന്യൂനപക്ഷ സമുദായങ്ങൾ ശമ്പളത്തിലൂടെ സർക്കാർ ഖജനാവ് ചോർത്തുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷണേഴ്സ് കൗൺസിലിന്റെയും കോ- ഓർഡിനേറ്റർ പി.വി. രജിമോൻ അദ്ധ്യക്ഷനായിരുന്നു. യോഗം കൗൺസിലർമാരായ പി.ടി. മന്മഥൻ, പി. സുന്ദരൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. നീരാവിൽ അനിൽകുമാർ, ചാത്തന്നൂർ യൂണിയൻ സെക്രട്ടറി വിജയകുമാർ എംപ്ലോ. ഫോറം ജോയിന്റ് സെക്രട്ടറി
വിനു വാലു പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ സെക്രട്ടറി കെ.എം. സജീവ് എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷണേഴ്സ് കൗൺസിലിന്റെയും പ്രവർത്തനങ്ങളും ഭാവി രൂപരേഖയും അവതരിപ്പിച്ചു. എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ സ്വാഗതവും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് പി.ആർ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.