ഗുരുവിന് മുന്നില്‍ ഏത് ദൈവത്തെയും പ്രാര്‍ത്ഥിക്കാം


കൊല്ലം: ഗുരുവിന്റെ വിഗ്രഹത്തിന് മുന്നില്‍ നിന്ന് ഏത് ദൈവത്തെയും പ്രാര്‍ത്ഥിക്കാമെന്ന് എസ്.എന്‍. ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു.
എസ്.എന്‍. ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിന്റെ 27-ാം വാര്‍ഷികാഘോഷത്തിന്റെയും കമ്പ്യൂട്ടര്‍ ലാബിന്റെയും ഉദ്ഘാടനവും സ്‌കൂള്‍ വളപ്പില്‍ സ്ഥാപിച്ച ഗുരുമന്ദിര സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു പ്രീതിനടേശന്‍.
നാം ശരീരമല്ല അറിവാകുന്നു എന്നാണ് ഗുരു പറഞ്ഞത്. എല്ലാവരും പ്രാര്‍ത്ഥിക്കുന്നത് ഒരു ദൈവത്തെയാണ്. പല പേരിട്ട് വിളിക്കുന്നുവെന്നേയുള്ളു. ഇങ്ങനെ എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാനാണ് എസ്.എന്‍.ട്രസ്റ്റിന്റെയും യോഗത്തിന്റെയും സ്ഥാപനങ്ങളില്‍ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നത്.
പുതുതലമുറ വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിന് പോകാന്‍ നിര്‍ബന്ധം പിടിക്കുകയാണ്. നിത്യവൃത്തിക്ക് പോലും നിവൃത്തിയില്ലാത്തവര്‍ വായ്പയെടുത്ത് കുട്ടികളെ വിദേശത്തേക്ക് അയയ്ക്കുകയാണ്.
വിദേശ രാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളില്‍ ചേരുന്നത് അഭിമാനമാണ്. എന്നാല്‍ നിലവാരവും അംഗീകാരവുമില്ലാത്ത സര്‍വകലാശാലകളിലാണ് പല വിദ്യാര്‍ത്ഥികളെയും ചേര്‍ക്കുന്നത്. പഠനത്തിനൊപ്പം ജോലിയും ചെയ്യാമെന്ന് മോഹനവാഗ്ദാനമാണ് നല്‍കുന്നത്. ഇപ്പോള്‍ ജോലിയും വരുമാനവുമില്ലാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങി വരികയാണെന്നും പ്രീതിനടേശന്‍ പറഞ്ഞു.
സ്‌കൂള്‍ തലം മുതല്‍ അഭിരുചിക്ക് അനുസരിച്ച് പഠിക്കണമെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ എസ്.എന്‍.ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍പറഞ്ഞു. പുതിയ വിദ്യാഭ്യാസനയ പ്രകാരം എന്ത് പഠിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കുട്ടികള്‍ക്കാണ്. അദ്ധ്യാപകര്‍ പഠിച്ച് പഠിപ്പിക്കണം. എസ്.എന്‍.ട്രസ്റ്റിന്റെ കീഴിലുള്ള കോളേജുകളിലെ അദ്ധ്യാപകര്‍ സ്‌കൂളുകളിലേക്കെത്തും. ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ കൂടുതല്‍ അറിവ് ശേഖരിക്കാന്‍ കോളേജുകളിലേക്കും കൊണ്ടുപോകും. പുതിയ കാലത്ത് പരമ്പരാഗത രീതി തുടരുന്നതില്‍ അര്‍ത്ഥമില്ല. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് അതില്‍ നൈപുണ്യം വികസിപ്പിക്കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മത്സരങ്ങളിലും പരീക്ഷ കളിലും ഉന്നതവിജയം നേടിയവര്‍ക്കുള്ള സമ്മാനം പ്രീതിനടേശന്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാഗസിനായ ഗുരുകൃപ കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ശങ്കര്‍ പ്രകാശനം ചെയ്തു.
യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍, യോഗം കൊല്ലം യൂണിയന്‍ സെക്രട്ടറി എന്‍. രാജേന്ദ്രന്‍, എസ്.എന്‍.ട്രസ്റ്റ് എന്‍ജിനീയര്‍ ആര്‍. രാജേഷ്, പി.ടി.എ. പ്രസിഡന്റ് ബിജുവിജയന്‍, പി.ടി.എ. സെക്രട്ടറി ആര്‍. ശിവപ്രസാദ്, പി.ടി.എ. ട്രഷറര്‍ പി. മണിയന്‍പിള്ള എന്നിവര്‍ ആശംസ നേര്‍ന്നു.
സ്‌കൂള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പ്രൊഫ. കെ. സാംബശിവന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ എസ്. നിഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ ലീഡര്‍ തെഹ്‌സീബ് അന്‍സര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.