അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിച്ച് ശക്തരാകണം
ചങ്ങനാശ്ശേരി: സംഘടിച്ച് ശക്തരാവുകയെന്ന ഗുരുവചനം ഉള്‍ക്കൊണ്ട് ജീവിക്കുന്ന വിഭാഗങ്ങള്‍ക്ക് മാത്രമെ സര്‍ക്കാരുകളില്‍ നിന്നും അര്‍ഹതപ്പെട്ട അവകാശങ്ങളും പരിഗണനയും ലഭിക്കുകയുള്ളു എന്ന സത്യം മനസിലാക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി മതുമൂല വാര്യര്‍സമാജം ഓഡിറ്റോറിയത്തില്‍ നടന്ന ചതയദിനാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റെ മഹത്വചനങ്ങളെ വികലമായി വ്യാഖ്യാനിച്ച് നമുക്കെതിരെ തിരിയുന്നു.എസ്.എന്‍.ഡി.പി യോഗത്തിന്റെ ബൈലോയില്‍ തന്നെ ഇത് ഈഴവന്റെയും തീയ്യന്റെയും ജാതീയമായ ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കും എന്ന് വ്യക്തമായി എഴുതി വച്ചിരിക്കുന്നു എന്ന വലിയ സത്യം ഇവര്‍ മനസ്സിലാക്കുന്നില്ല. ചിട്ടയായ റാലിയും വര്‍ണാഭമായ ചതയദിനാഘോഷവും സംഘടിപ്പിച്ച ചങ്ങനാശേരി യൂണിയന് ഭാരവാഹികളെ തുഷാര്‍ വെള്ളാപ്പള്ളി അഭിനന്ദിച്ചു.
പീതാംബര ധാരികളായി പതിനായിരങ്ങള്‍ അണിനിരന്ന ചതയദിന ഘോഷയാത്ര റെയില്‍വേ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ചങ്ങനാശ്ശേരി നഗരിയെ പീതസാഗരമാക്കി മതുമൂല ജംഗ്ഷനില്‍ സമാപിച്ചു.
ചങ്ങാനാശ്ശേരി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യൂണിയന് സെക്രട്ടറി സുരേഷ് പരമേശ്വരന് സ്വാഗതം പറഞ്ഞു. ചീഫ് വിപ്പ് എന്‍. ജയരാജ് മുഖ്യപ്രഭാഷണവും, ചങ്ങനാശ്ശേരി എം.എല്‍.എ. ജോബ്മൈക്കിള്‍ സമ്മാനദാനവും നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ബീനജോബി, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്‍. നടേശന്, നിയുക്ത ബോര്‍ഡ് അംഗം സജീവ്പൂവത്ത് എന്നിവര്‍ സംസാരിച്ചു.