നമ്മുടെ ശക്തി ആദ്യം തിരിച്ചറിയേണ്ടത് നാം തന്നെ

എസ്.എന്‍.ഡി.പി യോഗം കെ.ആര്‍. നാരായണന്‍ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ഈഴവ ജനതയെ കാലത്തിനനുസൃതമായ മാറ്റങ്ങളില്‍ നിന്ന് അകറ്റി നിറുത്തുന്നത് സവര്‍ണ്ണ മനസ്സുള്ള ഒരു വിഭാഗം ഈഴവര്‍ തന്നെയാണെന്നും, നമ്മുടെ ശക്തി ആദ്യം തിരിച്ചറിയേണ്ടത് നാം തന്നെയാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കെ. ആര്‍. നാരായണന്‍ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ ആഭിമുഖ്യത്തില്‍ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആചാരാനുഷ്ഠാനങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കപ്പെടണം. പക്ഷേ സവര്‍ണ്ണമേധാവിത്വം അടിച്ചേല്‍പ്പിച്ച അനാചാരങ്ങള്‍ പിന്തുടരാനാഗ്രഹിക്കുന്ന ‘അവര്‍ണ്ണ സവര്‍ണ്ണ’രാണ് പരിഷ്‌കൃത സമൂഹമാകാന്‍ അവര്‍ണ്ണരെ ഇനിയും അനുവദിക്കാത്തത്. ഇവിടെയാണ് വൈക്കം സത്യഗ്രഹം ഓര്‍മ്മപ്പെടുത്തലാകുന്നത്. പൂണൂല്‍ നോക്കി അബ്രാഹ്മണരെ തിരിച്ചറിഞ്ഞ് തീണ്ടാപ്പാടകലെ നിറുത്താനാണ് ഷര്‍ട്ട് ധരിച്ച് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. കാലം മാറി. അന്ന് ഇതുപോലെ പലതും വിലക്കിയിരുന്നവര്‍ പോലും കാലത്തിന്റെ മാറ്റങ്ങള്‍ക്ക് വിധേയരായി. പക്ഷേ നാം മാത്രം മാറാന്‍ തയ്യാറല്ല. അനാചാരങ്ങളില്‍ മാത്രമല്ല, സാമൂഹ്യനീതിയിലും നാം തീണ്ടല്‍ ജാതിക്കാരായി മാറി നില്‍ക്കുന്നു. ക്ഷേത്ര വഴികളിലെ തീണ്ടല്‍ പലകകള്‍ പിഴുതെറിയപ്പെട്ട് നൂറ് വര്‍ഷം പിന്നിടുമ്പോഴും നമ്മില്‍ പലരുടേയും മനസ്സുകളില്‍ തീണ്ടല്‍ പലകകളും അതിനോടുള്ള ഭയവും നിലനില്‍ക്കുകയാണ്. അത് രാഷ്ട്രീയ തീണ്ടല്‍ പലകകളായി മാറി എന്നുമാത്രം. എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍ ഭദ്രദീപം തെളിച്ചു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി. പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു.

യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍, വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ്, കണയന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് മഹാരാജ ശിവാനന്ദന്‍, മാത്താനം ദേവസ്വം പ്രസിഡന്റ് അഡ്വ. വൈ. സുധാംശു, യൂണിയന്‍ കൗണ്‍സിലര്‍മാരായ യു. എസ്. പ്രസന്നന്‍, കെ.എസ്. അജീഷ്‌കുമാര്‍, പി.കെ. ജയകുമാര്‍, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റിയംഗം ഇ.കെ. സുരേന്ദ്രന്‍, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ജയ അനില്‍, വൈസ്‌പ്രസിഡന്റ് ബീനാ പ്രകാശ്, സെക്രട്ടറി ധന്യാ പുരുഷോത്തമന്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് അഭിലാഷ് രാമന്‍കുട്ടി, വൈസ്‌പ്രസിഡന്റ് ഗൗതം സുരേഷ്, സെക്രട്ടറി മനീഷ്, യൂണിയന്‍ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. വേണുഗോപാല്‍, എംപ്ലോയീസ് ഫോറം പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ്ബാബു സ്വാഗതവും, വൈസ്‌പ്രസിഡന്റ് രഞ്ജിത്ത് രാജപ്പന്‍ നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories