വൈദികമഠം ചരിത്രത്തിന്റെ ഭാഗം

ശ്രീനാരായണഗുരുദേവന്‍ ദീര്‍ഘകാലം താമസിച്ചിരുന്ന ആലുവ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലെ പുനരുദ്ധരിച്ച വൈദികമഠം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ശ്രീനാരായണഗുരുവിന്റെയും മഹാകവി കുമാരനാശാന്റെയും സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിതമായ ആലുവ എസ്.എന്‍.ഡി.പി സ്‌കൂളിലെ വൈദികമഠവും പടിപ്പുര മാളികയും ചരിത്രത്തിന്റെ ഭാഗമാണെന്നും അവ എക്കാലവും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതാണ് എസ്.എന്‍.ഡി.പി യോഗം മുന്‍കൈയെടുത്ത് നടപ്പാക്കിയത്. ശ്രീനാരായണഗുരുദേവന്‍ ദീര്‍ഘകാലം താമസിച്ചിരുന്ന എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലെ പുനരുദ്ധരിച്ച വൈദികമഠം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 15 ശതമാനം മാത്രമുള്ള മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിലൂടെ സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അട്ടിമറിക്കപ്പെട്ടു.ഉദ്യോഗസ്ഥ മേഖലകളില്‍ സംവരണം ഉള്ളവരേക്കാള്‍ ഇല്ലാത്തവരാണ് കൂടുതല്‍. ഇടതുപക്ഷം പോലും ആദര്‍ശരാഷ്ട്രീയത്തില്‍ നിന്നു മാറി അടവു രാഷ്ട്രീയമാണ് നടപ്പാക്കുന്നത്.സമുദായ കാര്യങ്ങളില്‍ അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കണം. ഭക്തി വാക്കുകളില്‍ മാത്രമല്ല, പ്രവര്‍ത്തനത്തിലും വേണം- യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് എം.എന്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. പ്രീതിനടേശന്‍ ഗുരുദേവ പ്രതിമ അനാച്ഛാദനം ചെയ്തു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഗുരുദേവ പ്രതിമ സമര്‍പ്പിച്ചു.നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ വി.ഡി. രാജന്‍ താക്കോൽ സമര്‍പ്പിച്ചു. യൂണിയന്‍ പ്രസിഡന്റ് വി. സന്തോഷ്ബാബു, സെക്രട്ടറി എന്‍.രാമചന്ദ്രന്‍, സീമ കനകാംബരന്‍, സന്തോഷ് കുട്ടപ്പന്‍, ഷൈമി രാജേഷ്, ജയന്തന്‍ശാന്തി എന്നിവര്‍ സംസാരിച്ചു.

Author

Scroll to top
Close
Browse Categories