സവര്‍ണ ജാതി സംവരണം: ഇടത്-വലത് പാര്‍ട്ടികള്‍ക്ക് ഇരട്ടത്താപ്പ്
കൊല്ലം: കേരളത്തില്‍ സവര്‍ണജാതി സംവരണം ആവശ്യപ്പെടുന്ന കോണ്‍ഗ്രസും സി.പി.എമ്മും സി.പി. ഐ യും തമിഴ്‌നാട്ടിലെത്തുമ്പോള്‍ സാമുദായിക സംവരണത്തിന് വാദിക്കുന്നത് വിരോധാഭാസമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം ചാത്തന്നൂര്‍ യൂണിയന്റെ പുതിയ ആസ്ഥാനമന്ദിര ശിലാസ്ഥാപനം, യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരത്ത് വെള്ളാപ്പള്ളിനടേശന്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നിര്‍മ്മിച്ച് നല്‍കിയ രണ്ട് വീടുകളുടെ താക്കോല്‍ദാനം എന്നിവ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടില്‍ സവര്‍ണ ജാതി സംവരണം പറയുന്നവരെ തങ്ങള്‍ക്ക് വേണ്ടെന്ന് സ്റ്റാലിന്‍ പറയും. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നീതി ലഭ്യമാകുന്നത് വരെ സംവരണം തുടരണമെന്നും, അതംഗീകരിക്കാത്തവര്‍ മുന്നണിയില്‍ വേണ്ടെന്നുമാണ് സ്റ്റാലിന്റെ നിലപാട്. മുന്നണിയില്‍ നില്‍ക്കാനായി ഇടത്പാര്‍ട്ടികളും, കോണ്‍ഗ്രസും അവിടെ സാമുദായിക സംവരണത്തെ അനുകൂലിക്കുന്നു. ഇവിടെ വരുമ്പോള്‍ സവര്‍ണ ജാതി സംവരണമെന്ന ഇരട്ടത്താപ്പ് നിലപാടാണ്. ഇത് നമ്മള്‍ തിരിച്ചറിയണം. സാമുദായിക സംവരണത്തിന് അര്‍ഹതയുള്ള ജനസംഖ്യയുടെ എഴുപത്തിയഞ്ച് ശതമാനത്തോളം ജനതയെ അവഗണിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടെ സവര്‍ണജാതി സംവരണത്തെ പിന്തുണയ്ക്കുന്നത്.
തൊഴിക്കുന്തോറും തൊഴുന്ന സമീപനം നമ്മള്‍ മാറ്റണം. രാജഭരണകാലത്ത് പൊരുതിവാങ്ങിയ സംവരണം പോലും ഒത്തൊരുമയില്ലാത്തതുകൊണ്ട് നഷ്ടമാകുന്ന സ്ഥിതിയാണ്. മുന്നാക്കക്കാര്‍ക്ക് പ്രക്ഷോഭം നടത്താതെ തന്നെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. നമ്മള്‍ പ്രക്ഷോഭം നടത്തിയാലും അവകാശങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സവര്‍ണജാതി സംവരണം വന്നപ്പോള്‍, മുസ്ലീം ലീഗ് അതിന് പച്ചക്കൊടി കാട്ടി. സവര്‍ണ ജാതിസംവരണം സുപ്രീംകോടതി അംഗീകരിച്ചപ്പോള്‍ എതിര്‍പ്പുമായി ലീഗ് രംഗത്തെത്തിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. വിജയകുമാര്‍, വൈസ്‌പ്രസിഡന്റ് ഡി. സജീവ്, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജന്‍, കൗണ്‍സിലര്‍മാരായ ആര്‍. ഗാന്ധി, കെ. ചിത്രംഗദന്‍, പി. സോമരാജന്‍, കെ. സുജയ് കുമാര്‍, ആര്‍. ഷാജി, ബി. പ്രശാന്ത്, യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് ചിത്ര മോഹന്‍ദാസ്, സെക്രട്ടറി ബിനപ്രശാന്ത്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് അഡ്വ. രാജേഷ്, ശാഖാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.