ഭൂരിപക്ഷ സമുദായങ്ങളുടെ കോളേജുകളിൽ അച്ചടക്കമില്ലാത്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾ

കേരള നവോത്ഥാന സമിതി സംസ്ഥാന നേതൃയോഗം ചേർത്തല ട്രാവൻകൂർപാലസിൽ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

സർക്കാർ കോളേജുകളിലും ഹിന്ദു കോളേജുകളിലും അച്ചടക്കമില്ലാത്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും, ഇത് പഠനത്തെ സാരമായി ബാധിക്കുന്നുവെന്നുംഎസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കേരള നവോത്ഥാന സമിതി സംസ്ഥാന നേതൃയോഗം ചേർത്തല ട്രാവൻകൂർപാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെ കീഴിലുള്ള കോളേജുകളിൽ അച്ചടക്കമാണ് മുഖമുദ്ര. ഇവിടുത്തെ വിദ്യാർത്ഥികൾ പഠിച്ച് ഉന്നത നിലയിൽ എത്തുമ്പോൾ നമ്മുടെ കുട്ടികൾ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലാണ്. രാജ്യത്തെ ഏറ്റവും വലിയ വിപത്തായ ലഹരിയെ പ്രതിരോധിക്കാൻ ക്രിയാത്മകവും പ്രായോഗീകവുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. അരാജകത്വത്തിലേയ്ക്ക് നയിക്കുന്ന ഇത്തരം കണ്ണികളെ അമർച്ച ചെയ്യാൻ സമൂഹം മുന്നിട്ടിറങ്ങണം. . ലഹരി മാഫിയയെ പ്രതിരോധിക്കാൻ സ്കൂൾ കോളേജ് തലങ്ങളിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കണം. ഇതിൽ അദ്ധ്യാപകരേയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും രക്ഷിതാക്കളേയും ഉൾപ്പെടുത്തി സർക്കാരിൻ്റെ ഇടപെടലോടെ സമിതികൾ പ്രവർത്തിക്കണം. വേണ്ടിവന്നാൽ കായികമായ ഇടപെടലും നടത്തണം.

വിശ്വാസത്തിൻ്റെ പേരിൽ സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇതിൻ്റെ പേരിൽ ഉപേക്ഷിക്കപ്പെട്ട പല അനാചാരങ്ങളും തിരിച്ചുവരുകയാണ്. നരബലിയും മനുഷ്യമാംസം ഭക്ഷിക്കുന്ന ഘട്ടം വരെ എത്തിനിൽക്കുന്നു. ആചാരങ്ങൾ നടക്കട്ടെ എന്നാൽ അനാചരങ്ങളെ തൂത്തെറിയുക തന്നെ വേണം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വർഗീയ വിഭജനത്തിനും മയക്കുമരുന്നിനും എതിരായി സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിക്കാൻ കേരള നവോത്ഥാന സമിതി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

യോഗത്തിൽ കേരളാ നവോത്ഥാന സമിതി ട്രഷറർ അഡ്വ.കെ.സോമപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.രാമഭദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഡോ.ഹുസൈൻ മടവൂർ,ഡോ.എ.നീലലോഹിതദാസൻ നാടാർ, അഡ്വ.കെ.പി.മുഹമ്മദ്,എസ്.സുവർണകുമാർ,അഡ്വ.എസ്.പ്രഹ്ളാദൻ,ഡി.ദേവരാജൻ,ഡി.സുദർശനൻ,യു.ടി.രാജൻ,പി.വി.ഷാജി,ആലുവിള അജിത്ത്,കെ.അജിത്ത്, എക്സ് എം.എൽ.എ, എസ്.പി.നമ്പൂതിരി, കെ.എസ്.ശ്രീജിത്ത്, നെയ്യാറ്റിൻകര സത്യശീലൻ, രാമചന്ദ്രൻ മുല്ലശേരി, കെ.കെ.പുരുഷോത്തമൻ, വി.ജെ.ജോർജ്ജ്, എസ്.ജെ.സാംസൺ, കെ.രവികുമാർ, ചൊവ്വര സുനിൽ, അഡ്വ.പി.ആർ.രാജു, ഐ.ബാബു കുന്നത്ത്, പി.എം.പുരുഷോത്തമൻ, പി.പി.അനിൽകുമാർ, ആർ.ഈശ്വരപിള്ള, കെ.ടി.രാജൻ, കെ.ഗോകുൽദാസ് തുടങ്ങിയവർ സംബന്ധിച്ചു.

Author

Scroll to top
Close
Browse Categories