നശിപ്പിക്കാനും തകര്‍ക്കാനും ശ്രമിച്ചവര്‍ പരാജയപ്പെട്ട് മടങ്ങി

കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂള്‍ ശതാബ്ദി സമ്മേളനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍,
മന്ത്രി പി. പ്രസാദ്, പ്രീതി നടേശന്‍, പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സമീപം.

ചേർത്തല: ജീവിതത്തില്‍ ഒട്ടേറെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടുവെങ്കിലും നശിപ്പിക്കാനും തകര്‍ക്കാനും ശ്രമിച്ചവര്‍ പരാജയപ്പെട്ട് മടങ്ങിയെന്നതാണ് ചരിത്രമെന്ന് എസ്. എൻ. ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂള്‍ ശതാബ്ദി ആഘോഷചടങ്ങില്‍ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയതിന്റെ ആദരവ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണിച്ചുകുളങ്ങര സ്‌കൂളില്‍ കെ. എസ്.യുവിന്റെ പ്രതിനിധിയായി ആദ്യ ചെയര്‍മാനായി. 1963ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായി പഞ്ചായത്തിലേക്ക് നടന്ന കന്നിയങ്കത്തില്‍ പരാജയത്തോടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും പിന്നീടൊരിക്കലും പരാജയത്തിന്റെ രുചി അറിയേണ്ടി വന്നിട്ടില്ല. ജില്ലാ സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാന്ദന്‍ ഉള്‍പ്പെടെ പ്രചരണത്തിന് എത്തിയിരുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 7-ാം വാര്‍ഡില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ച് 16 വോട്ടിനാണ് പരാജയപ്പെട്ടത്. അടുത്ത വര്‍ഷം1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തില്‍ മത്സരത്തിലൂടെ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുടര്‍ന്ന് 60 വര്‍ഷമായി നേതൃസ്ഥാനത്ത് തുടരുന്നു. ഭഗവാന് വിശപ്പില്ലെന്നും വിശപ്പുള്ളത് ഭക്തര്‍ക്കാണെന്നുമുള്ള തിരിച്ചറിവിലാണ് ക്ഷേത്ര വരുമാനത്തിന്റെ ഒരു ഭാഗം അംഗങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കാന്‍ തീരുമാനിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് എസ്.എന്‍.ഡി.പി യോഗവും എസ്.എന്‍.ട്രസ്റ്റും സമാഹരിച്ച രണ്ടാംഘട്ട തുക 99,72,462 രൂപയുടെ ചെക്ക് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യ്ക്ക് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൈമാറുന്നു. ആദ്യഘട്ടമായി 72 ലക്ഷം രൂപ നല്‍കിയിരുന്നു.

കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍.ട്രസ്റ്റിന്റെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുണയായെന്ന് മന്ത്രി പറഞ്ഞു. ഗുരു വിഭാവനം ചെയ്ത മതനിരപേക്ഷതയുടേയും സമത്വത്തിന്റെയും മൂല്യങ്ങള്‍ സമന്വയിപ്പിച്ച് ഉള്‍ക്കൊള്ളുന്ന മാതൃകയാണ് ആധുനിക കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം.കണിച്ചുകുളങ്ങര സ്‌കൂളിന്റെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും അഭിവൃദ്ധിക്കായി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. വിദേശ രാജ്യങ്ങളിലെയടക്കം നൂതന അക്കാദമിക് കാഴ്ചപ്പാടുകളും സേവനങ്ങളും സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തനങ്ങളാണ് വെള്ളാപ്പള്ളിനടേശന്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും ഇതിന് സര്‍ക്കാര്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മന്ത്രി ശിവന്‍ കുട്ടി പറഞ്ഞു.
സാമൂഹിക മുന്നേറ്റത്തിന് വ്യവസായവും വിദ്യാഭ്യാസവും അവിഭാജ്യ ഘടകമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഗുരു പ്രതിഷ്ഠാ സുവര്‍ണ ജൂബിലി സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. വ്യവസായങ്ങള്‍ തുടങ്ങണമെന്ന ഗുരുദര്‍ശനത്തിന് പ്രശസ്തിയേറിയ കാലഘട്ടമാണ് ഇത്. കേരളം വ്യവസായ സൗഹൃദത്തില്‍ ഒന്നാം സ്ഥാനത്താണ്. അറുപത് വര്‍ഷം തുടര്‍ച്ചയായി എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് വിജയം നേടാനായതാണ് വെള്ളാപ്പളളിയെ വ്യത്യസ്തനാക്കുന്നതെന്നും പി. രാജീവ് പറഞ്ഞു.

കള്ളുതുള്ളലെന്ന ദുരാചാരവും അക്രമങ്ങളും ഇല്ലാതാക്കി കണിച്ചുകുളങ്ങരയെ വിദ്യാഭ്യാസത്തിന്റെ മികവാര്‍ന്ന കേന്ദ്രമാക്കി മാറ്റാന്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ത്യാഗോജ്ജ്വമായ പ്രവര്‍ത്തനങ്ങള്‍ ചരിത്രമാണെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.

കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ആദരവ് നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആത്മധൈര്യമാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിത്തറ. വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുകയെന്ന കടമ അദ്ദേഹം എല്ലാവരിലും എത്തിക്കുന്നുണ്ടെന്നും ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കിയെന്നും മന്ത്രി പറഞ്ഞു.. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ദീപപ്രകാശനം നടത്തി. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, പഞ്ചായത്ത് അംഗം മിനിമോള്‍ സൂര്യത്ത്, ഹയര്‍സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി. കെ. അശോക് കുമാര്‍, ചേര്‍ത്തല ഡി.ഇ.ഒ. എ.കെ. പ്രതീഷ്, എ.ഇ.ഒ. സി. മധു, എസ്.എന്‍.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി ഇ.ജി. ബാബു എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ ടി. പ്രസന്നകുമാര്‍ സ്വാഗതവും ദേവസ്വം സെക്രട്ടറി പി. ധനേശന്‍ നന്ദിയും പറഞ്ഞു. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് എസ്.എന്‍.ഡി.പി യോഗവും എസ്.എന്‍.ട്രസ്റ്റും സമാഹരിച്ച രണ്ടാംഘട്ട തുകയായ 99,72,462 രൂപയുടെ ചെക്ക് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യ്ക്ക് യോഗം ജനറല്‍ സെക്രട്ടറി കൈമാറി. ആദ്യഘട്ടമായി 72 ലക്ഷം രൂപ നല്‍കിയിരുന്നു.

Author

Scroll to top
Close
Browse Categories