യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം
കൊച്ചി: നവമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും വ്യാജ പ്രചാരണങ്ങള്‍ നടത്തി എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗം കുണ്ടന്നൂര്‍ ശാഖയില്‍ ഗുരുദേവ ക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുലംകുത്തികളാണ് യോഗത്തിന്റെ വളര്‍ച്ചയെ തടയാന്‍ ശ്രമിക്കുന്നത്. ഇവരെ നേരിടേണ്ട കാലം അതിക്രമിച്ചു. കഴിഞ്ഞ 27 വര്‍ഷം കൊണ്ട് എസ്.എന്‍.ഡി.പി യോഗം കൈവരിച്ച നേട്ടങ്ങള്‍ കാണാതെ പോകാനാവില്ല. മൈക്രോഫിനാന്‍സിലൂടെ ശതകോടികളാണ് യോഗം സംരംഭകര്‍ക്ക് നല്‍കിയത്. ഒരു നൂറ്റാണ്ടുകൊണ്ട് കൈവരിക്കാനാകാത്ത നേട്ടം വിദ്യാഭ്യാസ രംഗത്തുണ്ടായി. സ്വാശ്രയ മേഖലയിലും അല്ലാതെയും അനവധി പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളെ കണ്‍വീനര്‍ എം.ഡി. അഭിലാഷ് ആദരിച്ചു. ശാഖാ പ്രസിഡന്റ് ജയകുമാര്‍ സ്വാഗതവും സെക്രട്ടറിസോമന്‍ നന്ദിയും പറഞ്ഞു. വനിതാസംഘം പ്രസിഡന്റ് രാജി തമ്പി, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.