യോഗം ഭാരവാഹികള്‍ക്ക് അയോഗ്യത ഇല്ല
കൊച്ചി: വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച ആരോപിച്ച് എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കണമെന്ന ആവശ്യം ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രേഷന് (ഐ.ജി.) തള്ളി. 2014 മുതല്‍ 2016 വരെ റിട്ടേണ്‍ നല്‍കിയിട്ടില്ലെന്ന വാദം സാങ്കേതികമായി ശരിയല്ലാത്തതിനാല്‍ അയോഗ്യരാക്കാനാവില്ലെന്ന് രജിസ്ട്രേഷന് ഐ.ജി. ശ്രീധന്യ സുരേഷിന്റെ ഉത്തരവില്‍ വ്യക്തമാക്കി.
2013 മുതല്‍ 2016 വരെ റിട്ടേണുകള്‍ സമര്‍പ്പിക്കാത്തതിനാല്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, പ്രസിഡന്റ് എം.എന്‍.സോമന്, വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരെ അഞ്ചുവര്‍ഷത്തേക്ക് അയോഗ്യരാക്കി റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. എം.കെ.സാനു നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ രജിസ്ട്രേഷന് ഐ.ജി.ക്ക് 2023 നവംബര്‍ 30ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. 2013 മുതല്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി റിട്ടേണ്‍ സമര്‍പ്പിക്കാത്തതിനാല്‍ കമ്പനി നിയമപ്രകാരം 2016 സെപ്തംബര്‍ 12 മുതല്‍ ഭാരവാഹികള്‍ അയോഗ്യരായി എന്നാണ് ഹര്‍ജിയില്‍ വാദിച്ചത്. ഇതിന് ആധാരമായി ഉന്നയിച്ച കമ്പനി നിയമത്തിന്റെ 2013 സെപ്തംബര്‍ 12ലെ ഭേദഗതി 2014 ഏപ്രില്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വന്നത്. അഞ്ചുവര്‍ഷം കാലാവധി കഴിഞ്ഞെന്നും പുനര്നിയമനത്തിനാണ് വിലക്കെന്നും പദവിയില്‍ തുടരുന്നത് തടയാനാവില്ലെന്നും യോഗം വാദിച്ചു. 2005 വരെ വാര്‍ഷിക റിട്ടേണുകള്‍ കമ്പനി രജിസ്ട്രാര്‍ക്കാണ് നല്‍കിയിരുന്നത്. അതിനു ശേഷം രജിസ്ട്രേഷന് വകുപ്പിന് സമര്‍പ്പിച്ചെങ്കിലും ഒറിജനല്‍ റെക്കോര്‍ഡുകള്‍ ലഭിച്ച ശേഷമേ ഫയലില്‍ സ്വീകരിക്കൂ എന്നാണ് അറിയിച്ചത്. 2019 സെപ്തംബറിലാണ് ഇവ ലഭ്യമായത്. ഇത് യോഗത്തിന്റെ പിഴവല്ല. 2006 -07 മുതല്‍ 2016-17 വരെ റിട്ടേണ്‍ നല്‍കാത്തവര്‍ക്ക് ഇളവ് നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കാലതാമസം ഒഴിവായി. പിഴയായി ഈടാക്കിയ ഒരു ലക്ഷം രൂപ തിരികെ ലഭിക്കുകയും പ്രോസിക്യൂഷന് ഒഴിവാക്കുകയും ചെയ്തു. ഇക്കാരണങ്ങളാലാണ് അയോഗ്യത ഒഴിവായത്. ബൈലാപ്രകാരം അഞ്ചുവര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് പിന്‍ഗാമികള്‍ ചാര്ജ്ജെടുക്കുംവരെ തുടരാം. കമ്പനി ഡയറക്ടര്‍മാര്‍ക്ക് അനിവാര്യമായ ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഡിന്) യോഗം ഭാരവാഹികള്ക്കില്ലെന്ന വാദവും നിലനില്‍ക്കില്ല. 2009 മുതല്‍ ഭാരവാഹികള്‍ക്കെല്ലാം ‘ഡിന്’ ഉണ്ട്. യോഗത്തിനുവേണ്ടി അഡ്വ. എ.എന്‍. രാജന്‍ബാബു, അഡ്വ. സിനില്‍ മുണ്ടപ്പിള്ളി, അഡ്വ. ഈശ്വര്‍ലാല്‍ എന്നിവര്‍ ഹാജരായി.