മുഖ്യമന്ത്രിക്കസേരയ്ക്കായി സവര്‍ണരുടെ ചരടുവലി


വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
ആലുവ: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരയ്ക്കായി സവര്‍ണജാതിക്കാരുടെ മാത്രം ചരടുവലികളാണ് നടക്കുന്നതെന്നും, ഒരു പിന്നാക്കക്കാരനെയും ആരും ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കപ്രശേരി ശാഖയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കസേരയ്ക്കായി ചരടുവലിക്കുന്ന ചെന്നിത്തലയും വേണുഗോപാലും വി.ഡി. സതീശനും ശശിതരൂരുമെല്ലാം സവര്‍ണ സമുദായത്തിന്റെ പ്രതിനിധികളാണ്. ശശിതരൂര്‍ നല്ല മനുഷ്യനാണെങ്കിലും, വിശ്വപൗരനെന്നെല്ലാം പരസ്യമായി പ്രഖ്യാപിച്ച് രാഷ്ട്രീയ ഭാവി ഇല്ലാതാക്കി.
ആര്‍. ശങ്കറിനു ശേഷം കോണ്‍ഗ്രസ്സില്‍ നിന്ന് ഒരു പിന്നോക്കക്കാരന്‍ പോലും മുഖ്യമന്ത്രിയായിട്ടില്ല. സംഘടിത വോട്ടു ബാങ്കുകളെയാണ് പരിഗണിക്കുന്നത്. അധികാരത്തില്‍ സമ്പത്ത് ചോര്‍ത്തി അവര്‍ വളര്‍ന്നപ്പോള്‍ പിന്നാക്ക വിഭാഗം തളരുകയായിരുന്നു.കുലംകുത്തികളാണ് ഈഴവ സമുദായത്തിന്റെ ശാപമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം സ്ഥാപിച്ച നാള്‍ മുതല്‍ കുലംകുത്തികളുണ്ട്. അവരുടെ പ്രേതം ഇപ്പോഴും സംഘടനയെ പിന്തുടരുകയാണ്. ഗുരുദേവന്റെ ഷഷ്ടിപൂര്‍ത്തി സ്മാരകം നിര്‍മ്മിച്ചപ്പോള്‍ കുമാരനാശാനെതിരെയും കുലംകുത്തികള്‍ രംഗത്തു വന്നു. ഗുരു തന്നെ അന്വേഷിച്ച് ക്രമക്കേടില്ലെന്ന് കണ്ടെത്തി. ഈ ദുഃഖത്തില്‍ നിന്നാണ് കുമാരനാശാന്‍ ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ എന്ന കവിതയെഴുതിയത്.
മുന്‍മുഖ്യമന്ത്രി കൂടിയായ ആര്‍.ശങ്കറിനെ പോലും നശിപ്പിച്ചത് സ്വന്തം സമുദായക്കാരാണ്. അദ്ദേഹം സ്ഥാപിച്ച കോളേജുകളില്‍ കയറരുതെന്ന് അവര്‍ വിധി സമ്പാദിച്ചു. തനിക്കെതിരെ നിലവില്‍ 118 കള്ളക്കേസുകളാണുള്ളത്. പടനായകനെ തകര്‍ത്ത് പടയെ തീര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. ജനങ്ങളുടെ കോടതിയില്‍ വരാന്‍ അവര്‍ക്ക് ഭയമാണ്. കള്ളക്കേസുകളിലൂടെ റിസീവര്‍ ഭരണത്തിലേറാനാണ് അവരുടെ ശ്രമം. കുലംകുത്തികള്‍ സ്വയം കുത്തി നശിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു
യോഗം ആലുവ യൂണിയന്‍ പ്രസിഡന്റ് വി. സന്തോഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം പ്രസിഡന്റ് ഡോ. എം.എന്‍.സോമന്‍ മുഖ്യാതിഥിയായിരുന്നു.