സാമൂഹ്യനീതി ഉറപ്പാക്കാന്‍ യോഗം സമര സംഘടനയാകണം
മാവേലിക്കര: സാമൂഹ്യനീതി ഉറപ്പാക്കാന്‍ എസ്.എന്‍.ഡി.പി യോഗം സമര സംഘടനയായി മാറണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി. യോഗം ഓലകെട്ടിയമ്പലം പള്ളിക്കല്‍ 323-ാം നമ്പര്‍ ശാഖാ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രതിഷ്ഠാ വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടികള്‍ മതേതരത്വ ത്തെയും ജനാധിപത്യത്തെയും സാമൂഹ്യനീതിയെയും പറ്റി നിരന്തരം പ്രസംഗിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യമെന്താണ്. കേരളത്തില്‍ രാഷ്ട്രീയ നീതിയോ സാമൂഹ്യനീതിയോയുണ്ടോ, കോണ്‍ഗ്രസ്സില്‍ ഈഴവ സമുദായത്തില്‍ നിന്നുള്ളത് ആകെ ഒരു എം.എല്‍.എയാണ്. എല്ലാവരാലും കബളിപ്പിക്കപ്പെടുന്ന സമുദായമായി ഈഴവ സമുദായം മാറുന്ന സ്ഥിതിയാണ്. വൈക്കം സത്യാഗ്രഹമുള്‍പ്പെടെ സമുദായം നയിച്ച ഐതിഹാസികമായ സമരങ്ങള്‍ അനവധിയാണ്. സമരം ചെയ്യാതൊന്നും നേടിയെടുക്കാന്‍ കഴിയില്ല. രാഷ്ട്രീയ മോഹമില്ലാത്തതിനാല്‍ ഞാന്‍ സാമൂഹ്യ സത്യങ്ങള്‍ നേരെ പറയും. അതിന്റെ പേരില്‍ ചിലര്‍ക്കൊക്കെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ടാകും. അതെനിക്ക് പ്രശ്‌നമല്ല. പ്രതിസന്ധികളിലൂടെ ജീവിച്ചവനാണ്. എന്റെ പൂര്‍വാശ്രമം പലര്‍ക്കുമറിയില്ല. ഞാന്‍ തീയില്‍ കുരുത്തതാണ്. വെയിലത്ത് വാടില്ല. വിമര്‍ശനം ക്രിയാത്മകമായിരിക്കണം.
വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിച്ചും സംഘടനയെ തകര്‍ക്കാന്‍ വേണ്ടി ഇതിനകത്ത് നിന്ന് അസത്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ചില ക്ഷുദ്രജീവികളുണ്ട്. എസ്.എന്‍.ഡി.പി യോഗത്തെ ജപ്തിചെയ്‌തെന്നുവരെ പ്രചരിപ്പിച്ചു. കോടിക്കണക്കിന് രൂപ ഇന്നും യോഗത്തില്‍ ബാക്കിയുണ്ട്.ജാതി പറയരുതെന്നല്ല ജാതി ഭേദം പാടില്ലെന്നായിരുന്നു ഗുരുവിന്റെ ഉപദേശമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
യൂണിയന്‍ കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് പി. സുശീലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്‍വീനര്‍ രാജന്‍ ഡ്രീംസ് മുഖ്യപ്രഭാഷണം നടത്തി.
യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വിനുധര്‍മ്മരാജന്‍, സുരേഷ് പള്ളിയ്ക്കല്‍, മേഖലാ ചെയര്‍മാന്‍മാരായ അഭിലാഷ് ഡി, ഷാജി എന്‍, കെ. വാസുദേവന്‍, യൂണിയന്‍ വനിതാസംഘം ചെയര്‍പേഴ്‌സണ്‍ അമ്പിളി എല്‍, യൂത്ത്മൂവ്‌മെന്റ് കണ്‍വീനര്‍ രാജീവ്, ശഖാ സെക്രട്ടറി കെ. മുരളീധരന്‍, ജോയിന്റ് കണ്‍വീനര്‍ ഗോപന്‍ ആഞ്ഞിലിപ്ര തുടങ്ങിയവര്‍ സംസാരിച്ചു.