യോഗത്തിന്റേത് നീതിനിഷേധത്തിനെതിരെ ശബ്ദമുയർത്തിയ പാരമ്പര്യം
കുട്ടനാട് : കോൺഗ്രസും കമ്മ്യൂണിസവും ഒന്നും ഇല്ലാതിരുന്ന അവസരത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി മാറിയ സംഘടനയാണ് എസ്എൻഡിപിയോഗമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുട്ടനാട് സൗത്ത് യൂണിയൻ നേതൃത്വത്തിൽ ശാരദോത്സവം സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും വരുന്നതിനുമുമ്പ് കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചത് എസ്എൻഡിപി യോഗവും ആലപ്പുഴയിലെ കയർ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ചത് വാടപ്പുറം ബാവയുമായിരുന്നു. നീതി നിഷേധത്തിനെതിരെ ശബ്ദമുയർത്തിയ പാരമ്പര്യമാണ് യോഗത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീമിനും ലത്തീൻ കത്തോലിക്കർക്കും പട്ടികജാതിക്കാർക്കും എല്ലാം സംവരണം വേണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിച്ചതും വൈക്കം സത്യാഗ്രഹത്തിന് തുടക്കം കുറിച്ചതും എസ്എൻഡിപി യോഗമാണ്. ജാതിയുടെ പേരിൽ നീതി നിഷേധിപ്പെട്ട സമുദായമായി ഇപ്പോൾ ഈഴവ സമുദായം മാറി.
കുട്ടനാട്ടില്‍ ജനാധിപത്യമല്ല പണാധിപത്യമാണ് നിലനില്‍ക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ശുദ്ധവെള്ളം പോലും ഇവിടെ കിട്ടാനില്ല. അദ്ധ്വാനിച്ചുണ്ടാക്കുന്ന നെല്ലിന്റെ വില തരാന്‍ ആളില്ലാത്ത സ്ഥിതിയായി. ഞാനല്ല ജാതി ആദ്യം പറഞ്ഞത്. കുമാരനാശാനാണ്. ഇന്നത്തെ അസംബ്ലിക്ക് തുല്യമായ പ്രജാസഭയില്‍ ഈഴവര്‍ക്ക് പ്രാതിനിധ്യം വേണമെന്ന് ശക്തമായി പറഞ്ഞത് ആദ്യത്തെ ജനറല്‍ സെക്രട്ടറിയായ കുമാരനാശാനാണ്. ആശാന്റെ 150-ാം ജൻമവാർഷികം ആഘോഷിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞതും പഠിപ്പിച്ചതുമൊക്കെ നാം അറിയണം. അന്നു സംഘടനാ സെക്രട്ടറിയായിരുന്ന ടികെ. മാധവന് വള്ളത്തില്‍ സഞ്ചരിച്ചു കുട്ടനാട്ടിലെ വയലേലകളിലേക്ക് കടന്നു വന്നാണ് യോഗത്തിന്റെ ആദ്യശാഖകള്‍ രൂപീകരിച്ചത്.
വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ശാന്ത സി.പി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ്, കൺവീനർ അഡ്വ.പി.സുപ്രമോദം, യോഗം കൗൺസിലർ ഷീബ ടീച്ചർ,എബിൻ അമ്പാടി വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡൻറ് കെ.പി കൃഷ്ണകുമാരി,സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥ്, മാന്നാര്‍ യൂണിയൻ കണ്‍വീനര്‍ അനിൽ പി. ശ്രീരംഗം, ചെങ്ങന്നൂര്‍ യൂണിയൻ അഡ് മിനിസ്ട്രേറ്റര്‍ സുരേഷ് പരമേശ്വരൻ, കുട്ടനാട് യൂണിയൻ കണ്‍വീനര്‍ സന്തോഷ് ശാന്തി എന്നിവർ പ്രസംഗിച്ചു. യൂണിയൻ വൈദിക സമിതി ചെയർമാൻ സുജിത്ത് തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ യൂത്ത് മൂവ്മെന്റ് ചെയർമാൻ ഉണ്ണി പച്ചയിൽ,സൈബർ സേന ചെയർമാൻ പീയുഷ് പി.പ്രസന്നൻ,മൈക്രോ ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍മാരായ വിമല പ്രസന്നൻ, സുജി സന്തോഷ് , യൂണിയൻ വൈദിക സമിതി കണ്‍വീനര്‍ സനൽ ശാന്തി, ബാലജനയോഗം കൺവീനർ ശ്രീരാഗ് സജീവ്, മേഖലാ സംഘാടകസമിതി ചെയർമാൻമാരായ സുജിത്ത് പി.വി,ശ്രീകുമാർ, ഷാജി നടുഭാഗം,സജി എം.എസ് , വിജയമ്മ രാജൻ, രാജലക്ഷ്മി,വത്സല രാജേന്ദ്രൻ,സുശീല മോഹനനൻ,അമ്പിളി അനിൽ,സുജ ഷാജി എന്നിവര്‍ സംസാരിച്ചു. യൂണിയൻ വനിതാ സംഘം സെക്രട്ടറി സിമി ജിജി സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീജ രാജേഷ് കൃതജ്ഞതയും രേഖപ്പെടുത്തി.