ലീഗ് മുട്ടി മുട്ടി എല്‍.ഡി.എഫില്‍ കയറാന്‍ ശ്രമിക്കുന്നു
കൊല്ലം: എമ്പ്രാന്റെ വെളിച്ചത്ത് വാര്യരുടെ അത്താഴമെന്ന് പറയുന്നത് പോലെയാണ് മുസ്ലീംലീഗിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ്‌ഫോറം സ്‌കൂള്‍, കോളേജ് റീജിയണല്‍ കൗണ്‍സില്‍ (എസ്.സി.ആര്‍.സി) രൂപീകരണയോഗവും എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയായി പത്താംതവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളിനടേശന് യോഗം ആസ്ഥാനമന്ദിരത്തിലെ ധ്യാനഹാളില്‍ നല്‍കിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് പോകുന്നു. മുസ്ലീംലീഗ് കുറേ നാളുകളായി അധികാരമില്ലാതെ പുറത്ത് നില്‍ക്കുകയാണ്. ഇടത് സര്‍ക്കാരിന് മൂന്നാം വട്ടവും ഭരണം കിട്ടുമെന്ന തോന്നലിനെ തുടര്‍ന്നാണ്, ഇപ്പോള്‍ മുട്ടിമുട്ടി അകത്ത് കയറാന്‍ ശ്രമിക്കുന്നത്. ഇനി ഭരണത്തിലിരിക്കാന്‍ ഒരവസരം ലഭിക്കില്ലെന്ന തോന്നലാണ് കാരണം. ശ്രീനാരായണ എംപ്ലോയീസ് ഫോറത്തില്‍ അംഗമായാലും ഇഷ്ടമുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കാം. പുതുതായി രൂപീകരിച്ച എംപ്ലോയീസ് ഫോറത്തെ പലരും സംശയദൃഷ്ടിയോടെയാണ് കാണുന്നത്. അത് ശരിയല്ല. സ്ഥാപനത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനല്ലാതെ എംപ്ലോയീസ്‌ഫോറം എന്തെങ്കിലും പിടിച്ചെടുക്കാനോ ആരെയും തോല്‍പ്പിക്കാനോ ജയിപ്പിക്കാനോ ഉള്ളതല്ല. സമൂഹവും സമുദായവും സ്വയം നന്നാവാനുള്ള കര്‍മ്മപദ്ധതികള്‍ നടപ്പാക്കുകയാണ് എംപ്ലോയീസ് ഫോറത്തിന്റെ ലക്ഷ്യമെന്നും വെള്ളാപ്പളളി നടേശന്‍ പറഞ്ഞു.
എസ്.എന്‍.ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍ അദ്ധ്യക്ഷനായി. വെള്ളാപ്പള്ളി നടേശനെ എസ്.സി.ആര്‍.സി ഭാരവാഹികള്‍ ഹാരമണിയിച്ച് സ്വീകരിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍യൂണിവേഴ്‌സിറ്റി പ്രോ.വൈസ്ചാന്‍സലര്‍ ഡോ. എസ്.വി. സുധീര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.വി. രജിമോന്‍, എസ്.എന്‍.ഇ.എഫ് സെക്രട്ടറി ഡോ. ശില്‍പ്പശശാങ്കന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം ഇന്‍സ്റ്റിറ്റ്യൂഷന്‍ ഡിവിഷന്‍ കോര്‍കമ്മിറ്റി ഇന്‍ചാര്‍ജ്ജ് ഡോ. എസ്. വിഷ്ണു സ്വാഗതവും കോര്‍ കമ്മിറ്റി അംഗം ഡോ. എസ്. ഷീബ നന്ദിയും പറഞ്ഞു.