തീര്‍ത്ഥാടനത്തിലൂടെ ഗുരു മുന്നോട്ടു വച്ചത് പൊതുസമൂഹത്തിന്റെ വളര്‍ച്ച
കുട്ടനാട്: ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ ഗുരു മുന്നോട്ടു വച്ച ആശയം, പൊതുസമൂഹത്തിന്റെ വളര്‍ച്ചയും അതില്‍ പങ്കുകൊള്ളുന്ന വ്യക്തികളുടെ ഉയര്ച്ചയുമായിരുന്നെന്ന് മന്ത്രി വി.എന്‍. വാസവന് അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിലുള്ള 91-ാമത് ശിവഗിരി-ഗുരുകുലം പദയാത്രയുടെ തുടക്കം കുറിച്ചുള്ള സമ്മേളനം കൈനകരി ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരപൂര്‍വ ഭാരതത്തിന്റെ വിവിധ മേഖലകളില്‍ ജാതിയുടേയും, മതത്തിന്റെയും, വര്‍ണ്ണത്തിന്റെയും, ആചാരത്തിന്റെയും, അനുഷ്ഠാനത്തിന്റെയും പേരില്‍ മനുഷ്യന് അന്യോന്യം അങ്കപ്പോരിലേക്ക് പാഞ്ഞടുക്കുന്ന സാമൂഹ്യ അന്തരീക്ഷത്തില്‍ ഗുരുവിന്റെ ദര്‍ശനങ്ങളും സന്ദേശങ്ങളും വളരെ പ്രസക്തമാണെന്നും മന്ത്രി പറഞ്ഞു. എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ ധര്‍മ്മപതാക യൂണിയന് കണ്‍വീനര്‍ സന്തോഷ് ശാന്തിക്ക് കൈമാറി. ചങ്ങനാശ്ശേരി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട് മുഖ്യപ്രസംഗവും കോടുകുളഞ്ഞി വിശ്വധര്‍മ്മമഠത്തിലെ സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തി. യൂണിയന് വൈസ്ചെയര്‍മാന്‍ എം.ഡി. ഓമനക്കുട്ടന് പദയാത്ര സന്ദേശം നല്കി.
യൂണിയന് ചെയര്മാന് പി.വി. ബിനേഷ് പ്ലാത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സന്തോഷ് ശാന്തി സ്വാഗതം പറഞ്ഞു.