ചതിക്കപ്പെട്ടവരായി ഈഴവ സമുദായം മാറി
കോട്ടയം: സാമൂഹ്യനീതി നടപ്പാക്കാതെ ചതിക്കപ്പെട്ടവരായി ഈഴവ സമുദായം മാറിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം 32-ാം നമ്പര്‍ കിളിരൂര്‍ ശാഖയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.എൻ.ഡി.പി. എച്ച്.എസ്.എസിൽപുതിയതായി നിര്‍മ്മിച്ച ആര്. ശങ്കര്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ ഈഴവ സമുദായത്തിന് നിരന്തര അവഗണനയാണ്.
ഓരോ സര്‍ക്കാരുകളുടെയും കാലത്ത് സംഘടിത സമുദായങ്ങള്‍ കണക്കു പറഞ്ഞ് ആനുകൂല്യങ്ങള്‍ നേടുന്നു. പ്ലസ്ടു നടപ്പാക്കിയപ്പോള്‍ ആറായിരം സീറ്റ് നഷ്ടമായപ്പോള്‍ സമുദായത്തിന്റെ സ്കൂളുകളില്‍ ലഭിച്ചത് 1500 സീറ്റ് മാത്രമാണ്. സംഘടിതരായി നിന്ന് രാജ്യത്തിന്റെ സമ്പത്ത് പലവിധ മേഖലകളില്‍ നിന്ന് ചോര്‍ത്തിക്കൊണ്ട് പോകുകയാണ് ഒരു വിഭാഗം. ഗുരുവില്‍ നിന്ന് നമ്മള് അകന്ന് പോയതാണ് കാരണം. സംഘടിച്ച് ശക്തരാകണമെന്ന ഗുരുവാക്യം ഉള്‍ക്കൊണ്ട് ആ ശക്തി സമാഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശാഖാ പ്രസിഡന്റും സ്കൂള്‍ മാനേജരുമായ എ.കെ. മോഹനന് അദ്ധ്യക്ഷത വഹിച്ചു. ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു.
കുറിച്ചി അദ്വൈതാവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. തോമസ് ചാഴികാടന് എം.പി. മുഖ്യപ്രഭാഷണം നടത്തി. എസ്.എന്‍. ഡി. പി യോഗം കൗണ്‍സിലര്‍ എ.ജി.തങ്കപ്പന്, കോട്ടയം യൂണിയന് പ്രസിഡന്റ് എം. മധു, യൂണിയന് സെക്രട്ടറി ആര്. രാജീവ്, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി വൈസ്പ്രസിഡന്റ് സജീഷ്കുമാര്മണലേല് എന്നിവര്‍ മുഖ്യസന്ദേശം നല്കി. കെ.വി. ബിന്ദു, അജയന് കെ മേനോന്, എ.എം. ബിനു, അഡ്വ. വി.ബി. ബിനു, നാട്ടകം സുരേഷ്, ലിജിന്‍ ലാല്‍, ഹാഫിസ് അബു ഷമ്മാസ് മുഹമ്മദലി മൗലവി, ഫാ. കുര്യന്മാത്യു, എന്‍.കെ. റെജി, ഒ.എസ്. അനീഷ്കുമാര്‍, സുമേഷ്കുമാര്, സുബിന്‍പോള്‍, പി.എസ്. ലിന്‍സി, പി. ഗീത, ബിജുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എസ്. ഷെമീര്‍, ടി.എസ്. പ്രണീഷ്, ദിജു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശാഖാ സെക്രട്ടറി കെ.ജി. സുരേന്ദ്രന് സ്വാഗതവും, വൈസ്പ്രസിഡന്റ് ജയരാജ് തമ്പിത്തറ നന്ദിയും പറഞ്ഞു.