സമുദായത്തിന്റെ ശത്രു കുലംകുത്തികള്‍
അമ്പലപ്പുഴ: സമുദായത്തിലെ കുലംകുത്തികളാണ് ഈഴവരുടെ ശത്രുക്കളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. യോഗത്തിന്റെ തിരഞ്ഞെടുപ്പ് നടത്താന്‍ സമ്മതിക്കാത്ത ഇവര്‍ എന്തുകൊണ്ട് ജനങ്ങളുടെ കോടതിക്ക് മുന്നിലേക്ക് വരുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എസ്.എന്‍.ഡി.പി യോഗം കഞ്ഞിപ്പാടം 16-ാം നമ്പര്‍ ശാഖയിലെ 25-ാമത് ഗുരുദേവ വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 25 വര്‍ഷം മുമ്പ് പ്രതിഷ്ഠാദിനത്തില്‍ ഞാന്‍ വന്നപ്പോള്‍ കണ്ട കഞ്ഞിപ്പാടം അല്ല ഇപ്പോഴുള്ളത്. മനോഹരമായ റോഡുകള്‍ വന്നു. നിരവധി വികസനമുണ്ടായി. മുന്‍മന്ത്രി ജി. സുധാകരനാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവന്നത്. അദ്ദേഹത്തെ അനുമോദിക്കുന്നതായും
വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
കുട്ടനാട്ടുകാരുടെ കുടിവെള്ളപ്രശ്നത്തിന് മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് പരിഹാരം കാണാനായിട്ടില്ല. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കു തന്നെ വോട്ട് ചെയ്യേണ്ട ഗതികേടിലാണ് കുട്ടനാട്ടുകാര്‍. മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ കുട്ടനാട്ടില്‍ വരുന്നതിന് വളരെ മുമ്പു തന്നെ കര്‍ഷകരെ സംഘടിപ്പിച്ച പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി യോഗം. ദൈവദശകം തിരുവാതിരയിലൂടെ അവതരിപ്പിച്ച വനിതകളെ പ്രശംസിച്ച യോഗം ജനറല്‍ സെക്രട്ടറി അവര്‍ക്ക് ഒരു ലക്ഷത്തി പതിനായിരത്തി ഒരുനൂറ്റി ഒന്നു രൂപ പരിതോഷികവും വാഗ് ദാനം ചെയ്തു.
ദേവീഭക്തിഗാനങ്ങളുടെ സിഡി അദ്ദേഹം പ്രകാശനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എസ്. ബിജു അദ്ധ്യക്ഷനായി. കുട്ടനാട് സൗത്ത് യൂണിയന് ചെയര്മാന് പച്ചയില്‍ സന്ദീപ്, കണ്‍വീനര്‍ അഡ്വ. സുപ്രമോദം എന്നിവര്‍ മുഖ്യാതിഥികളായി. എച്ച്. സലാം എം.എല്‍.എ. വിശിഷ്ടാതിഥിയായി. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റിയംഗം കെ. കുഞ്ഞുമോന് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. പി.എം. ദീപ, പി. രമേശന് തുടങ്ങിയവര്‍ സംസാരിച്ചു. ഗുരുസ്മൃതി പുരസ്കാരം ചടങ്ങില്‍ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി എ. അനിരുദ്ധന് സ്വാഗതവും, യൂണിയന് കമ്മിറ്റി അംഗം പി. രതീഷ്ബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ദീപക്കാഴ്ചയും വഞ്ചിപ്പാട്ടും, ഗാനമേളയും നടന്നു.