വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറണം
കൊല്ലം: വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാൻ കഴിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊട്ടിയം എസ്.എന്‍. പോളിടെക്‌നിക്കില്‍ ശ്രീനാരായണ സ്റ്റഡി ഫോറത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഗുരുദേവന്റെ വെണ്ണക്കല്‍ പ്രതിമയുടെയും ആര്‍. ശങ്കറിന്റെ അര്‍ദ്ധകായ പ്രതിമയുടെയും അനാച്ഛാദനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളും യുവാക്കളും ഉപരിപഠനത്തിനും തൊഴില്‍ തേടിയും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോവുകയാണ്. ഈ സ്ഥിതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായി കാണുന്നുണ്ട്. ഇവിടെ തന്നെ മെച്ചപ്പെട്ട ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കുന്നതിനൊപ്പം മികച്ച തൊഴിലവസരങ്ങളും സൃഷ്ടിക്കണം. ഇക്കാര്യത്തില്‍ എല്ലാവരും ഗൗരവത്തോടെ ചിന്തിക്കുകയും ഇടപെടുകയും വേണം. സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഗുരുദേവന്‍ മുന്‍കൂട്ടി കണ്ടിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന ഗുരുദേവ സന്ദേശം യാഥാര്‍ത്ഥ്യമാക്കിയത് ആര്‍. ശങ്കറാണ്. ആര്‍. ശങ്കറിന്റെ കാലത്തിന് ശേഷം കൊട്ടിയം പോളിടെക്‌നിക്കില്‍ ഒരു കോഴ്‌സ് മാത്രമാണ് ലഭിച്ചത്. ഇടയ്ക്ക് നമ്മുടെ കോളേജിലേക്കും മറ്റൊരു സമുദായത്തിന്റെ സ്ഥാപനത്തിലേക്കും രണ്ട് കോഴ്‌സുകള്‍ക്ക് ശുപാര്‍ശ പോയി. അവര്‍ക്ക് രണ്ട് കോഴ്‌സ് കൊടുത്തു. നമുക്ക് ഒന്നേ തന്നുള്ളു. നമുക്ക് വിദ്യാഭ്യാസ, സാമ്പത്തിക, രാഷ്ട്രീയ നീതി ലഭിക്കുന്നില്ല. അര്‍ഹതപ്പെട്ടത് പിടിച്ചു വാങ്ങാന്‍ കഴിയാത്തതാണ് നമ്മുടെ ഏറ്റവും വലിയ വീഴ്ച. ഈ സ്ഥിതി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുദേവന്റെയും ആര്‍. ശങ്കറുടെയും വെണ്ണക്കല്‍ പ്രതിമകള്‍ വെള്ളാപ്പള്ളി നടേശനും എസ്.എന്‍.ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതിനടേശനും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. കോളേജില്‍ പുതുതായി സജ്ജമാക്കിയ സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനവും ഇന്‍ഡസ്‌ട്രി ഓണ്‍ കാമ്പസ് എന്ന സന്ദേശം ഉയര്‍ത്തി ടാല്‍റോപ്പുമായി ചേര്‍ന്ന് കാമ്പസില്‍ ആരംഭിക്കുന്ന ടെക്കീസ് പാര്‍ക്കിന്റെ പ്രഖ്യാപനവും വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു.
ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് ബി.ബി ഗോപകുമാര്‍ അദ്ധ്യക്ഷനായി. കോളേജ് പ്രിന്‍സിപ്പല്‍ വി. സന്ദീപ് സ്വാഗതം പറഞ്ഞു. പുതിയതായി ആരംഭിച്ച ഓട്ടോമൊബൈല്‍ ഡിവോക് കോഴ്‌സിന്റെ ഉദ്ഘാടനം അസാപ്പ് ട്രെയിനിംഗ് മാനേജര്‍ സജി നിര്‍വഹിച്ചു. കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ശങ്കര്‍, സെക്രട്ടറി എന്‍. രാജേന്ദ്രന്‍, എസ്.എന്‍. ട്രസ്റ്റ് എക്‌സി. അംഗങ്ങളായ പി. സുന്ദരന്‍, മേലക്കോട് സുധാകരന്‍, ടാല്‍റോപ് ഡയറക്ടര്‍മാരായ അജീഷ്‌സതീശന്‍, അനസ്അബ്ദുള്‍ ഗഫൂർ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിവിധ വകുപ്പ് മേധാവികളായ വി.എം. വിനോദ് കുമാര്‍, എസ്.എസ്. സീമ, രത്‌നാസ് ശങ്കര്‍, എസ്. ഷൈനി, രാഹുല്‍, ഓഫീസ് സുപ്രണ്ട് തുളസീധരന്‍, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാല്‍, കുണ്ടറ യൂണിയന്‍ സെക്രട്ടറി അഡ്വ. എസ്. അനില്‍കുമാര്‍, മുന്‍ പ്രിന്‍സിപ്പല്‍ വി. അജിത്ത്, അലൂമിനി എക്‌സി.അംഗം ജ്യോതി, പി.ടി. എ. വൈസ്‌പ്രസിഡന്റ് അജികുമാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അനൂപ്, കണ്‍വീനര്‍ എസ്. സനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കേരള ഡെവലപ്പ്‌മെന്റ് ഇന്നവേഷന്‍ സ്‌ട്രാറ്റജിക് കൗണ്‍സിലിന്റെ യംഗ് ഇന്നവേറ്റീവ് പ്രോഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആശയങ്ങള്‍ പങ്കുവച്ച ശ്രീനാരായണ പോളിടെക്‌നിക് കോളേജിനുള്ള സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ കൈമാറി. ചന്ദ്രയാന്‍-3 ദൗത്യത്തില്‍ പങ്കാളികളായ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ശ്രീനാരായണ സ്റ്റഡിഫോറം കണ്‍വീനര്‍ സാബു. ജി. ഗോപിനാഥന്‍ നന്ദി പറഞ്ഞു.