ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ക്ഷേത്രങ്ങള്‍ മുന്നിട്ടിറങ്ങണം

തുറവൂര്‍ വളവനാട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ഭൂമി സമര്‍പ്പണവും എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയന്റെ ഒന്‍പതാം ഘട്ട മൈക്രോഫിനാന്‍സ് വായ്പാവിതരണവും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

തുറവൂര്‍: ആരാധനലയങ്ങളെന്നതിനപ്പുറം സാമൂഹ്യക്ഷേമ പദ്ധതികള്‍ കൂടി ആവിഷ്‌കരിക്കാന്‍ ക്ഷേത്രങ്ങള്‍ മുന്നോട്ട് വരണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആത്മീയവളര്‍ച്ചയോടൊപ്പം ഭൗതികമായി വളരുവാനും ഉയരുവാനും ഇത്തരം പദ്ധതികള്‍ സഹായകമാകുമെന്നും കണിച്ചുകുളങ്ങര ക്ഷേത്രം ഇങ്ങനെ പാവപ്പെട്ടവര്‍ക്ക് ഉപകാരപ്പെടുന്ന ക്ഷേമപദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുറവൂര്‍ വളവനാട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ഭൂമി സമര്‍പ്പണവും എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയന്റെ ഒമ്പതാം ഘട്ട മൈക്രോ ഫിനാന്‍സ് വായ്പാ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ സമുദായങ്ങള്‍ സംഘടിച്ച് എല്ലാം നേടുമ്പോള്‍ ഭൂരിപക്ഷം വരുന്ന ഈഴവാദി പിന്നാക്ക സമുദായങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നത് കാലങ്ങള്‍ പലതു കഴിഞ്ഞിട്ടും തുടരുകയാണ്. 28 ശതമാനം വരുന്ന ഈഴവ സമുദായം വോട്ടുകുത്തി യന്ത്രം മാത്രമാകരുത്. സമുദായ ഉന്നതി ആഗ്രഹിക്കുന്നവരെ അധികാര രാഷ്ട്രീയത്തിലെത്തിക്കാന്‍ സാധിക്കണം. സമുദായാംഗങ്ങളുടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കി ആവിഷ്‌കരിച്ച മൈക്രോ ഫിനാന്‍സ് വായ്പാ പദ്ധതിയിലൂടെ ഇതുവരെ 6000 കോടി രൂപ വിവിധ ബാങ്കുകള്‍ വഴി വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടി. അനിയപ്പന്‍ അദ്ധ്യക്ഷനായി.യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം നിയുക്ത ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ വി. ശശികുമാര്‍, അനില്‍ ഇന്ദീവരം, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതിയംഗം കെ.എം.മണിലാല്‍, മുന്‍ യൂണിയന്‍ കൗണ്‍സിലര്‍ ടി. സത്യന്‍, എസ്.എന്‍.ഡി.പി യോഗം 2008-ാം നമ്പര്‍ ശാഖ പ്രസിഡന്റ് എ.എന്‍. വിജയന്‍, ചേര്‍ത്തല ഡപ്യൂട്ടി തഹസില്‍ദാര്‍ എന്‍. സോമന്‍, പഞ്ചായത്തംഗം അനിത സോമന്‍, കുടുംബയൂണിറ്റ് കണ്‍വീനര്‍ പ്രസന്നപ്രകാശന്‍, ക്ഷേത്രം പ്രസിഡന്റ് പി.വി. തിലകന്‍, സെക്രട്ടറി സഞ്ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Author

Scroll to top
Close
Browse Categories