ക്ഷേത്രങ്ങൾ ധർമ്മ, കാരുണ്യ പ്രവൃത്തി കൂടി ഏറ്റെടുക്കണം
പൂച്ചാക്കൽ: ക്ഷേത്രാചാരങ്ങളിൽ കാലാനുസൃതമായ മാറ്റം ഉണ്ടാക്കുകയും അനാചാരങ്ങൾ അവസാനിപ്പിക്കുകയും ചെയ്യണമെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അരൂക്കുറ്റി ശ്രീമാത്താനം ഭഗവതി ക്ഷേത്രം സമ്പൂർണ്ണ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷർട്ട് ധരിക്കാതെ വേണം ചുറ്റമ്പലത്തിൽ പ്രവേശിക്കേണ്ടത് എന്ന ആചാരം പുന:പരിശോധിക്കണം. ക്ഷേത്രങ്ങൾ ധർമ്മ, കാരുണ്യ പ്രവൃത്തി കൂടി ഏറ്റെടുക്കണം. വരുമാനത്തിന്റെ പതിനാറിൽ ഒന്ന് എന്ന കണക്കിന് തുക കൊണ്ട് പാവപ്പെട്ടവനെ സഹായിക്കണം. അവിടെ നിന്നാണ് പുണ്യം ഉണ്ടാകുന്നത്. ഈഴവനും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും ഒരു നൂറ്റാണ്ടിന് മുമ്പ് ആരാധാനാലയങ്ങൾ ഉണ്ടായിരുന്നില്ല. മതവും ജാതിയും നേക്കാതിരുന്ന അക്കാലത്ത് മറ്റ് മത വിശ്വാസികൾ നമുക്ക് ക്ഷേത്രം ഉണ്ടാക്കി തന്ന ചരിത്രം ഉണ്ട്. കണിച്ചുകുളങ്ങര ക്ഷേത്രം നിർമ്മിക്കാൻ മുന്നോട്ടു വന്നതും ദീർഘകാലം സെക്രട്ടറിയായിരുന്നതുംഅച്ചോ ജോൺ എന്ന ക്രിസ്തുമത വിശ്വാസിയായിരുന്നു. അക്കാലം മാറി, ഇന്ന് മതേതരത്വം എന്നത് കള്ളനാണയമായി മാറി.
ക്ഷേത്രാചാര്യൻ മാത്താനം അശോകൻ തന്ത്രി വൈദിക ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ അ‍്‌മിനിസ്ട്രേറ്റർ ടി. അനിയപ്പൻ അദ്ധ്യക്ഷനായിരുന്നു. യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണവും , മാത്താനം അശോകൻ തന്ത്രി അനുഗ്രഹ പ്രഭാഷണവും നടത്തി. എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി, ദേവസ്വം പ്രസിഡന്റ് കെ.എൻ. മോഹനൻ, വൈസ് പ്രസിഡന്റുമാരായ സി.കെ. അശോകൻ, എ.കെ. മുകുന്ദൻ , ട്രഷറർ സി.വി.ചന്ദ്രൻ, സെക്രട്ടറി എം.മുരളീധരൻ , ക്ഷേത്ര നിർമ്മാണ ഭരണ സമിതി ചെയർമാൻ വി.കെ.രവീന്ദ്രൻ, വൈസ് ചെയർമാൻ സി.കെ. ബിനു, ജനറൽ കൺവീനർ കെ.പി.നടരാജൻ, കൺവീനർമാരായ കെ. എൽ. ആരോമലുണ്ണി, എം.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.