ക്ഷേത്ര ആചാരങ്ങളിലും മാറ്റം വേണം
കായംകുളം: മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ചിന്തകള്‍ ക്ഷേത്ര ആചാരങ്ങളിലും വേണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കായംകുളം യൂണിയനിലെ കീരിക്കാട് തെക്ക് 334-ാം നമ്പര്‍ ശാഖായോഗം മൂലേശേരില്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഗുരു ക്ഷേത്രത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഷര്‍ട്ട് ഊരി കയറണമെന്നുള്ള ദുരാചാരങ്ങള്‍ നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്ന് ആദ്യം നിറുത്തലാക്കണമെന്നും എല്ലാ വിശ്വാസികള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷര്‍ട്ട് ഊരണമെന്ന ആചാരം കേരളത്തില്‍ മാത്രമാണുള്ളത്. ഇത് അനുകരിക്കുന്നത് ഗുരുനിന്ദയാണെന്നും അദ്ദേഹം പറഞ്ഞു.
ശാഖായോഗം പ്രസിഡന്റ് ജി. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കായംകുളം യൂണിയന്‍ പ്രസിഡന്റ് വി. ചന്ദ്രദാസ് ശിലാഫലകം അനാച്ഛാദനം ചെയ്തു. യൂണിയന്‍ സെക്രട്ടറി പി. പ്രദീപ്‌ലാല്‍ ക്ഷേത്രനിര്‍മ്മാണ കമ്മറ്റി ഭാരവാഹികളെ ആദരിച്ചു. ആര്‍. പ്രസാദ്, എസ്. സലിംകുമാര്‍, മഠത്തില്‍ ബിജു, കെ. അശോകപ്പണിക്കര്‍, എസ്. സലികുമാര്‍, ഡോ. എ.വി. ആനന്ദരാജ്, ബി. സത്യപാല്‍, സോമരാജന്‍, റജിമാവനാല്‍, പി. ഹരിലാല്‍, സുമിഅജീര്‍, ജയപ്രകാശ്, ആര്‍. സതീഷ്‌കുമാര്‍, പി.ബി. ശശിധരന്‍, ആര്‍. അജിത്ത്കുമാര്‍, പി.സുധാമണി, ടി.കെ. കൃപാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.