ജീവിക്കാന്‍ സമരം ചെയ്യേണ്ട അവസ്ഥ
പറവൂര്‍: കേരളത്തില്‍ ജീവിക്കണമെങ്കില്‍ സമരം ചെയ്യേണ്ട സ്ഥിതിയാണെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന്‍ ശ്രീനാരായണ ദര്‍ശനോത്സവ സമാപന സമ്മേളനവും വനിതാസെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാട്ടില്‍ നടക്കുന്ന ഓരോ കാര്യങ്ങളും തിരിച്ചറിഞ്ഞു വേണം ഇനി മുന്നോട്ട് പോകാന്‍. എസ്.എന്‍.ഡി.പി യോഗത്തിന്റെ മഹാരഥന്മാരായ നേതാക്കളോട് മാത്രമാണ് സമുദായത്തിന് കടപ്പാട്. അവര്‍ സമരം ചെയ്തു നേടിയതാണ് നാം അനുഭവിക്കുന്നതെല്ലാം. അല്ലാതെ ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും നമ്മളെ സഹായിച്ചിട്ടില്ല. ചരിത്രം പരിശോധിച്ചാല്‍ അതു മനസ്സിലാകും.
മൂന്ന് പതിറ്റാണ്ട് എസ്.എന്‍.ഡി.പി യോഗം നേതാക്കള്‍ അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി പ്രസ്ഥാനത്തെ ഉപയോഗിച്ചു. നമ്മുടെ ദൈവമായ ഗുരുദേവനെ ആ കാലഘട്ടത്തിലാണ് സാമൂഹ്യപരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമാക്കി മാറ്റിയത്. എസ്.എന്‍.ഡി.പി യോഗം ജാതി സംഘടന തന്നെയാണ്. ജാതിവിവേചനത്തിനെതിരെയാണ് എസ്.എന്‍.ഡി.പി യോഗം രൂപീകരിച്ചത്. ഇത് വ്യക്തമായി ബൈലോയില്‍ ഗുരുദേവന്‍ തന്നെ എഴുതി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ ഇ.എസ്. ഷീബ അദ്ധ്യക്ഷത വഹിച്ചു. വര്‍ത്തമാന കേരളവും കുടുംബബന്ധവും എന്ന വിഷയത്തില്‍ മഹാരാജാസ് കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ. മേരി മെറ്റില്‍ഡ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയില്‍, സൈബര്‍ സേന കോ ഓര്‍ഡിനേറ്റര്‍ അനിരുദ്ധ് കാര്‍ത്തികേയന്‍, ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിന്‍സെന്റ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി ഹരിവിജയന്‍ സ്വാഗതവും വനിതാസംഘം സെക്രട്ടറി ബിന്ദുബോസ് നന്ദിയും പറഞ്ഞു.
സാമുദായിക
സമത്വമെന്ന ആശയം മുന്നോട്ടു വച്ചത് യോഗം
പറവൂര്‍: സാമുദായിക സമത്വമെന്ന ആശയം ആദ്യമായി മലയാള മണ്ണില്‍ മുന്നോട്ടുവച്ചത് എസ്.എന്‍.ഡി.പി യോഗമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. എസ്.എന്‍.ഡി.പിയോഗം പറവൂര്‍ യൂണിയന്‍ ദര്‍ശനോത്സവത്തോടനുബന്ധിച്ച് നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്റെയും സോളാര്‍ വൈദ്യുത പ്ലാന്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ലോകത്തിന് നല്‍കിയ വെളിച്ചമാണ് ഗുരുദേവന്‍. അനാചാരത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ നേരിന്റെ പാതയിലേക്ക് നയിച്ചു. ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹത്തില്‍ എല്ലാവരും ഒന്നാണെന്ന് ഗുരുദേവന്‍ വിളിച്ചു പറഞ്ഞു. ജാതി,മത ശക്തികളില്‍ നിന്ന് നമ്മള്‍ കേരളത്തെ കാക്കേണ്ടതുണ്ട്. ഇതിനായി എസ്.എന്‍.ഡി.പി യോഗവും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും കൈകോര്‍ക്കണം. സിലബസ് പരിഷ്‌കരണത്തിലൂടെ വലിയ ഉയര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഹയര്‍സെക്കന്‍ഡറി സിലബസില്‍ എന്‍.സി.ഇ. ആര്‍.ടി ഇന്ത്യയുടെ ചില ചരിത്രവിഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ പറ്റില്ല.കേരളത്തിന് ഈ വിഷയത്തില്‍ വ്യക്തമായ അഭിപ്രായമുണ്ടെന്നും മന്ത്രി പറഞ്ഞു.