പ്രമോദ് മാല്യങ്കരയ്ക്ക് സംസ്ഥാന അദ്ധ്യാപക അവാർഡ്
പറവൂർ: ഈ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് നോർത്ത് പറവൂർ എസ് എൻ വി സംസ്കൃത ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയ്ക്ക് ലഭിച്ചു.
ഹയർ സെക്കന്ററി ക്ലാസ്സുകളിൽ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കാൻ വ്യത്യസ്തവും നൂതനവുമായ ശൈലി അവതരിപ്പിച്ച് ദേശീയ ,സംസ്ഥാന ശ്രദ്ധ നേടിയ അദ്ധ്യാപകനാണ് പ്രമോദ് മാല്യങ്കര. നാഷണൽ സർവ്വീസ് സ്കീം, കരിയർ ഗൈഡൻസ് പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി 500 ൽ പരംപാഠ്യേതരപ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. വിദ്യാർത്ഥികളുമായി ചേർന്ന് ജനങ്ങൾക്ക് റേഷൻ കാർഡിനുള്ള അപേക്ഷ ഫോം പൂരിപ്പിക്കൽ, ആൺകുട്ടികൾക്ക് പാചക പരിശീലനം, സൗജന്യ കൗൺസിലിങ്ങ്, കോൾ യുവർ ടീച്ചർ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകി.
സാമ്പത്തിക ശാസ്ത്രത്തിന് പുറമെ മനശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള പ്രമോദ് മാല്യങ്കര ഗുരു ശ്രേഷ്ഠ അവാർഡ്, ടീച്ചർ എക്സലന്റ് അവാർഡ്, ക്രിയേറ്റീവ് ടീച്ചർ അവാർഡ് തുടങ്ങി 15 ൽ പരം അദ്ധ്യാപക അവാർഡ് നേടിയിട്ടുണ്ട്. പറവൂർ യൂത്ത് മൂവ് മെന്റ് യൂണിയൻ മുൻ പ്രസിഡന്റ് , മാല്യങ്കരശാഖാ പ്രസിഡന്റ് എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
മാല്യങ്കര വലിയ വീട്ടിൽ പരേതനായ ജവാൻ സുബ്രണ്യൻ- ചന്ദ്രമതി ദമ്പതികളുടെ ഇളയ മകനാണ് പ്രമോദ്. ഭാര്യ ജയതി വിജിലൻസ്, ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷൽ സെൽ ഉദ്യോഗസ്ഥയാണ്. മകൾ അഞ്ജനപ്രിയ പ്ലസ് ടു വിദ്യാർത്ഥിനി.