സാമൂഹിക ഉന്നതിക്ക് വേണ്ടത് ആദ്ധ്യാത്മിക അടിത്തറ
മാന്നാര്‍: സാമൂഹികമായ ഉന്നതിക്ക് ആദ്ധ്യാത്മിക അടിത്തറ ആവശ്യമാണെന്നും ശ്രീനാരായണഗുരു കാട്ടിത്തന്ന ജീവിത വഴിയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ അത് സാദ്ധ്യമാകൂ എന്നും എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം യോഗം വനിതാസംഘം മാന്നാര്‍ യൂണിയന് സംഘടിപ്പിച്ച ഷീ ലീഡേഴ്സ് ക്യാമ്പ് ഏകദിന പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ശ്രീനാരായണധര്‍മ്മ പരിപാലകര്‍ മാത്രമാകാതെ നാമോരോരുത്തരും ധര്‍മ്മപ്രചാരകര്‍ കൂടിയാവണം. അതിനായി ബാലവേദി, കുമാരി-കുമാരസംഘങ്ങള്, കുടുംബയൂണിറ്റുകള്‍ എന്നിവയിലൂടെ ഗുരുധര്‍മ്മ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വരും തലമുറയെ നാടിന്റെ സമ്പത്തായി മാറ്റിയെടുക്കാന്‍ ഗുരുകൃതികള്‍ മനപാഠമാക്കിയും ഗുരുസന്ദേശങ്ങള്‍ മനസിലാക്കിയും മക്കളെ വളര്‍ത്തി വലുതാക്കണം. അതിന്റെ ഉത്തരവാദിത്വം വനിതാസംഘങ്ങള്‍ ഏറ്റെടുക്കണമെന്നും പ്രീതിനടേശന്‍ പറഞ്ഞു.
സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി യോഗം മാന്നാര്‍ യൂണിയന് കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. യൂണിയന് ചെയര്‍പേഴ്സണ്‍ ശശികല രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. യൂണിയന് അഡ് മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ദയകുമാര്‍ ചെന്നിത്തല, ഹരിലാല്‍ ഉളുന്തി, നുന്നു പ്രകാശ്, ഹരി പാലമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു. വനിതാസംഘം യൂണിയന് കണ്‍വീനര്‍ പുഷ്പ ശശികുമാര്‍ സ്വാഗതവും വൈസ് ചെയര്‍പേഴ്സണ്‍ സുജാത നുന്നു പ്രകാശ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ സെഷനുകളിലായി നടന്ന ക്ലാസുകള്‍ക്ക് വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീതവിശ്വനാഥന്‍, യൂണിയന് കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം, സൗമ്യ അനിരുദ്ധ്കോട്ടയം, മന:ശാസ്ത്ര വിദഗ്ദ്ധന് ഡോ. അനൂപ് വൈക്കം എന്നിവര്‍ നേതൃത്വം നല്കി. സമാപന സമ്മേളനവും ക്യാമ്പ് അവലോകനവും യൂണിയന് ചെയര്മാന് എം.പി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
വനിതാസംഘം യൂണിയന് ചെയര്‍പേഴ്സണ്‍ ശശികല രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്മെന്റ് ചെയര്മാന്രാജീവ് നെല്ലാണിക്കല്‍, പെന്‍ഷണേഴ്സ് ഫോറം ചെയര്മാന് സതീശന് മുന്നേത്ത്, കുമാരിസംഘം ചെയര്‍പേഴ്സണ്‍ ദേവിക സൂരജ് എന്നിവര്‍ സംസാരിച്ചു. വനിതാസംഘം യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ലേഖ വിജയകുമാര്‍ സ്വാഗതവും പ്രവദ രാജപ്പന് നന്ദിയും പറഞ്ഞു. മാന്നാര്‍ യൂണിയന്റെ കീഴിലുള്ള 27 ശാഖകളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു.