ചില രാഷ്ട്രീയ നേതാക്കള്‍ നവോത്ഥാന ചരിത്രത്തിന് അപമാനം

എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റും കുട്ടനാട് യൂണിയന്‍ ചെയര്‍മാനുമായ പി.വി. ബിനേഷ് കുട്ടനാട് യൂണിയന് നല്‍കുന്ന ഗുരുദേവ പഞ്ചലോഹ വിഗ്രഹത്തിന്റെ സമര്‍പ്പണം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ഗുരുദേവന്‍ എന്തിനെയെല്ലാം ഇല്ലാതാക്കാന്‍ ശ്രമിച്ചോ, അതെല്ലാം പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചില രാഷ്ട്രീയ നേതാക്കള്‍ ഇവിടെ ഇപ്പോഴുമുണ്ടെന്നത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന് തന്നെ അപമാനമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വൈക്കം യൂണിയന്‍ പ്രസിഡന്റും കുട്ടനാട് യൂണിയന്‍ ചെയര്‍മാനുമായ പി.വി. ബിനേഷ് കുട്ടനാട് യൂണിയന് നല്‍കുന്ന ഗുരുദേവ പഞ്ചലോഹ വിഗ്രഹത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. നവോത്ഥാനത്തിന്റെ മണ്ണായ, ടി.കെ. മാധവന്‍ സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച കുട്ടനാട്ടിലാണ് കറുത്തവരെ വെറുക്കുന്ന ഒരു നേതാവ്. അദ്ധ്വാനിക്കുന്നവരുടെ നാടാണ് കുട്ടനാട്. അവിടെ ഏറെയും കറുമ്പന്മാരാണ്.

ആ കറുത്തവരുടെ വോട്ട് വാങ്ങിയല്ലേ ഈ വെളുത്തവന്‍ ജയിച്ചത്? അല്ലാതെ ആര്‍ക്കും വേണ്ടാത്ത ആ പാര്‍ട്ടിയുടെ വോട്ടുകൊണ്ടല്ലല്ലോ. അധികാരത്തിലേറാന്‍ കറുത്തവനെ വേണം. അതു കഴിഞ്ഞാല്‍ ചവിട്ടിതാഴ്ത്തും. വെളുത്തവരോട് മാത്രം പ്രതിബദ്ധത പുലര്‍ത്തുന്ന നേതാക്കളേയും ജനപ്രതിനിധികളേയും നമുക്ക് വേണ്ട. ഇത് കറുത്തവന്റെ മണ്ണാണ്. അവന്റെ അദ്ധ്വാനമാണ് ഈ നാടിനെ വളര്‍ത്തിയത്.

നവോത്ഥാനത്തെക്കുറിച്ച് ശക്തമായി പറയുന്നവരാണ് നമ്മൾ. ചാതുര്‍വര്‍ണ്യം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കുട്ടനാട്ടിലെ ജനപ്രതിനിധിയെ പോലുള്ള ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ നാം തിരിച്ചറിയണം. അതിനായി കണ്ണുംകാതും തുറന്നു വയ്ക്കണം. കേരളത്തെ പഴയ ഇരുണ്ട ഘട്ടത്തിലേക്ക് തിരികെ നടത്താന്‍ അനുവദിക്കരുത്. അന്ന് ഗുരുദേവന്‍ കൊളുത്തിയ വിളക്ക് അണയാതെ സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് ഓരോ ഈഴവനുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഉല്ലലയില്‍ പി.വി. ബിനേഷിന്റെ വസതിയായ പ്ലാത്താനത്ത് നടന്ന ചടങ്ങില്‍ യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍ അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് യൂണിയന്‍ വൈസ്‌ചെയര്‍മാന്‍ എം.ഡി. ഓമനക്കുട്ടന്‍, കണ്‍വീനര്‍ സന്തോഷ് ശാന്തി, തലയോലപ്പറമ്പ് യൂണിയന്‍ പ്രസിഡന്റ് ഇ.ഡി. പ്രകാശന്‍, സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ്ബാബു, പി.പി. സന്തോഷ്, കെ.വി. പ്രസന്നന്‍, രാജേഷ്‌മോഹന്‍, എം.പി. പ്രമോദ്, ടി.എസ്. പ്രദീപ് കുമാര്‍, ലേഖ ജയപ്രകാശ്, സജേഷ് ശാന്തി തുടങ്ങിയവര്‍ പങ്കെടുത്തു.

വിഗ്രഹഘോഷയാത്രയ്ക്ക് വിവിധ യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.

Author

Scroll to top
Close
Browse Categories