ഗുരുവിന്റെ ദീര്‍ഘദൃഷ്ടി ചിലര്‍ക്ക് മനസിലാകുന്നില്ല

എസ്.എന്‍.ഡി.പി യോഗം കുന്നത്തുനാട് യൂണിയനില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സ്‌കോളര്‍ഷിപ്പ് വിതരണവും യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂര്‍: കുലംകുത്തികള്‍ കാരണം ഈഴവരെ സംഘടിത ശക്തിയാക്കി മാറ്റാന്‍ സാധിക്കാത്തതാണ് സമുദായത്തിന് സാമൂഹ്യനീതി നിഷേധിക്കപ്പെടാന്‍ കാരണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കുന്നത്തുനാട് യൂണിയനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും വളരെ ദീര്‍ഘദൃഷ്ടിയോടെയാണ് ഗുരുദേവന്‍ അരുളിചെയ്തത്. പക്ഷേ സമുദായത്തിലുള്ള ചിലര്‍ക്ക് അക്കാര്യം മനസ്സിലാകാതെ പോയി. മറ്റു സമുദായങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് അവകാശങ്ങള്‍ ചോദിച്ചു വാങ്ങി സാമൂഹ്യനീതി നേടിയപ്പോള്‍ ഈഴവ സമുദായത്തിന് ഒന്നും നേടാന്‍ കഴിഞ്ഞില്ല.

വിദ്യാഭ്യാസ ഉന്നതിക്കുവേണ്ടി ഈഴവ സമുദായത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി ആര്‍. ശങ്കര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ച് സാഹചര്യം ഒരുക്കിയെങ്കിലും തുടര്‍ന്നു വന്ന സര്‍ക്കാരുകളില്‍ നിന്നൊന്നും ഈഴവ സമുദായത്തിന് വിദ്യാഭ്യാസ നീതി ലഭിച്ചില്ല സംഘടനാപരമായ ദൗര്‍ബല്യമാണ് നമുക്ക് പറ്റിയത്.

മറ്റുള്ളവരേക്കാള്‍ സമുദായത്തിനുള്ളിലെ തന്നെ കുലംകുത്തികളാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ ശത്രുക്കളെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യൂണിയന്‍ അഡ് മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. കര്‍ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കണ്‍വീനര്‍ ഹരിവിജയന്‍, കമ്മിറ്റി അംഗങ്ങളായ ടി.എന്‍. സദാശിവന്‍. വിപിന്‍ കോട്ടക്കുടി, ജയന്‍ പാറപ്പുറം, അനില്‍ വളയന്‍ചിറങ്ങര, സുനില്‍ പാലിശേരി, ബിജു വിശ്വനാഥന്‍, കടയിരുപ്പ് ശ്രീനാരായണഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ഡോ. ആര്‍. അനിലന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിസ് മൂത്തേടന്‍, എസ്.എന്‍.ഡി.പി യോഗം കാലടി ശാഖാ വൈസ്പ്രസിഡന്റ് ചന്ദ്രന്‍ എന്നിവര്‍ മോട്ടിവേഷന്‍ ക്ലാസ് നയിച്ചു.

Author

Scroll to top
Close
Browse Categories