ഗുരുവചനം പ്രാവര്‍ത്തികമാക്കിയാല്‍ സാമൂഹ്യനീതി ലഭ്യമാകും
കട്ടപ്പന: ഗുരുവചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ സാമൂഹ്യനീതി ലഭ്യമാകുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയന് സുവര്‍ണജൂബിലി ആഘോഷസമാപനവും, ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനവും ഗുരുദേവ കീര്‍ത്തി സ്തംഭത്തിന് ലഭിച്ച ഡോ. അബ്ദുള്‍കലാം ലോകറെക്കാഡ് പുരസ്കാര പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുരുപറഞ്ഞതു പോലെ സംഘടിച്ചു ശക്തരായിരുന്നെങ്കില്‍ നമുക്ക് സാമൂഹ്യനീതി ലഭ്യമാകുമായിരുന്നു.
ഒന്നായി നിന്ന സമുദായങ്ങളെല്ലാം നന്നായിട്ടുണ്ട്. എന്നാല്‍ ഒന്നായി നില്ക്കാന് തയ്യാറാകാത്തതിനാലാണ് ഈഴവ സമുദായം നന്നാകാത്തത്. എസ്.എന്‍.ഡി.പി യോഗത്തില്‍ നല്ല മാറ്റങ്ങള്‍ വരാന്‍ സ്ഥാപിത താത്പര്യക്കാര്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡംഗം പ്രീതിനടേശന്‍ അനുഗ്രഹപ്രഭാഷണം നടത്തി.യൂണിയന് പ്രസിഡന്റ് ബിജുമാധവന്‍ അദ്ധ്യക്ഷനായിരുന്നു. യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് പച്ചയില്‍ സന്ദീപ് ജുബിലി പതിപ്പ് പ്രകാശിപ്പിച്ചു. സ്വാമി ഗുരുപ്രകാശം അനുഗ്രഹപ്രഭാഷണം നടത്തി.
കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്. ബാബുരാജ് സന്ദേശം നല്കി. വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കൃഷ്ണകുമാരി, കേന്ദ്രസമിതി സെക്രട്ടറി സംഗീതവിശ്വനാഥന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.