സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹ്യനീതി
കട്ടപ്പനയില്‍ വനിതാസംഘം കേന്ദ്രകമ്മിറ്റി നേതൃപഠനശിബിരം
കട്ടപ്പന: സ്ത്രീ ശാക്തീകരണത്തിലൂടെ സാമുദായിക ശക്തി സമാഹരിച്ചു വോട്ട് ബാങ്കായാല്‍ മാത്രമേ സാമൂഹ്യനീതി നേടാനാകുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം വനിതാസംഘം കേന്ദ്രകമ്മിറ്റി നേതൃപഠനശിബിരം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ കാലം കഴിയുംതോറും രാഷ്ട്രീയത്തില്‍ ഈഴവരുടെ പ്രാതിനിധ്യം കുറഞ്ഞുവരികയാണ്. ഇടതുപക്ഷത്തിന് ലഭിക്കുന്ന വോട്ടില്‍ മഹാഭൂരിപക്ഷവും ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗത്തിന്റേതാണ്. എന്നാല്‍ ഇടതുപക്ഷത്ത് പോലും വേണ്ടത്ര പ്രാതിനിധ്യം നമുക്കില്ല. യു.ഡി.എഫില്‍ സ്ഥിതി അതിലും മോശമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ മത്സരിക്കുമ്പോള്‍ നമുക്ക് കിട്ടുന്നത് തൊഴിലുറപ്പ്, പെന്‍ഷന്‍, കിറ്റ് എന്നിവ മാത്രമാണ്. അതുപോര, നമുക്കും ഭരണത്തില്‍ പങ്കാളിത്തം ഉണ്ടാകണം. സാമുദായിക നീതിയെന്നാല്‍ സാമൂഹിക നീതിയാണ്. അതിന് വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും സാമ്പത്തികത്തിലും ഒരു പോലെ നീതി കിട്ടണം. ഇതിന് സ്ത്രീ ശാക്തീകരണത്തിലൂടെ സ്ത്രീകള്‍ക്ക് ഒരുപാട് പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രവനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. മലനാട് യൂണിയന്‍ വൈസ്പ്രസിഡന്റ് വിധു സോമന്‍ പ്രാര്‍ത്ഥന ചൊല്ലി. യോഗം കൗണ്‍സിലര്‍മാരായ ബേബിറാമും ഷീബടീച്ചറും മുഖ്യപ്രഭാഷണം നടത്തി. യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ എസ്. രവീന്ദ്രന്‍ ഇഴമറ്റൂര്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യോഗനാദം ചീഫ് ഓര്‍ഗനൈസര്‍ പി.വി. രജിമോന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.ആര്‍. മുരളീധരന്‍, എംപ്ലോയീസ്‌ഫോറം പ്രസിഡന്റ് അജുലാല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
കേന്ദ്രവനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥന്‍ സ്വാഗതവും, ട്രഷറര്‍ ഗീതമധു നന്ദിയും പറഞ്ഞു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് ‘എസ്.എന്‍.ഡി.പി യോഗത്തിന്റെ കാലിക പ്രസക്തി’ എന്ന വിഷയത്തിലും യോഗം കൗണ്‍സിലര്‍ ഷീബടീച്ചര്‍ ‘ഗുരുമൊഴികള്‍ നല്‍കുന്ന മധുര മന്ത്രണം’ എന്ന വിഷയത്തിലും ക്ലാസ് നയിച്ചു.
ചടങ്ങില്‍ യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ രവീന്ദ്രന്‍ എഴുമാറ്റൂര്‍, കേന്ദ്രവനിതാസംഘം ട്രഷറര്‍ ഗീതമധു, മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജുമാധവന്‍, സെക്രട്ടറിവിനോദ് ഉത്തമന്‍ എന്നിവരെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആദരിച്ചു. മുംബൈ താനെയില്‍ നിന്ന് പഠനശിബിരത്തില്‍ പങ്കെടുക്കാനെത്തിയ വനിതാസംഘം ഭാരവാഹികള്‍ ജനറല്‍ സെക്രട്ടറിക്ക് ഉപഹാരം സമര്‍പ്പിച്ചു.