എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ സാമൂഹിക നീതി ലഭ്യമാകണം
രാജ്യത്ത് എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ സാമൂഹിക നീതി ലഭ്യമാകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ശാഖകളുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളെ പങ്കെടുപ്പിച്ചുള്ള പരിശീലന ക്യാമ്പ് “ജ്ഞാനദീപ്തം 2022” തേക്കടി എസ്.എൻ. ഇന്റർനാഷണലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിലും സാമ്പത്തികത്തിലും രാഷ്ട്രീയത്തിലും ഒരു പോലെ നീതി വേണം എങ്കിൽ മാത്രമേ സ്ഥിതി സമത്വം സാദ്ധ്യമാകൂ. നമ്മൾ ഇത് പറഞ്ഞാൽ ജാതിയും മറ്റുള്ളവർ പറഞ്ഞാൽ നീതിയുമെന്ന നിലപാട് മാറണം. ഡോക്ടർ പൽപുവും കുമാരനാശാനും മുൻകൈയെടുത്ത് പടുത്തുയർത്തിയ എസ്.എൻ.ഡി. പി യോഗം അധഃസ്ഥിത വർഗ്ഗത്തിന്റെ മോചനത്തിന് വേണ്ടി ത്യാഗം അനുഭവിച്ച് പ്രവർത്തിച്ചതിന്റെ ഫലമായാണ് കേരളത്തിലെ ഏറ്റവും ശക്തമായ പ്രസ്ഥാനമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തി. വാഴൂർ സോമൻ എം.എൽ.എ വിശിഷ്ടാതിയായും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യാതിഥിയായും പങ്കെടുത്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ജി.ബിജു നന്ദിയും പറഞ്ഞു. യൂണിയൻ കൗസിലർമാരായ ബിജു മേത്താനം, രാജേഷ് കുമാർ, അനിൽ ചക്രപാണി, മനോജ് ഗോപാൽ, സരസൻ, പഞ്ചായത്ത് കമ്മിറ്റി അംഗം കെ.എൻ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.യോഗം കൗൺസിലർ പി.ടി. മൻമഥൻ, മേട്ടിവേഷൻ ട്രെയിനർ അഡ്വ.ബെന്നി കുര്യൻ എന്നിവർ ക്ലാസ്സുകൾ എടുത്തു. തുടർന്ന് കലാസന്ധ്യയും നടന്നു.