കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളില്‍ ‘വിദ്യാലയം വീട്ടിലേക്ക്’ പദ്ധതി

കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ‘വിദ്യാലയം വീട്ടിലേക്ക്’ പരിപാടിയുടെ ഉദ്ഘാടനം കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു.

ചേര്‍ത്തല: വിദ്യാലയം നാടിന്റെ കേന്ദ്രബിന്ദുവാണെന്നും വിദ്യാലയം വളരുമ്പോള്‍ നാട് വളരുമെന്നും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ‘വിദ്യാലയം വീട്ടിലേക്ക്’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ മാനേജര്‍ ഡി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അദ്ധ്യാപക, വിദ്യാര്‍ത്ഥി ബന്ധത്തിലെ വിടവാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വീടുകളിലെത്തി വിദ്യാര്‍ത്ഥികളുടെ ജീവിതസാഹചര്യം മനസ്സിലാക്കി പഠനം ക്രമീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, പി.ടി.എ. മനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ വിവിധ ഗ്രൂപ്പുകളായി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും ഓരോ കുട്ടിയുടെയും ജീവിതനിലവാരം വിലയിരുത്തി ഡേറ്റാ തയ്യാറാക്കുകയും ചെയ്യും. തുടര്‍ന്ന് കുടുംബാന്തരീക്ഷത്തിലെ പോരായ്മ കാരണം പഠനത്തില്‍ പിന്നിലാവുന്ന കുട്ടികള്‍ക്ക് പരിഗണന നല്‍കി മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രാദേശിക ക്ലസ്റ്റര്‍ രൂപീകരിച്ച് അദ്ധ്യാപക, രക്ഷാകര്‍തൃ യോഗങ്ങള്‍ നടത്തും. കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ ക്ലാസുകള്‍ നടത്തുക, കുട്ടികളെ വീട്ടിലെത്തി ആദരിക്കുക, പഠനം കഴിഞ്ഞവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് വിവിധ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ സാധിക്കുന്ന വിധത്തില്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമായി നടക്കും. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇ.ജി. ബാബു പദ്ധതി വിശദീകരിച്ചു. ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, ജോയിന്റ് സെക്രട്ടറി വി.കെ. മോഹനദാസ്, സ്‌കൂള്‍ കമ്മിറ്റി അംഗങ്ങളായ പി. പ്രകാശന്‍, പി. ശിവാനന്ദന്‍, പ്രഥമാദ്ധ്യാപകരായ കെ.പി. ഷീബ, ലിഡ ഉദയന്‍, രജനീ രവീന്ദ്രന്‍, ഗേള്‍സ് സ്‌കൂള്‍ എച്ച്.എം.എസ്. സുജീഷ.

പി.ടി.എ. പ്രസിഡന്റുമാരായ പ്രദീപ് പോത്തന്‍, വിശ്വനാഥന്‍, കണ്‍വീനര്‍ സുരാഗ് എസ്. ശേഖര്‍ എന്നിവര്‍ സംസാരിച്ചു.

Author

Scroll to top
Close
Browse Categories